നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു; അന്ത്യം പത്തനാപുരം ഗാന്ധിഭവനിൽ
Last Updated:
അക്കാദമി പ്രതിനിധികൾ ഗാന്ധിഭവനിലെത്തിയാണ് തങ്കത്തിന് പുരസ്‌കാരം സമ്മാനിച്ചത്.
പത്തനാപുരം: ഗായികയും നാടക - ചലച്ചിത്ര നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന പാല തങ്കം (84) അന്തരിച്ചു. ഏറെ നാളുകളായി പത്തനാപുരം ഗാന്ധിഭവനില്‍ പാലിയേറ്റീവ് കെയര്‍ വിഭാഗത്തിൽ വാർദ്ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി 7.35നാണ് തങ്കം വിട പറഞ്ഞത്.
കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ ശരത്ചന്ദ്രഭവനില്‍ കുഞ്ഞുക്കുട്ടന്‍ - ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകളായി 1941 ഫെബ്രുവരി 26ന് ജനിച്ച രാധാമണി പില്‍ക്കാലത്ത് പാലാ തങ്കം എന്ന പേരില്‍ കലാരംഗത്ത് അറിയപ്പെടുകയായിരുന്നു. ഏഴാംതരം വരെ മാത്രം പഠിച്ചിട്ടുള്ള ഈ കലാകാരി ജോണ്‍ ഭാഗവതര്‍, രാജഗോപാലന്‍ ഭാഗവതര്‍, വിജയന്‍ ഭാഗവതര്‍ എന്നിവരുടെ ശിക്ഷണത്തില്‍ പത്തു വയസ്സുള്ളപ്പോള്‍ മുതല്‍ സംഗീതപഠനത്തില്‍ ശ്രദ്ധയൂന്നി. തുടര്‍ന്ന് ചങ്ങനാശ്ശേരിയില്‍ എല്‍ പി ആര്‍ വര്‍മ്മയുടെ ശിക്ഷണത്തില്‍ സംഗീതപഠനം നടത്തി.
You may also like:ഏഷ്യാനെറ്റിലെ ആദ്യത്തെ 'മുൻഷി' ശിവശങ്കര കുറുപ്പ് അന്തരിച്ചു [NEWS]പിജെ ജോസഫിന്‍റെ പിന്‍ഗാമിയാവാന്‍ അപു ജോണ്‍ ജോസഫ്; ഇത്തവണ തിരുവമ്പാടിയില്‍ മത്സരിക്കും [NEWS]NCPയിൽ പാലായെ ചൊല്ലിയുള്ള തർക്കം എലത്തൂരിലേക്കും; ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ടി.പി പീതാംബരൻ [NEWS] പതിനഞ്ചാമത്തെ വയസ്സില്‍ ആലുവ അജന്ത സ്റ്റുഡിയോ ഉടമ ആലപ്പി വിന്‍സെന്റിന്റെ 'കെടാവിളക്ക്' എന്ന ചിത്രത്തില്‍ 'താരകമലരുകള്‍ വാടി, താഴത്തുനിഴലുകള്‍ മൂടി...' എന്ന ഗാനം പാടി മലയാള സിനിമാരംഗത്തേക്കു കടന്നു. ചെന്നൈയിലായിരുന്നു റെക്കോര്‍ഡിംഗ്.
advertisement
തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്കും നാടകങ്ങള്‍ക്കും പാടി. പാലായിലെ പള്ളികളിലെയും അമ്പലങ്ങളിലെയും ഏകാംഗ നാടകങ്ങളിലൂടെ ആയിരുന്നു നാടകരംഗത്തേക്കുള്ള കടന്നുവരവ്. നാടകങ്ങള്‍ക്ക് പ്രധാന കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത് തങ്കമായിരുന്നു.
എന്‍ എൻ പിള്ളയുടെ 'മൗലികാവകാശം' എന്ന നാടകത്തില്‍ എൻ എന്‍ പിള്ളയുടെയും കല്യാണിക്കുട്ടിയുടെയും മകളായി അഭിനയിച്ചാണ് പ്രൊഫഷണല്‍ നാടകരംഗത്തേക്ക് കടന്നുവന്നത്.
