നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മഴവില്ലിൻ അജ്ഞാത വാസം കഴിഞ്ഞു; പൂവച്ചല്‍ ഖാദര്‍  യാത്രയായി 

  മഴവില്ലിൻ അജ്ഞാത വാസം കഴിഞ്ഞു; പൂവച്ചല്‍ ഖാദര്‍  യാത്രയായി 

  ഏതോ ജന്മ കല്‍പനയില്‍ മലയാളത്തിനു കിട്ടിയ പുണ്യമാണ് പൂവച്ചല്‍ ഖാദര്‍

  പൂവച്ചൽ ഖാദർ

  പൂവച്ചൽ ഖാദർ

  • Share this:
   അരനൂറ്റാണ്ടോളമായി മലയാളിയുടെ പാട്ടു വഴികളിലുണ്ട് പൂവച്ചൽ എന്ന മലയോര ഗ്രാമത്തിന്റെ പേര്. ഏതോ ജന്മ കല്‍പനയില്‍ മലയാളത്തിനു കിട്ടിയ പുണ്യമാണ് പൂവച്ചല്‍ ഖാദര്‍.

   കുടയോളം ഭൂമി കുടത്തോളം കുളിര് എന്നു കുളിര്‍ന്നു പാടാത്ത മലയാളികളില്ല. മുകിലിന്റെ കുടിലില്‍ ശരറാന്തല്‍ തിരിതാഴുന്നത് കാത്തിരിക്കാത്ത ഏകാന്ത പ്രണയികളും ഇല്ല.

   പാളങ്ങളിലെ പാട്ടെഴുതാന്‍ വിളിക്കുമ്പോള്‍ ഭരതന്‍ ഒരിക്കലും കരുതിയില്ല അതൊരു ജന്മാന്തര സംഗീതമാകുമെന്ന്. ഒരു പാട്ടുകാരോടും സന്ധിചെയ്യാത്ത ഭരതന്‍ ആ പല്ലവി ഒറ്റത്തവണ വായിച്ച് മതി, ഇതു മതി എന്നു പറയുമ്പോഴേക്ക് ജോണ്‍സണ്‍ ആ ശ്രുതിയിട്ടിരുന്നു. ഒരു നിമിഷം ഈ ഒരു നിമിഷം വീണ്ടും നമ്മള്‍ ഒന്നായി...
   ചാമരത്തിനായി പിറന്നതാണ് മലയാളത്തിലെ എക്കാലത്തേയും മികച്ച ആ ഗാനം. നാഥാ നീ വരും കാലൊച്ച കാതോർത്തു ..... താവക വീഥിയില്‍ എന്‍മിഴിപ്പക്ഷികള്‍ തൂവല്‍ വിരിച്ചു നിന്നു. .

   കുടയോളം ഭൂമി കുടത്തോളം കുളിര് കുളിരാം കുരുന്നിലെ ചൂട് തകരയിലാണ്. പിന്നെ മൗനമേ നിറയും മൗനമേ പാടി ഏകാന്തതയുടെ കുടമുടയ്ക്കാത്ത എത്ര ചെറുപ്പക്കാരുണ്ടാകും?
   പ്രേമാഭിഷേകത്തിനായി നീലവാനച്ചോലയില്‍. ഇതിനപ്പുറം ഒരു പാട്ടുണ്ടോ എന്നു ചിന്തിച്ചിരിക്കുമ്പോള്‍ ദേ വരുന്നു രാജീവം വിടരും നിന്‍ മിഴികളില്‍.പിന്നെ അനുരാഗിണിയുടെ കരളിൽ വിരിഞ്ഞ പൂക്കൾ അദ്ദേഹം ഒരു രാഗമാലയാക്കി.
   പൊൻ‌വീണേ എന്നുള്ളിൻ മൌനം വാങ്ങൂ
   ജന്മങ്ങൾ പുൽ‌കും നിൻ നാദം നൽ‌കൂ..

   ഏഴുത്തിന്റെ മാത്രം വിശ്വാസിയായിരുന്നു പൂവച്ചല്‍ ഖാദര്‍. ആ വിശ്വാസത്തില്‍ നിന്നു വന്നതാണ് തുറമുഖത്തിലൂടെ എക്കാലത്തേയും മികച്ച ക്രിസ്തീയ ഭക്തിഗാനം. ക്രിസ്മസ് ദിനത്തില്‍ ജനിച്ച കവിയുടെ പിറവി ഗീതം.ശാന്തരാത്രി തിരുരാത്രി....
   പിന്നെ
   നീയെന്റെ പ്രാര്‍ത്ഥന കേട്ടു
   നീയെന്റെ മാനസം കണ്ടു
   ഹൃദയത്തിന്നള്‍ത്താരയില്‍
   വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി....

   അയ്യപ്പനും വാവരും എന്ന സിനിമയ്ക്കായി ധര്‍മശാസ്താവേ ഉള്‍പ്പെടെ ആറുഗാനങ്ങള്‍. എം ജി രാധാകൃഷ്ണന്‍ ഈണമിട്ട രണ്ട് അയ്യപ്പഭക്തിഗാന കസെറ്റുകള്‍. എക്കാലത്തേയും മികച്ച ദേവീ സ്തുതികള്‍.

   അഹദോന്റെ തിരുനാമം
   മൊളിന്തിന്റെ സമയത്ത്
   ദുവാ ശെയ്ത്‌ കരം മൊത്തി....

   ഇവയെല്ലാം വന്ന തൂലികയില്‍ നിന്ന്
   എന്താണു ചേട്ടാ നെഞ്ചിളകും നോട്ടം
   എന്തോന്നിനാണീ കള്ള വിളയാട്ടം എന്നു ചോദിച്ചു..
   ഇത്തിരി നാണം പെണ്ണിന്‍ കവിളിലും പിറവിയെടുത്തു. നാണമാവുന്നു മേനി നോവുന്നു എഴുതി.

   മോഹൻലാലും മമ്മൂട്ടിയും ആടി തിമിർത്തപ്പോൾ

   പോം പോം ഈ ജീപ്പിന്നു മദമിളകി
   വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും
   വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും
   ശകടം ഓടുന്നിതാഎന്ന് പാടി.

   ഇവിടെ സംഗീതം അനുവദിക്കൂ
   മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കൂഎന്ന് കെഞ്ചി. ഒടുവിൽ അജ്ഞാതവാസം കഴിഞ്ഞ മഴവില്ല് മണിവാനിൻ അതിർ തേടീ
   ചിത്തിരത്തോണിയില്‍ അക്കരെയ്ക്ക് യാത്രയായി .കവിതയുടെ മന്ദാരച്ചെപ്പും മാണിക്യക്കല്ലും.. ഇവിടെ ഉപേക്ഷിച്ച്...
   Published by:Chandrakanth viswanath
   First published:
   )}