'ബോംബെ' ഇറങ്ങിയിട്ട് 30 വർഷം; 'ഉയിരേ.. ' ചിത്രീകരിച്ച ബേക്കൽ കോട്ടയിൽ മണിരത്നവും മനീഷയും
- Published by:Rajesh V
- news18-malayalam
Last Updated:
ഈ മാസം 20നു നടക്കുന്ന പരിപാടിയിൽ സംവിധായകൻ മണിരത്നത്തിനൊപ്പം മനീഷ കൊയ്രാളയും പങ്കെടുക്കും. നായക വേഷം ചെയ്‌ത അരവിന്ദ് സ്വാമി എത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല
കാസർഗോഡ്: 1995ലാണ് ഇന്ത്യൻ സിനിമയിലെ മാസ്റ്റർ സംവിധായകൻ മണിരത്നം സംവിധാനം ചെയ്ത 'ബോംബെ' സിനിമ പുറത്തിറങ്ങിയത്. സിനിമയിലെ 'ഉയിരേ, ഉയിരേ...' എന്നു തുടങ്ങുന്ന ഹിറ്റ് ഗാനത്തിന് പശ്ചാത്തലമൊരുക്കിയ കാസർഗോഡ് ബേക്കലിൽ സിനിമയുടെ 30ാം വാർഷികം ആഘോഷിക്കുന്നു. ഈ മാസം 20നു നടക്കുന്ന പരിപാടിയിൽ സംവിധായകൻ മണിരത്നത്തിനൊപ്പം മനീഷ കൊയ്രാളയും പങ്കെടുക്കും. നായക വേഷം ചെയ്‌ത അരവിന്ദ് സ്വാമി എത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
ബേക്കൽ റിസോർട്‌സ് ഡവലപ്മെന്റ് കോർപറേഷൻ (ബിആർഡിസി) രൂപീകരണത്തിന്റെ 30-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബോംബെ സിനിമയാണ് ബേക്കൽ കോട്ടയ്ക്ക് കൂടുതൽ ടൂറിസം ശ്രദ്ധ നേടിത്തന്നതെന്ന് ബിആർഡിസി എംഡി പി ഷിജിൻ പറഞ്ഞു. ബേക്കൽ താജ് ഹോട്ടലിലാണ് മണിരത്നത്തിനും മനീഷ കൊയ്‌രാളയ്ക്കും താമസമൊരുക്കുക. ബേക്കൽ ബീച്ച് പാർക്കിൽ സ്വീകരണവും ഒരുക്കും.
ബോംബെ സിനിമ
1995 ൽ മണിരത്നം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു തമിഴ് പ്രണയ ചലച്ചിത്രമാണ് ബോംബെ. അരവിന്ദ് സ്വാമി, മനീഷ കൊയ്‌രാള എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എ ആർ റഹ്‌മാനാണ്. പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളാണ്. രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ച ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ രാജീവ് മേനോനാണ്.
advertisement
ബേക്കൽ കോട്ടയുടെ ചരിത്രം
പതിനേഴാം നൂറ്റാണ്ടിൽ ഇക്കേരി നായ്ക്കരിലെ ശിവപ്പ നായിക്ക് നിർമിച്ചതാണ് ബേക്കൽ കോട്ട. കേരളത്തിലെ ഏറ്റവും വലിയ ചെങ്കൽക്കോട്ടയാണിത്. നാല്പതേക്കറിൽ ഏകദേശം വൃത്താകൃതിയിൽ കിടക്കുന്ന കോട്ടയുടെ മൂന്ന് വശവും കടലാണ്. കോട്ടയുടെ പ്രവേശന കവാടത്തിനടുത്ത് 'ആഞ്ജനേയ' ക്ഷേത്രമുണ്ട്. തെക്കു ഭാഗത്തുള്ള കടൽത്തീരത്തോട് ചേർന്ന് പൂന്തോട്ടവും. രാവിലെ എട്ടര മുതൽ അഞ്ചരവരെയാണ് പ്രവേശന സമയം. 15 രൂപയാണ് ടിക്കറ്റ് ചാർജ്. കുട്ടികൾക്ക് ടിക്കറ്റ് വേണ്ട.
സമുദ്രനിരപ്പിൽ നിന്ന് 130 അടിയാണ് ഉയരം. കോട്ടയോട് ചേർന്ന് വെടിമരുന്ന് സൂക്ഷിക്കുന്ന അറകളുണ്ട്. കോട്ടയുടെ വലതുഭാഗത്തായുള്ള പള്ളി ടിപ്പു സുൽത്താൻ നിർമിച്ചതാണെന്ന് കരുതുന്നു. കോട്ടഗോപുരത്തിന് 30 അടി ഉയരവും 80 അടി ചുറ്റളവുമാണ്. പ്രവേശനകവാടം കടന്ന് വളഞ്ഞു കിടക്കുന്ന വഴിയെ വേണം കോട്ടയ്ക്കുള്ളിലെത്താൻ. കോട്ടയുടെ മധ്യത്തിലായി 80 അടി ഉയരത്തിലാണ് നിരീക്ഷണ ഗോപുരം. ആറടി വീതിയിൽ ഇവിടത്തേക്ക് ചെങ്കൽ പാകിയ ഒരു ചെരിഞ്ഞ നടപ്പാതയും ഉണ്ട്. എല്ലാ ഭാഗത്തും കൊത്തളങ്ങളുണ്ട്. കോട്ടയുടെ നിയന്ത്രണം പൂർണമായും പുരാവസ്തു വകുപ്പിനാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
December 04, 2025 10:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ബോംബെ' ഇറങ്ങിയിട്ട് 30 വർഷം; 'ഉയിരേ.. ' ചിത്രീകരിച്ച ബേക്കൽ കോട്ടയിൽ മണിരത്നവും മനീഷയും


