പാലാക്കാരൻ ചെറുപുഷ്പം കൊച്ചേട്ടൻ മലയാള സിനിമയുടെ വല്യേട്ടനായതെങ്ങനെ?

Last Updated:

1978ൽ കമലഹാസൻ, മധു, ഷീല, സീമ എന്നിവരെ കഥാപാത്രങ്ങളാക്കി എത്തിയ 'ഈറ്റ' വൻവിജയം കണ്ടതോടെ മലയാള സിനിമയിലെ മികച്ച ബാനറായി ചെറുപുഷ്പം ഫിലിംസും ഉടമയായ കൊച്ചേട്ടനും വളരുകയായിരുന്നു.

കോട്ടയം: സിനിമാ മേഖലയിൽ ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം കുറിച്ച പ്രശസ്ത സിനിമാ നിർമാതാവും പാലായിലെ ആദ്യകാല വ്യാപാരിയുമായ ചെറുപുഷ്പം കൊച്ചേട്ടന്‍ എന്ന ജോസഫ് ജെ കക്കാട്ടില്‍ ഇനി ഓർമ. മലയാള സിനിമയില്‍ ആദ്യകാലത്ത് ഏറ്റവും ജനപ്രീതിയുള്ള ബാനറായിരുന്ന ചെറുപുഷ്പം ഫിലിംസ്. അക്കാലത്തെ പ്രമുഖ നടീനടന്മാര്‍ ഈ നിര്‍മാണ കമ്പനിയുടെ സിനിമയില്‍ അവസരം ലഭിക്കാന്‍ കാത്തിരുന്ന കാലം ഉണ്ടായിരുന്നു. 'ഈറ്റ' എന്ന സിനിമയുടെ വിജയമാണ് മലയാള സിനിമാ ലോകത്ത് കെ.ജെ.ജോസഫിന് നിർമാതാവിന്റെ വലിയ കിരീടം സമ്മാനിച്ചത്. യുണൈറ്റഡ് ഫിലിം ഓർഗനൈസേഷൻ (യുഎഫ്‌ഒ) എന്ന സാറ്റലൈറ്റ് സിനിമാ റിലീസ് ആശയം ആദ്യ മൂന്ന് വർഷക്കാലം മലയാളക്കരയിൽ നടപ്പിലാക്കിയതും ചെറുപുഷ്പം ഫിലിംസായിരുന്നു.
പാലായിലെ പ്രമുഖ വ്യാപാരിയായിരുന്ന കൊച്ചേട്ടൻ 1975ലാണ് സിനിമാരംഗത്തെത്തുന്നത്. 1975ൽ ഇറങ്ങിയ ‘അനാവരണ’മാണ് ആദ്യ മലയാള ചിത്രം. ചിത്രം വിജയിച്ചില്ലെങ്കിലും അണിയറ പ്രവർത്തകർക്കെല്ലാം അദ്ദേഹം പ്രതിഫലം നൽകിയത് ചലച്ചിത്രരംഗത്ത് പുതിയസംഭവമായിരുന്നു. തുടർന്ന് ഇടക്കാലത്തേക്ക് സിനിമാലോകത്തുനിന്ന് മാറിനിന്നു. സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററും മാധുരിയും വീട്ടിലെത്തി അഭ്യർത്ഥിച്ചപ്പോഴാണ് തിരിച്ചെത്തിയത്. 1977ൽ ശ്രീദേവി, മധു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിർമിച്ച 'ആ നിമിഷം' നേടിയ വിജയമാണ് അദ്ദേഹത്തിന് മലയാള സിനിമയിൽ സ്വന്തമായൊരു മേൽവിലാസം നേടിക്കൊടുത്തത്. 1978ൽ കമലഹാസൻ, മധു, ഷീല, സീമ എന്നിവരെ കഥാപാത്രങ്ങളാക്കി എത്തിയ 'ഈറ്റ'യും വൻവിജയം കണ്ടതോടെ മലയാള സിനിമയിലെ മികച്ച ബാനറായി ചെറുപുഷ്പം ഫിലിംസും ഉടമയായ കൊച്ചേട്ടനും വളരുകയായിരുന്നു.
advertisement
നിദ്ര, വീട്, ഹിമവാഹിനി, മൗനനൊമ്പരം, അനുരാഗി, പാവം പാവം രാജകുമാരൻ എന്നീ ഹിറ്റുകൾ സമ്മാനിച്ചു. ജയറാം നായകനായ 'നാടൻ പെണ്ണും നാട്ടുപ്രമാണിയും' എന്ന സിനിമയാണ് അവസാനമായി നിർമിച്ചത്. അന്നുവരെയുള്ള ഏറ്റവും ചെലവേറിയ സിനിമ 'ദുബായ്' ഏറ്റെടുക്കാൻ പല വിതരണക്കാരും മടിച്ചപ്പോൾ കൊച്ചേട്ടൻ സധൈര്യം മുന്നോട്ടുവന്നു. ദക്ഷിണേന്ത്യയിലെ പ്രധാന നിർമാതാക്കളായ സൂപ്പർഗുഡുമായി ചേർന്ന് തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും സിനിമ നിർമിച്ചു.
advertisement
