ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന മലയാള ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലർ പ്രകാശനം നാളെ. കൊച്ചി ലുലുമാളിൽ വൈകിട്ട് ഏഴിനാണ് പ്രകാശനം. മമ്മൂട്ടിയും മോഹൻലാലും തമിഴ് താരം വിജയ് സേതുപതിയും മാത്രമല്ല, മലയാള സിനിമാ ലോകം ഒന്നടങ്കം പ്രകാശനത്തിന് പങ്കാളികളാകും.
ഇവരെ കൂടാതെ നടൻമാരായ ദിലീപ്, ജയറാം, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ബിജു മേനോൻ, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, മുരളി ഗോപി, ദിലീഷ് പോത്തൻ, വിനായകൻ, സൗബിൻ, വിനീത് ശ്രീനിവാസൻ, അനൂപ് മേനോൻ, അജു വർഗീസ്, ഉണ്ണി മുകുന്ദൻ, ഇന്ദ്രജിത് സുകുമാരൻ, ആന്റണി വർഗീസ്, വിനയ് ഫോർട്ട്, മഞ്ജു വാര്യർ, മിയ, ഹണി റോസ്, നിമിഷസജയൻ, രജിഷ വിജയൻ, അപർണ ബാലമുരളി, അനുസിത്താര, ഐശ്വര്യ ലക്ഷ്മി, ആത്മീയ എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയും ഒരേ സമയത്ത് ട്രെയിലർ റിലീസ് ചെയ്യും.
ആഗസ്റ്റ് 15ന് തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ് ഈ ചിത്രം. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച് കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്ന് നിർമ്മിച്ച പൊറിഞ്ചുമറിയം ജോസ് ചാന്ത് വി ക്രീയേഷന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ജോസഫിന് ശേഷം ജോജു നായകൻ ആയി എത്തുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ലൂസിഫറാണ് നൈല ഉഷയുടെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രം.
തന്റെ 40 വർഷം നീളുന്ന സിനിമാ ജീവിതത്തിൽ സൂപ്പർ ഹീറോകളില്ലാത്തൊരു ചിത്രം ജോഷിയുടേതായി ഇല്ല. പ്രേം നസീറിൽ തുടങ്ങി ദിലീപ് വരെ ആ പാരമ്പര്യം തുടരുന്നു. മലയാളത്തിലെ മുൻ നിര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെല്ലാം ജോഷി ചിത്രങ്ങളിൽ നായകന്മാരായിട്ടുണ്ട്. മലയാള സിനിമയിലെ താരങ്ങളെല്ലാം അണി നിരന്ന 2008 ചിത്രം ട്വൻറി-ട്വൻറിയും സംവിധാനം ചെയ്തത് ജോഷിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Joju george, Joshiy film director, Nyla Usha, Porinju Mariyam Jose movie