Get Set Baby | കുടുംബ പ്രേക്ഷകരുടെ ആ പഴയ ഉണ്ണിയെ കൊണ്ടുപൊയ്‌ക്കോ; 'ഗെറ്റ്, സെറ്റ്, ബേബി' കാണാനിറങ്ങുമ്പോൾ
- Published by:Meera Manu
- news18-malayalam
Last Updated:
സ്നേഹിക്കുന്നവരെയും ഹേറ്റേഴ്‌സിനെയും ഒരേസമയം തൃപ്തിപ്പെടുത്താൻ, കുടുംബ പ്രേക്ഷകരെ ചേർത്തുനിർത്താൻ, ഉണ്ണി മുകുന്ദന്റെ 'ഗെറ്റ്, സെറ്റ്, ബേബി'
#Meera Manu
'മാർക്കോ'യിലെ കഠിനമുറകളും, ആക്ഷനും വയലൻസും കണ്ട പ്രേക്ഷകർ, പ്രത്യേകിച്ചും ഉണ്ണി മുകുന്ദൻ എന്ന നായകനെ ഇഷ്‌ടപ്പെടുന്നവർ, ഒന്നടങ്കം ചോദിച്ച ചോദ്യം ഒന്നേയുള്ളൂ, അവർ 'മാളികപ്പുറം' വരെ കണ്ട ഉണ്ണി തിരിച്ചു വരില്ലേയെന്ന്. ഉണ്ണിയെ ഇങ്ങനെയൊക്കെ കണ്ടാൽ, ഉണ്ണിയെ സ്നേഹിക്കുന്ന അമ്മമാർക്കും, അമ്മൂമ്മമാർക്കും, സഹോദരിമാർക്കും കണ്ടിരിക്കാൻ പറ്റില്ലെന്ന്. ഇഷ്‌ടപ്പെടാത്തവർക്ക് പരിഭവം മറ്റൊന്ന്. ഡയലോഗിനും അഭിനയമുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകാതെ നായകനെക്കൊണ്ട് വാരിക്കോരി വയലൻസ് ചെയ്യിച്ചതാണ് അവരുടെ കണ്ണിൽ 'മാർക്കോ'യുടെ പേരിലെ കുറ്റം. മറുപടിയെന്നോണം, സ്നേഹിക്കുന്നവരെയും ഹേറ്റേഴ്‌സിനെയും ഒരേസമയം തൃപ്തിപ്പെടുത്താൻ സക്കീർ ഭായിക്ക് കഴിഞ്ഞാലും ഇല്ലെങ്കിലും, എന്തായാലും ഉണ്ണി മുകുന്ദന് (Unni Mukundan) സാധിക്കും. ആ വരവാണ് 'ഗെറ്റ്, സെറ്റ്, ബേബി' (Get Set Baby).
advertisement
ചെറുപ്പക്കാരനായ ഒരു ഡോക്‌ടറെ മുന്നിൽ നിർത്തി, കാലികപ്രസക്തിയുള്ള സാമൂഹിക വിഷയം വേണ്ടത്ര ഗൗരവത്തോടു കൂടി ചർച്ച ചെയ്യാൻ സിനിമ എന്ന മാധ്യമം ഉപകരിക്കും എന്ന ഉറച്ച ബോധ്യത്തിലൂന്നിയ ചിത്രമാണിത്. പെൺകുട്ടികൾ മാത്രം തിരഞ്ഞെടുക്കുന്ന ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അഥവാ 'പ്രസവത്തിന്റെ' ഡോക്‌ടറാവാൻ മെഡിക്കൽ കോളേജിൽ ചേരുന്ന അർജുൻ ബാലകൃഷ്ണനെ ഉണ്ണി അവതരിപ്പിക്കുന്നു. പഠിച്ചു മിടുക്കനായി ഐ.വി.എഫിൽ ഉന്നതപഠനം നടത്തി പ്രാവീണ്യം നേടുന്ന അർജുൻ, യൗവന കാലത്തു തന്നെ കേരളത്തിൽ ആ മേഖലയിൽ അറിയപ്പെടുന്ന വിദഗ്‌ധനായി വളരുന്ന കഥാതന്തു. കഥാനായകൻ അയാളെങ്കിലും, മറ്റു പലരും ജീവിതഗന്ധിയായ ആ കഥയുടെ ഭാഗമായി മാറുന്നു.
