‘എല്ലാം കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമ; ആളുകളെ പിരികയറ്റി പണമുണ്ടാക്കുന്നു: എമ്പുരാൻ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല’: സുരേഷ് ഗോപി
- Published by:Rajesh V
- news18-malayalam
Last Updated:
സിനിമ മുറിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ജനങ്ങളെ ഇളക്കിവിട്ട് പണം തട്ടുന്ന പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും എമ്പുരാൻ വിവാദത്തിൽ സുരേഷ് ഗോപി പ്രതികരിച്ചു
എമ്പുരാന്‍ വിവാദം കച്ചവടത്തിനായുള്ള വെറും ഡ്രാമയാണെന്ന് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. സിനിമ മുറിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ജനങ്ങളെ ഇളക്കിവിട്ട് പണം തട്ടുന്ന പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും എമ്പുരാൻ വിവാദത്തിൽ സുരേഷ് ഗോപി പ്രതികരിച്ചു. നേരത്തെ സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ നിന്ന് തന്‍റെ പേര് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ആളുകളെ പിരികയറ്റി പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. ''വെറും ഡ്രാമയാണ് അവിടെ നടക്കുന്നത്. കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമയാണ്. മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. മുറിക്കാമെന്ന് അവർ തന്നെയാണ് പറഞ്ഞത്. അത് കഷ്ടമാണ്...'' - സുരേഷ് ഗോപി പറഞ്ഞു.
അതേ സമയം ‘എമ്പുരാൻ’ സിനിമ റിഎഡിറ്റ് ചെയ്യുന്നത് മറ്റാരുടെയും നിർദേശ പ്രകാരമല്ല, തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. രണ്ട് മിനിറ്റും ചെറിയ സെക്കൻഡും മാത്രമാണ് സിനിമയിൽ നിന്നും മാറ്റിയിരിക്കുന്നതെന്നും ഈ സിനിമ കൊണ്ട് ഏതെങ്കിലും ആളുകൾക്ക് സങ്കടമുണ്ടായിട്ടുണ്ടെങ്കിൽ അതിനെ കറക്ട് ചെയ്യേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്നും ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.
advertisement
‘‘ഭയന്നിട്ടല്ല, നമ്മളൊരു സമൂഹത്തിൽ ജീവിക്കുന്നവരാണ്. മറ്റുള്ള ആളുകളെ ദ്രോഹിക്കുകയോ, അവർക്കു വിഷമമുണ്ടാക്കുന്ന കാര്യം ജീവിതത്തിൽ ചെയ്യണമെന്ന് ആഗ്രഹിച്ച് സിനിമ ചെയ്യുന്നവരവല്ല ഞങ്ങളാരും. മോഹൻലാൽ സാറുമതെ, പൃഥ്വിരാജുമതെ, എന്റെ അനുഭവത്തിൽ ഇതുവരെ അങ്ങനെയൊരു സംഭവവും ഞങ്ങള്‍ കേട്ടിട്ടില്ല. ഈ സിനിമ കൊണ്ട് ഏതെങ്കിലും ആളുകൾക്ക് സങ്കടമുണ്ടെങ്കിൽ അതിനെ കറക്ട് ചെയ്യേണ്ട ഉത്തരവാദിത്തം ഒരു സിനിമാ നിർമാതാവ് എന്ന നിലയിൽ എനിക്കും സംവിധായകനും അതിൽ അഭിനയിച്ച ആൾക്കും ബാധ്യതയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആ വിശ്വാസത്തിന്റെ പേരിൽ ഞങ്ങള്‍ ഒന്നിച്ച് കൂട്ടായി എടുത്ത തീരുമാനമാണ് റി എഡിറ്റ്. രണ്ട് മിനിറ്റും ചെറിയ സെക്കൻഡും മാത്രമാണ് സിനിമയിൽ നിന്നും മാറ്റിയിരിക്കുന്നത്. ഇത് മറ്റ് ആളുകളുടെയൊന്നും നിർദേശ പ്രകാരമൊന്നുമല്ല, ഞങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണ്. ഭാവിയും ഒരു കാര്യം ചെയ്യുമ്പോൾ ഏതൊരാൾക്കാർക്ക് വിഷമം ഉണ്ടായാലും ഇതുപോലെ സമീപിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങളെല്ലാം. വലിയ പ്രശ്നങ്ങളിലേക്കൊന്നും ഇതുപോയിട്ടില്ല. ഒരു പ്രത്യേക വിഭാഗത്തിന്റെ ആവശ്യമെന്നും പറയാൻ കഴിയില്ല. സിനിമ ഉണ്ടാകുന്ന സമയത്തു തന്നെ മുൻകാലങ്ങളിലും ഇതുപോലുള്ള വിവാദങ്ങൾ സംഭവിച്ചിട്ടുണ്ട്. പാർട്ടി അല്ലാതെ തന്നെ ഒരു വ്യക്തിക്ക് വിഷമം ഉണ്ടായാൽ പോലും അത് ചിന്തിച്ച് കറക്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന അംഗത്തിൽപെട്ടവരാണ് ഞങ്ങൾ.
advertisement
മുരളി ഗോപിക്കു വിയോജിപ്പുകളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇതിൽ ഒരാൾക്ക് വിയോജിപ്പുണ്ടായാൽ റിഎഡിറ്റ് പോലും ചെയ്യാൻ സാധിക്കില്ല. എല്ലാവരുടെയും സമ്മതം അതിനാവശ്യമാണ്. അങ്ങനെ എല്ലാവരുടെയും സമ്മതപ്രകാരം ചെയ്യുന്ന കാര്യമാണത്. ഇതിൽ അങ്ങനെയുള്ള വിവാദങ്ങൾക്ക് സ്ഥാനമില്ല. മോഹൻലാൽ സാറിന്റെ ഖേദപ്രകടനം നാളെ അദ്ദേഹം ഷെയർ ചെയ്തില്ലെങ്കിൽപോലും ഇക്കാര്യത്തിൽ സമ്മതമുണ്ടെന്ന് വിചാരിക്കുക.മോഹൻലാൽ സാറിനും എനിക്കും എല്ലാവർക്കും ഈ സിനിമയുടെ കഥ അറിയാം. അത് അറിയില്ലെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. മറ്റുള്ളവർ പറഞ്ഞതിനെക്കുറിച്ച് എനിക്ക് പ്രതികരണമില്ല. ഞങ്ങളെല്ലാവരും ഈ സിനിമയെ മനസ്സിലാക്കിയവരാണ്. അതിലെന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ അത് കറക്ട് ചെയ്യുക എന്നതും ഞങ്ങളുടെ കടമയാണ്. മറ്റുള്ള ആളുകൾക്കൊപ്പം ഈ സമൂഹത്തിൽ സന്തോഷമായി ജീവിച്ചു പോകുന്നവരാണ് ഞങ്ങൾ. ഞങ്ങളുടെ ശരി എന്നു തോന്നുന്ന കാര്യം ഇപ്പോൾ ചെയ്തു, അത്ര മാത്രം. പൃഥ്വിരാജിനെ ഒരിക്കലും ഒറ്റപ്പെടുത്തേണ്ട ആവശ്യമില്ല. എത്രയോ വർഷമായി അറിയാവുന്ന ആളുകളാണ്, അങ്ങനെ ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ് ഈ സിനിമ നിർമിക്കണമെന്നത്. അദ്ദേഹത്തെ മാത്രം ഒറ്റപ്പെടുത്തി ആക്രമിക്കരുത്'- ആന്റണി പെരുമ്പാവൂർ പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
April 01, 2025 3:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
‘എല്ലാം കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമ; ആളുകളെ പിരികയറ്റി പണമുണ്ടാക്കുന്നു: എമ്പുരാൻ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല’: സുരേഷ് ഗോപി