നടിയെ ആക്രമിച്ച കേസിൽ (Actress Attack Case)മലയാള സിനിമയിലെ പ്രമുഖരെ വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു (Joy Mathew). 'ഇരയ്ക്കൊപ്പം എന്ന് പറയാൻ എളുപ്പമാണ്; എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയാൻ ആരുമില്ല' എന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യു പറഞ്ഞു. കഴിഞ്ഞ ദിവസം നടി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റ് മലയാള സിനിമയിലേതടക്കം നിരവധി താരങ്ങൾ പങ്കുവെച്ചിരുന്നു.
നടിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മുൻനിര താരങ്ങൾ പോസ്റ്റ് പങ്കുവെച്ചത്. ഇതിനു പിന്നാലെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. നടിക്കൊപ്പമാണെന്ന് പറയുന്നുണ്ടെങ്കിലും കേസിൽ ആരോപണവിധേയനായ നടനുമായി സഹകരിക്കില്ലെന്ന് പറയാൻ ആരും തയ്യാറല്ലെന്ന് ജോയ് മാത്യു ചൂണ്ടിക്കാട്ടി.
'ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര' എന്ന ആമുഖത്തോടെയായിരുന്നു നടി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് പങ്കുവെച്ചത്.
'5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടേയും സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി'.
Also Read-Actress Attack Case |'റെസ്പെക്ട്': മമ്മൂട്ടിക്ക് പിന്നാലെ നടിയ്ക്ക് പിന്തുണയുമായി മോഹന്‍ലാല്‍
എന്നായിരുന്നു നടിയുടെ കുറിപ്പ്. കേസില്‍ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണവുമായി നടി രംഗത്തെത്തിയത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നടിയുടെ വാക്കുകള്‍ പങ്കുവെച്ച് കൊണ്ടുതന്നെയാണ് നടന്‍ മമ്മൂട്ടിയും രംഗത്തെത്തിയത്. 'നിന്നോടൊപ്പം' എന്ന അടിക്കുറിപ്പോടെ മമ്മൂട്ടി നടിയുടെ പോസ്റ്റ് പങ്കുവെച്ചത്. പിന്നാലെ റെസ്പെക്ട് ' എന്ന് കുറിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ പിന്തുണ രേഖപ്പെടുത്തിയത്.
നേരത്തെ, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ആഷിഖ് അബു, അന്ന ബെന്‍, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയന്‍, ആര്യ, ജിയോ ബേബി, സ്മൃതി കിരണ്‍, സുപ്രിയ മേനോന്‍ പൃഥ്വിരാജ്, ഫെമിന ജോര്‍ജ്ജ്, മൃദുല മുരളി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങി നിരവധി പേര്‍ നടിയുടെ ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു.
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ പുതിയ കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ദിലീപിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസില്‍ സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ബന്ധുവായ അപ്പു, ബൈജു ചെങ്ങമനാട് എന്നിവരാണ് നാലും അഞ്ചും പ്രതികള്‍.
കണ്ടാലറിയാവുന്ന വ്യക്തിയെന്നാണ് ആറാം പ്രതിയെക്കുറിച്ച് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഉദ്യോഗസ്ഥരായ ബി. സന്ധ്യ, എറണാകുളം മുന്‍ റൂറല്‍ എസ്.പിയും ഇപ്പോള്‍ ഐ.ജിയുമായ എ.വി. ജോര്‍ജ്, എസ്.പി. സുദര്ശന്, സോജന്, ബൈജു പൗലോസ് എന്നിവരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് കേസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.