വിശ്വകേരള കലാസമിതി, ചങ്ങനാശ്ശേരി ഗീഥ, പൊന്‍കുന്നം വര്‍ക്കിയുടെ കേരള തീയറ്റേഴ്‌സ് എന്നിവിടങ്ങളിലും തുടര്‍ന്ന് കെ പി എ സിയിലും എത്തി. കെ പി എ സിയില്‍ അഭിനയിച്ച ആദ്യനാടകം 'ശരശയ്യ'യാണ്. കെ പി ഉമ്മര്‍, സുലോചന, അടൂര്‍ ഭവാനി, കൃഷ്ണപിള്ള എന്നിവരോടൊപ്പവും കെ പി എ സിയുടെ പഴയ നാടകങ്ങളില്‍ കെ എസ് ജോർജിനോട് ഒപ്പവും അഭിനയിച്ചിട്ടുണ്ട്.
advertisement
'അന്വേഷണം' എന്ന സിനിമക്കു വേണ്ടി എസ് ജാനകിക്കൊപ്പം പാടി. സിനിമ അഭിനയത്തിലേക്കുള്ള ആദ്യ കാല്‍വെയ്പ്പ് 'കെടാവിളക്കി'ലായിരുന്നു. ഈ സിനിമയിലെ വിളക്കു കത്തിക്കുന്ന സീനില്‍ തിരി തെളിച്ചുകൊണ്ടായിരുന്നു തങ്കത്തിന്റെ പ്രവേശം. വാസു സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം.
ഉദയ സ്റ്റുഡിയോയില്‍ 'റബേക്ക'യില്‍ അഭിനയിക്കുന്നതിനൊപ്പം ഇതേ ചിത്രത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായി. ബി എസ് സരോജക്കും ഗ്രേസിക്കുമാണ് ശബ്ദം നല്‍കിയത്. ആലപ്പി വിന്‍സെന്റ് പടങ്ങളിലും ഭാസ്‌കരന്‍ മാസ്റ്ററുടെ 'തുറക്കാത്ത വാതിലിലും' അഭിനയിച്ചു. ശാരദ, സത്യന്‍, രാഗിണി തുടങ്ങിയവരുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. ശശികുമാറിന്റെ 'ബോബനും മോളി'ക്കുമായി ബേബി സുമതിക്കും മാസ്റ്റര്‍ ശേഖറിനും ശബ്ദം നല്‍കിയതും പാലാ തങ്കമാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ചിത്രങ്ങളും ഇതില്‍പ്പെടും.
advertisement
തങ്കത്തിന്റെ ഭര്‍ത്താവ് കേരള പൊലീസില്‍ എസ് ഐ ആയിരുന്ന ശ്രീധരന്‍ തമ്പി 25 വര്‍ഷം മുമ്പ് മരിച്ചു. മക്കള്‍-രണ്ടാണും ഒരു പെണ്ണും. മകള്‍ പരേതയായ അമ്പിളി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയിരുന്നു. ഗാന്ധിഭവനിലെ സ്ഥിരം സന്ദര്‍ശകയായ കെ പി എ സി ലളിതയുടെ ശുപാര്‍ശ പ്രകാരമാണ് 2013 സെപ്റ്റംബര്‍ അഞ്ചിന് തങ്കം ഗാന്ധിഭവനില്‍ എത്തിയത്.
അവര്‍ താരസംഘടന - അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് പോകുകയും ഇടക്ക് സീരിയുകളില്‍ വേഷമിടുകയും ചെയ്തിരുന്നു. ഗാന്ധിഭവനില്‍ പ്രഭാത പ്രാര്‍ത്ഥന മുടക്കാത്ത തങ്കം ഇവിടുത്തെ സന്ദര്‍ശകരെ സ്വീകരിക്കുന്നതിനും അവര്‍ക്ക് പ്രാര്‍ത്ഥനാസമ്മാനങ്ങള്‍ നല്‍കുന്നതിനും കലാ സാസ്‌കാരിക പരിപാടികളില്‍ പങ്കാളിത്തം വഹിക്കാനും മുമ്പന്തിയിലുണ്ടായിരുന്നു. അമ്മ സംഘടന നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ അയ്യായിരം രൂപ മുടങ്ങാതെ ലഭിച്ചിരുന്നു. എന്നാല്‍, ചലച്ചിത്രലോകത്തെ തന്റെ സഹോദരങ്ങള്‍ തന്നെ കാണാന്‍ എത്തുമെന്ന അവരുടെ പ്രതീക്ഷ അസ്ഥാനത്തായി.
advertisement
കേരള സംഗീതനാടക അക്കാദമി 2018ൽ ഗുരുപൂജാ പുരസ്‌കാരം നൽകി ആദരിച്ചു. അക്കാദമി പ്രതിനിധികൾ ഗാന്ധിഭവനിലെത്തിയാണ് തങ്കത്തിന് പുരസ്‌കാരം സമ്മാനിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 10, 2021 10:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു; അന്ത്യം പത്തനാപുരം ഗാന്ധിഭവനിൽ