കോഴിക്കോട്: മകന്‍ അപു ജോണ്‍ ജോസഫിനെ സജീവരാഷ്ട്രീയത്തിൽ ഇറക്കാൻ ഒരുങ്ങി പി ജെ ജോസഫ്. നിയമസഭ തെരഞ്ഞെടുപ്പില്‍ അപുവിനെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാനാണ് ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം. നിലവിൽ പി ജെ ജോസഫ് നയിക്കുന്ന ഗാന്ധി സ്റ്റഡി സെന്റർ വൈസ് ചെയർമാനാണ് അപു ജോൺ ജോസഫ്. പി ജെ ജോസഫ് മകനെ സജീവരാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നെന്ന സൂചനകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും മത്സരിക്കുമോയെന്ന് വ്യക്തത ഉണ്ടായിരുന്നില്ല.
എന്നാല്‍, അപു ജോസഫ് തിരുവമ്പാടിയില്‍ മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് പി ജെ ജോസഫിനോട് അടുത്ത കേന്ദ്രങ്ങള്‍. അപു തിരുവമ്പാടിയില്‍ മത്സരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരമെന്നും പി ജെ ജോസഫിനോട് മലബാറിലെ ജില്ലാ കമ്മിറ്റികള്‍ ഇക്കാര്യം ഒറ്റക്കെട്ടായി ആവശ്യപ്പെടുമെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ അധ്യക്ഷന്‍ പി എം ജോര്‍ജ് പറഞ്ഞു. അപു മത്സരിക്കാനിറങ്ങിയാല്‍ പാര്‍ട്ടിക്ക് അത് പുത്തന്‍ ഉണര്‍വാകുമെന്നും തിരുവമ്പാടി ഇത്തവണ എൽ ഡി എഫില്‍ നിന്ന് തിരിച്ചു പിടിക്കാനാകുമെന്നും പി എം ജോര്‍ജ് പറഞ്ഞു.
തിരുവമ്പാടിക്ക് പകരം മൂന്ന് മണ്ഡലങ്ങള്മലയോരമേഖലയായ തിരുവമ്പാടി ക്രൈസ്തവ സഭയുടെ പിന്തുണയോടെ പിടിക്കാമെന്നാണ് ജോസഫിന്റെ കണക്കുകൂട്ടല്‍. മുസ്ലിം ലീഗ് മത്സരിക്കുന്ന തിരുവമ്പാടി, പേരാമ്പ്രയുമായി വെച്ചു മാറാന്‍ ജോസഫ് വിഭാഗം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. മലബാറില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന ആലത്തൂരും തളിപ്പറമ്പും കോണ്‍ഗ്രസിനും വിട്ടു കൊടുക്കും. പേരാമ്പ്ര മണ്ഡലത്തില്‍ കാലങ്ങളായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ടെങ്കിലും ഒരു തവണ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. എന്നാല്‍, കുടിയേറ്റ കര്‍ഷകര്‍ക്ക് ശക്തമായ സ്വാധീനമുള്ള തിരുവമ്പാടി മണ്ഡലം അപുവിലൂടെ തിരിച്ചു പിടിക്കാനാവുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ അധ്യക്ഷന്‍ പി എം ജോര്‍ജ് പറഞ്ഞു.
![]()
മുസ്ലിം ലീഗിന് പേരാമ്പ്ര മണ്ഡലത്തില്‍ താല്‍പര്യവുമുണ്ട്. ക്രിസ്ത്യന്‍ മേഖലയില്‍ അടുത്തിടെയായി നടക്കുന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങളും തിരുവമ്പാടി വെച്ചുമാറാന്‍ മുസ്ലിം ലീഗിനെ പ്രേരിപ്പിക്കും. മണ്ഡലങ്ങള്‍ വെച്ചു മാറുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പിജെ ജോസഫ് തന്നെ ഇക്കാര്യം മുസ്ലിം ലീഗിനോട് ആവശ്യപ്പെടുമെന്നും ജോര്‍ജ് പറഞ്ഞു. മലബാറില്‍ ജയസാധ്യത കുറഞ്ഞ മൂന്ന് സീറ്റുകളില്‍ മത്സരിക്കുന്നതിന് പകരം അപുവിലൂടെ തിരുവമ്പാടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജോസഫ് വിഭാഗത്തിന്‍റെ പദ്ധതി.
