അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
- Published by:meera_57
- news18-malayalam
Last Updated:
34 വര്‍ഷങ്ങള്‍ക്കു ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും തിയെറ്ററുകളില്‍
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടി വീണ്ടും എത്തുന്നു, 4K ദൃശ്യവിരുന്നുമായി 'അമരം' (Amaram) നവംബര്‍ 7ന് കേരളത്തിലെ തീയേറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവർത്തകരുടെ ഉറപ്പ്. മമ്മൂട്ടിയും (Mammootty) മുരളിയും അശോകനും, മാതുവും മത്സരിച്ചഭിനയിച്ച ചിത്രമാണ് 'അമരം'. മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പത്തുകഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി. 34 വര്‍ഷങ്ങള്‍ക്കു ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും തിയെറ്ററുകളില്‍ എത്തുകയാണ് 4K മികവില്‍ മികച്ച ദൃശ്യ വിരുന്നോടെ. നവംബർ 7ന് 'അമരം' തിയേറ്ററുകളിൽ എത്തും.
മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു 'അമരം'. മലയാളത്തിലെ ക്ലാസിക്ക് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ചിത്രം. ചെമ്മീനിനു ശേഷം കടലിന്റെ പശ്ചാലത്തിൽ കഥ പറഞ്ഞൊരു മനോഹര ചിത്രമാണ് 'അമരം'. ലോഹിതദാസിന്റെ തിരക്കഥയില്‍ മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാനായിരുന്ന ഭരതന്‍ ഒരുക്കിയ ചിത്രമാണ് അമരം. വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ടിന്റെ ക്യാമറക്കണ്ണിലൂടെ മലയാളികള്‍ കണ്ട ദൃശ്യകാവ്യം.
കടലും തിരകളും തീരവും അവിടുത്തെ മനുഷ്യരും മറക്കാനാവാത്ത കാഴ്ചകളും കഥയുമായി നമുക്ക് മുന്നിൽ നിറയുകയായിരുന്നു കാലാതിവർത്തിയായ ഈ ഭരതൻ ചിത്രത്തിലൂടെ. ബാബു തിരുവല്ലയാണ് മലയാളികൾക്ക് എക്കാലവും ഓർമ്മിക്കാവുന്ന ഈ ക്ലാസിക്ക് ചിത്രത്തിൻ്റെ നിർമ്മാതാവ്. ചലച്ചിത്ര കലാസംവിധായകൻ എന്ന നിലയിൽ മലയാളികളുടെ അഭിമാനമായ സാബു സിറിൾ എന്ന പ്രതിഭാശാലിയായ ആർട്ട് ഡയറക്ടറുടെ കരവിരുതും കൈയ്യൊപ്പും നമുക്ക് കണ്ടറിയാനാകും 'അമരം' എന്ന ചിത്രത്തിലെ ദൃശ്യങ്ങളിലുടനീളം.
advertisement
കടൽത്തിരകൾ പോലെ വെൺനുര നിറയുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും 'അമരം' എന്ന ഭരതൻ ചിത്രത്തെ എന്നും കാലാതിവർത്തിയാക്കുന്നു. രവീന്ദ്രസംഗീതത്തിൻ്റെ മാസ്മര ഭാവങ്ങളാണ് ചിത്രത്തിലെ ഗാനങ്ങളിൽ നിറയുന്നതെങ്കിൽ, ജോൺസൺ മാഷിൻ്റെ പശ്ചാത്തല സംഗീതവും കൈതപ്രത്തിന്റെ വരികളും 'അമരം' കാണുന്നവരെ തിരകളും തീരവുമെന്ന പോലെ തഴുകിയുണർത്തും. അമരം ഗാനങ്ങളിലെ വരികളിൽ നിറഞ്ഞു തുളുമ്പുന്ന പിതൃവാത്സല്യവും വികാരനൗകയും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അനുഗ്രഹീത കാവ്യഭാവനയുടെ സർഗ സംഭാവനകളാണ്. ചിത്രം കേരളത്തിൽ തിയറ്ററുകളിൽ എത്തിക്കുന്നത് ഫിയോക്. ഓവർസീസിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത് സൈബർ സിസ്റ്റംസ്. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
advertisement
Summary: Mammootty movie Amaram is set for re-release in November. Date announced
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 25, 2025 12:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്