advertisement
'പ്രസവമെടുക്കുന്ന ഡോക്‌ടറാവാൻ' ഒരാൺകുട്ടി എന്നാൽ പെൺകുട്ടികൾക്ക് നടുവിലെ ചോക്ലേറ്റ് ഹീറോ പരിവേഷം അല്ല, ആ വിഷയത്തിനാവശ്യം പല കോണുകളിൽ നിന്നുള്ള കാഴ്ചപ്പാടാണ്. അതിൽ അയാളെന്ന വ്യക്തിയും, സമൂഹവും കടന്നുവന്നേ മതിയാവൂ. 'ഗെറ്റ്, സെറ്റ്, ബേബി'യിൽ അതുണ്ട്. അർജുന്റെ കാമുകിയായി, പിന്നീട് ഭാര്യയായി മാറുന്ന സ്വാതിയിൽ (നിഖില) തുടങ്ങി, ചികിത്സയോട് താല്പര്യമില്ലതിരുന്ന ഭർത്താവും അതോർത്തു വ്യാകുലപ്പെടുന്ന ഭാര്യയുമായ ചെമ്പൻ വിനോദ് ജോസ്- ഫറാ ഷിബ്ല, കുഞ്ഞിക്കാൽ കാണാൻ വർഷങ്ങളായി കാത്തിരിക്കുന്ന ദമ്പതികളെ അവതരിപ്പിച്ച സുധീഷ്- സുരഭി, പ്രൊഫഷണൽ ജെലസി ഒരുകാലത്തും മായാതെ കൊണ്ടുനടക്കുന്ന മുതിർന്ന ഗൈനക്കോളജിസ്റ്റായി വേഷമിട്ട മുത്തുമണി, ഒരു ഫ്ലാഷ്ബാക്കിൽ മാത്രം കാണുന്ന അമ്മ കഥാപാത്രം എന്നിങ്ങനെ പലരുടെയും ജീവിതങ്ങളിലൂടെയുള്ള ഒരു യാത്ര മടുപ്പോ മുഷിപ്പോ ഇല്ലാതെ അവതരിപ്പിക്കപ്പെടുന്നെങ്കിൽ, ഈ സിനിമ കുടുംബപ്രേക്ഷകരുടേതു മാത്രമാണ്.
advertisement
പണ്ടൊരു മലയാള സിനിമയിൽ വിമെൻസ് കോളേജിൽ പഠിക്കാനെത്തുന്ന ഏക പുരുഷ വിദ്യാർത്ഥി, അത്യാവശ്യമായിട്ടു കൂടി പെൺകുട്ടികളുടെ മൂത്രപ്പുരയിൽ കയറാൻ സാധിക്കാതെ നെട്ടോട്ടം ഓടുന്ന രംഗം പ്രേക്ഷകർ കണ്ടെങ്കിൽ, ഇവിടെ ഒരു പുരുഷ ഡോക്‌ടറുടെ മുന്നിൽ അടിയന്തര പ്രസവ കേസ് നടക്കുന്ന ലേബർ റൂമിന്റെ വാതിൽ കൊട്ടിയടക്കപ്പെടുമ്പോൾ അയാൾ നേരിടുന്ന മാനസിക സംഘർഷത്തിൽ എവിടെയും കോമഡി ഇല്ല. പഠിക്കുന്ന നാളുകളിൽ പ്രസവവാർഡിൽ വരുന്ന ജൂനിയർ ഡോക്‌ടറായ ആൺകുട്ടിയെ കാണുന്നതും മാക്സിയുടെ മുകളിൽ തോർത്തുകൊണ്ടു മറയ്ക്കുന്ന ഗർഭിണികളും, പരിശോധനയ്ക്ക് പുരുഷഡോക്‌ടർ വരുമ്പോൾ പരിഭ്രക്കുന്ന പേഷ്യന്റും, എന്തിനേറെ പറയുന്നു ഒരു വിവാഹാലോചനയുടെ കാര്യം വരുമ്പോൾ, ചെക്കൻ ഡോക്‌ടറാണ് എന്നാൽ ഗൈനക്കോളജിസ്റ്റ് എന്ന വിഷയം മറച്ചുപിടിച്ച് സംസാരിക്കാനാഗ്രഹിക്കുന്ന സ്വന്തം കുടുംബാംഗങ്ങൾ തുടങ്ങിയ സന്ദർഭങ്ങൾ, സ്ത്രീ-പുരുഷ സമത്വത്തെ പുരുഷന്റെ ഭാഗത്തു നിന്നുള്ള കാഴ്ചയായി അവതരിപ്പിക്കുന്നതിൽ വൈവിധ്യം പുലർത്തുന്നു.
