ഓർക്കുന്നോ ദേവിക ശേഖറെന്ന തീപ്പൊരി ജേർണലിസ്റ്റിനെ? 'ജാഗ്രത'യുടെ നെടുംതൂണായ, ആർക്കു മുൻപിലും തോറ്റു കൊടുക്കാത്ത ആ ചങ്കൂറ്റമുള്ള പെണ്ണായി വന്ന മഞ്ജുവിനെ മറക്കില്ല ഒരിക്കലും. എന്നാൽ ഇനി മഞ്ജുവിനെ മന്ത്രിയായി കാണാൻ പ്രേക്ഷകർക്കൊരു അവസരം വരുന്നു. അണിയറയിൽ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ലൂസിഫറിലാണു മഞ്ജു വാര്യർ വനിതാ മന്ത്രിയായി എത്തുന്നതു. കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ജീവിത കഥയെ അധികരിച്ചു ഇറങ്ങുന്നുവെന്നു പറയപ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം അതിവേഗം പുരോഗമിക്കുകയാണു.
'അന്നു മണിച്ചേട്ടൻ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ടുണ്ട്'
പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിക്കുന്ന ലൂസിഫറിൽ മോഹൻലാൽ നായകനായെത്തുന്നു. ആമിക്ക് ശേഷം മഞ്ജുവും ടൊവിനോയും ഒന്നിച്ചെത്തുന്ന ചിത്രത്തിൽ ഇരുവരും സഹോദരങ്ങളാണു. തിരുവനന്തപുരത്തു ഷൂട്ടിംഗ് കഴിഞ്ഞ ചിത്രം ഇപ്പോൾ കുട്ടിക്കാനത്തു പുരോഗമിക്കുന്നു. മുരളി ഗോപി എഴുതുന്ന തിരക്കഥ വളരെ മുൻപ് തന്നെ രാജേഷ് പിള്ള സംവിധാനം നിർവഹിക്കാൻ തയ്യാറായിരുന്നതാണു. ശേഷം ഇത് പ്രിത്വിരാജിന്റെ മേൽനോട്ടത്തിൽ പുരോഗമിക്കുകയായിരുന്നു. വിവേക് ഒബ്‌റോയ് അതിഥി വേഷത്തിൽ വരുന്നുണ്ട്. മഞ്ജുവിന്റെ ഭർത്താവിന്റെ വേഷത്തിലാണെന്നു വിവേക് വരുന്നതെന്നു സിനിമാ ലോകത്തു സംസാരമുണ്ട്.
അടുത്ത വർഷമാവും ലൂസിഫർ തിയേറ്ററുകളിലെത്തുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lucifer, Manju warrier, Mohanlal, Prithviraj