അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകര്‍ന്ന നടൻ ഇന്നസെന്റ് വിടവാങ്ങുമ്പോള്‍ മലയാള സിനിമയക്ക് തീരാനഷ്ടം കൂടിയാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും സഹപ്രവർത്തകർക്ക് താങ്ങായി നിന്ന ഇന്നസെന്‍റ് തനിക്ക് ആരായിരുന്നുവെന്ന് പറയുകയാണ് ദിലീപ്.
”കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു” ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു.
Also Read-Actor Innocent | നടൻ ഇന്നസെന്റ് അന്തരിച്ചു
അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ ഒപ്പമുണ്ടായിരുന്ന ഇന്നസെന്റിനെ ദിലീപ് ഓർക്കുന്നു. ”ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും” ദിലീപ് കുറിച്ചു.
കൊച്ചിയിലെ ആശുപത്രിയില്‍ രാത്രി 10.30 നായിരുന്നു ഇന്നസെന്‍റിന്‍റെ അന്ത്യം. മാർച്ച് മൂന്നിനാണ് ഇന്നസെന്‍റിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്. കാൻസർ സംബന്ധിയായ ആരോഗ്യപ്രശ്നങ്ങൾ മൂലം ഗുരുതരാവസ്ഥയിലായിരുന്നു.
ദിലീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു… ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു… കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ… വാക്കുകൾ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor innocent, Dileep, Innocent passes away