യൂറോപ്പിൽ കുരങ്ങുപനി (Monkeypox) റിപ്പോർട്ട് ചെയ്തത് ലോകത്തെ ആശങ്കയിലാഴ്ത്തുകയാണ്. നിലവിൽ യുകെ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലാണ് കുരങ്ങുപനി റിപ്പോർട്ട് ചെയ്തത്. പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിൽ (Central Africa) മാത്രം കണ്ട് വന്നിരുന്ന ഈ രോഗം യൂറോപ്പിലേക്കും (Europe) വ്യാപിച്ചത് വളരെ ഗൗരവമായി കണക്കിലെടുക്കേണ്ട വിഷയമാണെന്ന് വിദഗ്ദർ വിലയിരുത്തുന്നു. വളരെ അപൂർവമായി മാത്രമാണ് ഈ രോഗം ആഫ്രിക്കയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രോഗലക്ഷണങ്ങൾ
കുരങ്ങുപനി വൈറസ് മൂലമുണ്ടാവുന്ന രോഗമാണ്. പനി തന്നെയാണ് ഇതിന്റെ പ്രാഥമിക ലക്ഷണം. ശരീരത്തിൽ അങ്ങിങ്ങായി തടിപ്പും ചുണങ്ങും രൂപപ്പെടുന്നതാണ് മറ്റൊരു പ്രധാന രോഗലക്ഷണം. സാധാരണഗതിയിൽ കുരങ്ങുപനി അത്ര ഗുരുതരമാവാറില്ല. രണ്ട് രീതിയിലുള്ള കുരങ്ങുപനികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നാമത്തേത് കോംഗോ കുരങ്ങുപനിയാണ്. ഇത് കൂടുതൽ ഗുരുതരമാവാറുണ്ട്. 10 ശതമാനം വരെ മരണനിരക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കൻ വർഗത്തിൽ പെടുന്ന കുരങ്ങുപനി അത്ര പൊതുവിൽ ഗുരുതരമാവാറില്ല. 1 ശതമാനം മാത്രമാണ് മരണനിരക്ക്. യുകെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പടിഞ്ഞാറൻ ആഫ്രിക്കൻ കുരങ്ങുപനിയാണ്.
Also Read-
മങ്കിപോക്സ് കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ
“ചരിത്രത്തിൽ ഇത് വരെ വളരെ കുറച്ച് കേസുകൾ മാത്രമാണ് പുറത്തേക്ക് വ്യാപിച്ചിട്ടുള്ളത്. ഈ വർഷത്തിന് മുമ്പ് എട്ട് തവണ മാത്രമാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്,” ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻറ് ട്രോപ്പിക്കൽ മെഡിസിനിലെ ഇൻറർനാഷണൽ പബ്ലിക് ഹെൽത്ത് പ്രൊഫസറായ ജിമ്മി വിറ്റ‍് വർത്ത് പറഞ്ഞു. യൂറോപ്പിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തത് വളരെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോർച്ചുഗലിൽ ഇത് വരെ 5 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്പെയിനിൽ 23 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളിലും ഇത് വരെ കുരങ്ങുപനി ഉണ്ടായിരുന്നില്ല.
പകരുന്നത് എങ്ങനെ?
മൃഗങ്ങളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വളരെ അടുത്ത ബന്ധത്തിലൂടെയും രോഗം പകരും. 1958ൽ കുരങ്ങുകളിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. അത് കൊണ്ട് തന്നെയാണ് കുരങ്ങുപനി എന്ന് പേരിട്ടിരിക്കുന്നത്.
ഇപ്പോൾ രോഗം പകരുന്ന രീതി എങ്ങനെയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. യുകെയിൽ മെയ് 18 വരെ 9 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവരാരും തമ്മിൽ പരസ്പരം യാതൊരു ബന്ധവുമില്ല. മെയ് ആറിന് ആദ്യമായി രോഗം വന്നയാൾ നൈജീരിയ സന്ദർശിച്ചിരുന്നു.
കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയിട്ടുണ്ടാവുമെന്നും ഇത് ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിൽ രോഗം വന്നവരിൽ ഭൂരിപക്ഷവും ഗേ, ബൈ സെക്ഷ്വൽ, എന്നിവരിലാണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കുന്നു. ഇത്തരം ആളുകൾ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവരിൽ രോഗം പകരുന്നതിന് ശാസ്ത്രീയമായി എന്തെങ്കിലും കാരണം ഉണ്ടോയെന്ന് മെഡിക്കൽ ലോകം പഠനം നടത്തുകയാണ്.
എന്ത് കൊണ്ട് ഇപ്പോൾ?
കൊവിഡ് നിയന്ത്രണങ്ങൾ എടുത്ത് മാറ്റിയതിന് ശേഷം ലോകത്തിൻെറ എല്ലാ ഭാഗങ്ങളിലേക്കുമുള്ള സഞ്ചാരം കൂടിയതോടെയാവും രോഗം വ്യാപിച്ചതെന്നാണ് നിഗമനം. വസൂരി വിഭാഗത്തിൽ പെടുന്നതാണ് കുരങ്ങുപനിയെന്നത് ആരോഗ്യരംഗത്തെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. 1980ൽ വസൂരി ലോകത്ത് നിന്ന് നിർമ്മാർജ്ജനം ചെയ്തിട്ടുള്ള രോഗമാണ്. വസൂരിക്കെതിരായ വാക്സിനേഷൻ കുരങ്ങുപനിക്കെതിരെയും ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്. കൊവിഡ് പോലെ രാജ്യവ്യാപകമായി പടരാൻ സാധ്യതയില്ലാത്ത രോഗമാണ് കുരങ്ങുപനി. എങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യസംഘടനകളുടെ മുന്നറിയിപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.