പ്രശസ്ത സംവിധായകൻ ആറ്റ്ലീ അച്ഛനായി. അദ്ദേഹത്തിന്‍റെ ഭാര്യ കൃഷ്ണപ്രിയ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഇന്ന് വൈകിട്ടാണ് അറ്റ്‌ലിയും ഭാര്യ കൃഷ്ണ പ്രിയയും തങ്ങൾക്ക് ഒരു കുഞ്ഞ് ജനിച്ച കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കുഞ്ഞുങ്ങളുടെ ഒരു ജോഡി ഷൂസ് കൈയിൽപിടിച്ച ചിത്രത്തോടൊപ്പമാണ് ദമ്പതികൾ സന്തോഷവാർത്ത പങ്കുവെച്ചത്. ചിത്രത്തിൽ ‘ഇത് ഒരു ആൺകുട്ടി’ എന്ന് എഴുതിയിട്ടുണ്ട്.
കുഞ്ഞ് ജനിച്ച വിവരം ആറ്റ്ലിയും ഭാര്യയും പങ്കുവെച്ചയുടൻ ആരാധകരും സുഹൃത്തുക്കളും ഇവരെ അഭിനന്ദിച്ച് രംഗത്തെത്തി. തെന്നിന്ത്യൻ താരങ്ങളായ സാമന്ത, കല്യാണി പ്രിയദർശൻ കീർത്തി സുരേഷ് എന്നിവരൊക്കെ ആറ്റ്ലിക്കും ഭാര്യയ്ക്കും അഭിനന്ദനങ്ങൾ നേർന്നു.
“എന്റെ പ്രിയപ്പെട്ടവരെ അഭിനന്ദിക്കുന്നു” എന്നാണ് സാമന്ത കുറിച്ചത്. “അദ്ദേഹത്തിന് ചുറ്റിലുമുള്ളവരുടെ സ്നേഹം നേടാൻ പോകുന്നു. അഭിനന്ദനങ്ങൾ”- കല്യാണി പ്രിയദർശൻ ആശംസിച്ചു. “പുതിയ അമ്മയ്ക്കും അച്ഛനും അഭിനന്ദനങ്ങൾ! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ഒത്തിരി സ്നേഹം.”- കീർത്തി സുരേഷ് എഴുതി.
2014ൽ വിവാഹിതരായ അറ്റ്‌ലിയും കൃഷ്ണ പ്രിയയും കഴിഞ്ഞ വർഷം ഡിസംബറിൽ തങ്ങളുടെ ആദ്യ കുഞ്ഞിന്‍റെ വരവിനായി കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു.
ഷാരൂഖ് ഖാൻ നായകനാകുന്ന ജവാൻ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അറ്റ്‌ലി ഇപ്പോൾ. ചിത്രത്തിൽ നയൻതാരയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.