തുടര്‍ക്കഥയാവുന്ന മക്കൾ രാഷ്ട്രീയംകേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളിലെല്ലാം മക്കൾ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ പിൻഗാമികളായി മക്കളെ തന്നെയാണ് പ്രധാന നേതാക്കളെല്ലാം കളത്തിൽ ഇറക്കിയിരുന്നത്. കെ എം മാണിയുടെ മകൻ ജോസ് കെ മാണി, ടി എം ജേക്കബിന്റെ മകൻ അനൂപ് ജേക്കബ്, ബാലകൃഷ്ണപിള്ളയുടെ മകൻ ഗണേഷ് കുമാർ, പി സി ജോർജിന്റെ മകൻ ഷോണ്‍ ജോർജ്, കെ എം ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജ് എന്നിങ്ങനെ മക്കൾ രാഷ്ട്രീയത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ കേരള കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ട്. എന്നാൽ, മക്കൾ രാഷ്ട്രീയത്തിന്റെ സ്വാധീനം ഇല്ല എന്നതായിരുന്നു അടുത്ത കാലംവരെ ജോസഫ് ഗ്രൂപ്പിന്‍റെ പ്രത്യേകത. അപു ജോണ്‍ ജോസഫ് വരുന്നതോടെ ജോസഫ് ഗ്രൂപ്പിലും മക്കൾ രാഷ്ട്രീയം ആവർത്തിക്കും. ജോസഫ് പക്ഷത്തെ പ്രമുഖ നേതാക്കള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.
കോണ്‍ഗ്രസ് വഴങ്ങുമോ?മലബാര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ അപു സജീവമായിട്ട് നാളുകളായി. പ്രധാനമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍. എന്നാല്‍, മുസ്ലിം ലീഗില്‍ നിന്ന് തിരുവമ്പാടി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിനും ആലോചനയുള്ളത് പ്രതിസന്ധിയാവാന്‍ സാധ്യതയുണ്ട്. കെ പി സി സി ഉപാധ്യക്ഷന്‍ ടി സിദ്ദിഖിന് താല്‍പര്യമുള്ള മണ്ഡലമാണ് തിരുവമ്പാടി. നേരത്തെ കുന്ദമംഗലത്ത് നിന്ന് പരാജയപ്പെട്ട സിദ്ദിഖിന് ഇത്തവണ സുരക്ഷിത മണ്ഡലം നല്‍കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. കര്‍ഷകസമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് സിദ്ദിഖ് മണ്ഡലത്തില്‍ സജീവവുമാണ്. അതിനിടെയാണ് തിരുവമ്പാടിയില്‍ അപു ജോസഫ് മത്സരിക്കുമെന്ന പരസ്യപ്രഖ്യാപനവുമായി ജോസഫ് വിഭാഗം രംഗത്തെത്തിയത്. എന്നാല്‍, സീറ്റ് വിഭജനവും വെച്ചുമാറലുമടക്കമുള്ള കാര്യങ്ങള്‍ ആദ്യം ചര്‍ച്ചയാവേണ്ടത് യു ഡി എഫിലാണെന്ന നിലപാടിലാണ് ഡി സി സി നേതൃത്വം. മുസ്ലിം ലീഗുമായി ജോസഫ് വിഭാഗം നേരിട്ട് നടത്തുന്ന ചര്‍ച്ചകളിലും കോണ്‍ഗ്രസിനും അതൃപ്തിയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.