advertisement
ഫോർമാറ്റിന്റെ കാര്യത്തിൽ സമാനതകൾ പറയാനാവില്ലെങ്കിലും, എളിമയിൽ നിന്നും ഉയർച്ചയിലേക്കുള്ള നായകന്റെ പ്രയാണവും, അയാളുടെ ജീവിത- മാനസിക സംഘർഷങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിക്കപ്പെട്ട ഫഹദിന്റെ ട്രാൻസിനു ശേഷം ആ ഗണത്തിൽ പെടുത്താവുന്ന ഒരു ചിത്രമാണ് ഉണ്ണി മുകുന്ദന്റെ 'ഗെറ്റ്, സെറ്റ്, ബേബി'. ഇവിടെ കമേഴ്‌സ്യൽ ഛായ കൂടുതലുണ്ട് എന്ന് മാത്രം. സന്തോഷത്തിലും സങ്കടത്തിലും ആത്മസംഘർഷങ്ങളിലും അർജുൻ ബാലകൃഷ്ണന്റെ മനസിന്റെ അതേ താളത്തിൽ യാത്രചെയ്യാൻ പ്രേക്ഷർക്ക് സാധിക്കും. സ്വന്തം അമ്മയോടും ഭാര്യയോടും എന്നതുപോലെ, തന്റെ മുന്നിലിരിക്കുന്ന ഓരോ സ്ത്രീയുടെയും മനസിനെയും ആഴത്തിൽ മനസിലാക്കാനും സമീപിക്കാനും അർജുൻ ബാലകൃഷ്ണനു സാധിക്കുന്നു.
advertisement
ആദ്യ സിനിമയുടെ പേരിലൂടെ കേരളത്തിലാകമാനം 'കിളി പോയി' എന്ന പ്രയോഗം കൊണ്ടുവന്ന സംവിധായകൻ വിനയ് ഗോവിന്ദ്, തന്റെ മൂന്നാമത് ചിത്രം കണ്ട്, ആദ്യ ചിത്രത്തിന്റെ പേര് പറഞ്ഞ് പ്രേക്ഷകർ തിയേറ്ററിൽ നിന്ന് ഇറങ്ങില്ല എന്ന ഗ്യാരന്റി നൽകുന്നു. മിനിമം ഗ്യാരന്റിയിലും അൽപ്പം കൂടുതൽ എങ്കിലും കിട്ടുമെന്ന ആത്മവിശ്വാസത്തോടു കൂടി ടിക്കറ്റ് എടുക്കുന്നവർ നിരാശരാകില്ല.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 21, 2025 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Get Set Baby | കുടുംബ പ്രേക്ഷകരുടെ ആ പഴയ ഉണ്ണിയെ കൊണ്ടുപൊയ്‌ക്കോ; 'ഗെറ്റ്, സെറ്റ്, ബേബി' കാണാനിറങ്ങുമ്പോൾ