സായ് പല്ലവിയുടെ പുതിയ ഗാനത്തിന് ചുവടുവെച്ച് മലയാളി താരം അനുപമ പരമേശ്വരൻ. ശേഖർ കമ്മുല സംവിധാനം ചെയ്ത് സായ് പല്ലവിയും നാഗചൈതന്യയും അഭിനയിച്ച പുതിയ ചിത്രം ലൗവ് സ്റ്റോറിയിലെ ഹിറ്റ് ഗാനമായ സാരംഗ ധരിയ എന്ന ഗാനത്തിനാണ് അനുപമ പരമേശ്വരൻ ചുവടുവെച്ചത്.
അനുപമയും ഹാപ്പി ഡേയ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഖിൽ സിദ്ധാർത്ഥയും നായികാനായകന്മാരായ 18 പേജസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിഖിലും അനുപമ പരമേശ്വരനും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
താൻ കണ്ട ഏറ്റവും സന്തോഷമുള്ള മനുഷ്യരിൽ ഒരാളെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് നിഖിൽ അനുപമ പരമേശ്വരനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 18 പേജസിന്റെ പോസ്റ്റർ ഷൂട്ടിനിടയിലെ നിമിഷങ്ങളാണിത്.
ഫോട്ടോഷൂട്ടിനിടയിലെ നിമിഷങ്ങളിൽ ഉല്ലാസവതിയായി അനുപമയെ വീഡിയോയിൽ കാണാം. കോവിഡ് 19 പ്രതിസന്ധികളെ തുടർന്ന് 18 പേജസിന്റെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിഖിലിന്റെ പിറന്നാൾ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
പൽനാട്ടി സൂര്യ പ്രതാപ് ആണ് 18 പേജസ് സംവിധാനം ചെയ്യുന്നത്. തെലുങ്കിൽ തിരക്കുള്ള നായികമാരിൽ ഒരാളാണ് പ്രേമത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അനുപമ പരമേശ്വരൻ.
സായ് പല്ലവിയും നാഗ ചൈതന്യയും അഭിനയിച്ച ലൗവ് സ്റ്റോറിയുടെ റിലീസ് ഈ വർഷമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് റിലീസ് നീണ്ടത്. ചിത്രത്തിലെ സാരംഗ ധരിയ എന്ന ഗാനം ഇതിനകം സൂപ്പർ ഹിറ്റാണ്. 230,495,451 പേരാണ് ഇതിനകം യൂട്യൂബിൽ ഗാനം കണ്ടത്. സായ് പല്ലവിയുടെ കിടിലൻ ഡാൻസ് തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ്.
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സായ് പല്ലവിയും അനുപമ പരമേശ്വരനും സിനിമയിൽ എത്തുന്നത്. മഡോണ സെബാസ്റ്റ്യാനായിരുന്നു നിവിൻ പോളി നായകനായ ചിത്രത്തിലെ മറ്റൊരു നായിക. മൂന്ന് പേരും ഇന്ന് തെന്നിന്ത്യയിൽ കൈനിറയെ ചിത്രങ്ങളുള്ള നായികമാരാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.