കൊച്ചി ഉദയംപേരൂരിൽ അഞ്ചേക്കറിലുള്ള ചെറുപുഷ്പം സ്റ്റുഡിയോ അടുത്തകാലം വരെയും സിനിമാകേന്ദ്രമായിരുന്നു. സംവിധായക പ്രതിഭകളായ എ വിന്‍സെന്റ്, ഐ വി ശശി, ഭരതന്‍, പി ജി വിശ്വംഭരന്‍, ശശികുമാര്‍, കമല്‍ തുടങ്ങി പ്രമുഖര്‍ക്കൊപ്പം  പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനായി. നിത്യഹരിതനായകന്‍ പ്രേംനസീര്‍, കമലാഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, മധു, സുകുമാരന്‍, സുരേഷ്ഗോപി, ജയറാം, ശ്രീനിവാസന്‍, ജഗതി, ഷീല, ജയഭാരതി, ശ്രീദേവി, സീമ, രമ്യാകൃഷ്ണന്‍, കെപിഎസി ലളിത, മേനക, ഉര്‍വശി തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങള്‍ കൊച്ചേട്ടന്റെ ചിത്രങ്ങളില്‍ അഭിനേതാക്കളായി. അവസാന കാലത്തും സിനിമയിലെ സുഹൃദ്ബന്ധങ്ങള്‍ അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.
advertisement
സിനിമയുടെ പാലായിലെ കേന്ദ്രമായാണ് കൊച്ചേട്ടന്റെ പുലിയന്നൂരിലുള്ള വസതി അറിയപ്പെട്ടിരുന്നത്. അക്കാലത്തെ പ്രദേശത്തെ ഏറ്റവും വലിയ വീടായിരുന്ന ഇവിടെയായിരുന്നു സിനിമാ പ്രവര്‍ത്തകരുടെയും നടീനടന്മാരുടെയും താമസസ്ഥലം. ജില്ലയില്‍ എവിടെ ചിത്രീകരണം നടന്നാലും താമസം ഒരുക്കിയിരുന്നത് ഈ വലിയ വീട്ടിലായിരുന്നു. നിരവധി സിനിമകളിലും ഈ വീട് കഥാപാത്രമായിട്ടുണ്ട്. പ്രശസ്ത താരങ്ങള്‍ ആഴ്ചകളോളം കൊച്ചേട്ടന്റെ അഥിതികളായും കഥാപാത്രങ്ങളായും പുലിയന്നൂരിലെ വീട്ടില്‍ ഒത്തുകൂടിയിട്ടുണ്ട്. പാലായിലെ ചെറുപുഷ്പം ചാരിറ്റബിള്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മാനേജിംഗ് ട്രസ്റ്റി, ടെക്സ്‌റ്റൈല്‍സ് വ്യാപാരം, ഹോം അപ്ലയന്‍സ് തുടങ്ങിയ മേഖലയിലേക്കും പിന്നീട് തിരിഞ്ഞു.
advertisement
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. 86 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച പകൽ മൂന്നിന് കുരുവിനാല്‍ സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍. മൃതദേഹം രാവിലെ എട്ടിന് പുലിയന്നൂരിലെ വസതിയില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വയ്ക്കും. ഭാര്യ: പരേതയായ അന്നക്കുട്ടി തൊടുപുഴ വലിയമരുതുങ്കല്‍ കുടുംബാംഗം. മക്കള്‍: മോളി, പരേതയായ വത്സമ്മ, റോസമ്മ, മേഴ്സി, കുഞ്ഞുമോന്‍. മരുമക്കള്‍: പരേതനായ ഡോ. ജോസി മാളിയേക്കല്‍ (എറണാകുളം), ജോയ് മാളിയേക്കല്‍ (പാലാ), വില്‍സണ്‍ നിരപ്പേല്‍ (തൊടുപുഴ), സണ്ണി പുത്തോക്കാരന്‍ (എറണാകുളം), ജ്യോതി ചെറക്കേക്കാരന്‍ (തൃശൂര്‍).
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പാലാക്കാരൻ ചെറുപുഷ്പം കൊച്ചേട്ടൻ മലയാള സിനിമയുടെ വല്യേട്ടനായതെങ്ങനെ?
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement