• HOME
  • »
  • NEWS
  • »
  • explained
  • »
  • Explained | കോവിഡ് വാക്സിൻ കൈയുടെ മുകൾഭാഗത്ത് കുത്തിവെയ്ക്കുന്നതിന്റെ കാരണമെന്ത്?

Explained | കോവിഡ് വാക്സിൻ കൈയുടെ മുകൾഭാഗത്ത് കുത്തിവെയ്ക്കുന്നതിന്റെ കാരണമെന്ത്?

കോവിഡ് 19 വാക്സിനുകൾ കൈയുടെ മുകൾഭാഗത്ത് മാത്രം കുത്തിവെയ്ക്കാനുള്ള കാരണം എന്താണ്?

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കോവിഡ് 19-ന്റെ രണ്ടാം തരംഗത്തിലൂടെ ഇന്ത്യ കടന്നുപോകുമ്പോൾ കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും എത്രയും പെട്ടെന്ന് ജനങ്ങളെ മുഴുവൻ വാക്സിനേറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ്. കോവിഡ് വാക്സിനുകൾ കൈയുടെ മുകളിലായാണ് കുത്തിവെയ്ക്കാറുള്ളത്. അത് എന്തുകൊണ്ടാണെന്ന് അറിയാൻ ആഗ്രഹമുണ്ടോ?

    കോവിഡ് 19 വാക്സിനുകൾ കൈയുടെ മുകൾഭാഗത്ത് മാത്രം കുത്തിവെയ്ക്കാനുള്ള കാരണം എന്താണ്?

    മിക്കവാറും വാക്സിനുകളും പേശികളിലാണ് കുത്തിവെയ്ക്കാറുള്ളത്.  ആന്റിജനെ തിരിച്ചറിയാൻ കഴിയുന്ന, രോഗപ്രതിരോധവുമായി ബന്ധപ്പെട്ട പ്രധാന കോശങ്ങൾ പേശികളിലാണ് ഉള്ളത് എന്നതാണ് അതിന്റെ കാരണം. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണത്തെ ഉത്തേജിപ്പിക്കുന്ന, വൈറസിന്റെയോ ബാക്റ്റീരിയയുടെയോ ചെറിയൊരു അംശമാണ് ആന്റിജൻ. എന്നാൽ, കോവിഡ് വാക്സിന്റെ കാര്യത്തിൽ അത് ആന്റിജനെ നേരിട്ട് കുത്തിവെയ്ക്കുന്നില്ല, മറിച്ച് ആന്റിജൻ ഉത്പാദിപ്പിക്കാനുള്ള ഒരു ബ്ലൂപ്രിന്റ് മാത്രമാണ് കുത്തിവെയ്ക്കുന്നത്. അതുകൊണ്ട് വാക്സിൻ തോളിലെ നല്ല കട്ടിയുള്ള പേശികളിൽ കുത്തിവെയ്ക്കുന്നു. കൈയുടെ മുകൾ ഭാഗത്ത് കുത്തിവെച്ചാൽ വേദനയും കുറവായിരിക്കും എന്നാണ് പലരുടെയും അനുഭവസാക്ഷ്യം. മാത്രമല്ല, പേശികൾ വാക്സിനുകളുടെ പ്രവർത്തനത്തെയോ പ്രതിപ്രവർത്തനത്തെയോ ഒരു പ്രത്യേക പ്രദേശത്ത് മാത്രമാക്കി നിയന്ത്രിച്ചു നിർത്തുന്നു.

    കോവിഡ് 19 വാക്സിൻ പ്രവർത്തിക്കുന്നത് എങ്ങനെ?

    കൈയുടെ മുകൾഭാഗത്തായി വാക്സിൻ കുത്തിവെച്ചതിനു ശേഷം ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിജനുകളെ പ്രതിരോധ കോശങ്ങൾ തൊട്ടടുത്ത ലിംഫ് നോഡിലേക്ക് എത്തിക്കുന്നു. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് ഒട്ടേറെ പ്രതിരോധ കോശങ്ങൾ അടങ്ങിയിട്ടുള്ള ലിംഫ് നോഡുകൾ. തുടർന്ന് ഈ ലിംഫ് നോഡുകൾ ആന്റിബോഡികളെ ഉത്പാദിപ്പിച്ചുകൊണ്ട് പ്രതിരോധ പ്രവർത്തനം ആരംഭിക്കുന്നു. ഈ പ്രത്യേക കോശങ്ങൾ ടി കോശങ്ങൾ എന്നും ബി കോശങ്ങൾ എന്നും അറിയപ്പെടുന്ന ശ്വേത രക്താണുക്കളെ കൊറോണ വൈറസ് ബാധിച്ചിട്ടുള്ള കോശങ്ങളെ നശിപ്പിക്കുന്ന 'കൊലയാളി കോശങ്ങൾ' ആക്കി മാറ്റുകയോ അല്ലെങ്കിൽ ആന്റിബോഡികളുടെ വാഹകരാക്കി മാറ്റുകയോ ചെയ്യുന്നു.

    Also Read-എന്‍ 95 മാസ്‌കിനടിയില്‍ മറ്റു മാസ്‌ക്കുകള്‍ ധരിക്കരുത്; എന്‍ 95 മാസ്‌ക് ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

    ലിംഫ് നോഡുകളുടെ സമൂഹം നിലകൊള്ളുന്ന പ്രദേശത്തിന് സമീപത്തായാണ് മിക്കവാറും വാക്സിനുകളും കുത്തിവെയ്ക്കാറുള്ളത്. അതിനാൽ, കക്ഷത്തിന് താഴെയായി നിലകൊള്ളുന്ന ലിംഫ് നോഡുകൾക്ക് സമീപമുള്ള ഡെൽറ്റോയ്ഡ് എന്ന, തോളിലെ പേശികളിലാണ് മിക്കവാറും വാക്സിനുകളും കുത്തിവെയ്ക്കാറുള്ളത്. ഡെൽറ്റോയ്ഡ് പേശിയിൽ വാക്സിൻ കുത്തിവെയ്ക്കുന്നത് ചെറിയ വീക്കത്തിനോ വേദനയ്‌ക്കോ കാരണമായേക്കാം. പേശിയുടെ വലിപ്പമാണ് വാക്സിൻ കുത്തിവെയ്ക്കുന്ന ഇടത്തെ സംബന്ധിച്ച് പരിഗണിക്കപ്പെടുന്ന മറ്റൊരു ഘടകം. അതിനാലാണ് മൂന്ന് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും മുതിർന്നവർക്കും കൈയുടെ മുകളിലെ ഡെൽറ്റോയ്ഡ് പേശിയിൽ വാക്സിൻ കുത്തിവെക്കുന്നത്.

    എന്നാൽ വളരെ ചെറിയ കുട്ടികളിൽ തുടയുടെ മധ്യഭാഗത്തായാണ് വാക്സിൻ കുത്തിവെയ്ക്കാറുള്ളത്. അവരുടെ കൈയിലെ പേശികൾ ചെറുതും അധികം വികാസം പ്രാപിച്ചിട്ടില്ലാത്തവയുമാണ് എന്നതാണ് അതിന് കാരണം.
    Published by:Asha Sulfiker
    First published: