#മീര മനു
ചാലക്കുടിക്കാരൻ ചങ്ങാതി കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു, ഈ സിനിമയിൽ ആരും തന്നെ സെന്തിലിനെ കണ്ടിട്ടില്ല. മുഴുനീള കഥാപാത്രമായിട്ടും നായകനെ കാണാതാവുകയോ? രാജാമണിയെന്ന കഥാപാത്രത്തിൽ അത്രമേൽ അലിഞ്ഞു ചേർന്നിരുന്നു സെന്തിൽ കൃഷ്ണ. ക്യാമറക്കുമുന്നിൽ ഒരു പരകായ പ്രവേശം. ആദ്യ ചിത്രം പുള്ളിമാനിൽ ചെറിയ വേഷത്തിൽ എത്തിയപ്പോൾ കലാഭവൻ മണിയെന്ന സെന്തിലിന്റെ മണിച്ചേട്ടന്റെ സ്നേഹം ആവോളം അനുഭവിച്ചിട്ടുണ്ടു ഇദ്ദേഹം.
"ഒന്നിച്ചുള്ള സീനുകൾ വളരെ കുറവായിരുന്നു. ചെറിയ ചില ഡയലോഗുകളുമായി നാട്ടുകൂട്ടത്തിൽ പിറകിലെവിടെയെങ്കിലും ഒരാളായി അങ്ങനെ. അന്നു ഞങ്ങൾക്കെല്ലാം മണി ചേട്ടൻ ഭക്ഷ്ണം ഉണ്ടാക്കി ഉരുട്ടി തരുമായിരുന്നു," നാവിൽ നിന്നും ആ പഴയ രുചിയും സ്നേഹവും മാറിയിട്ടില്ല സെന്തിലിനു. "ദൈവം എനിക്കു ഇപ്പോൾ മണിച്ചേട്ടനായി അഭിനയിക്കാൻ അവസരം തന്നിരിക്കുന്നു. ഈശ്വരാനുഗ്രഹം."
ഏതു കലാകാരനേയും പോലെ സിനിമ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സെന്തിലിനും. വലിയ മോഹങ്ങളൊന്നുമല്ല, നല്ല ഒരുപിടി ക്യാരക്റ്റർ വേഷങ്ങൾ ചെയ്തു നിലനിൽക്കണം അത്ര തന്നെ. പൗലോ കൊയ്‌ലോ പറഞ്ഞ പോലെ, ആഗ്രഹം തീവ്രമെങ്കിൽ ഈ വിശ്വം മുഴുവനും അതിനു വഴിയൊരുക്കുന്നു. ഈ വിശ്വാസം സെന്തിലിന്റെ ഉള്ളിലുണ്ടായിരുന്നു. "എനിട്ടും അതൊന്നും കിട്ടാത്തത് കൊണ്ട് ഭാഗ്യമില്ലാതെ കലാകാരനാണു ഞാനെന്നു ചിന്തിച്ചിരുന്നു. ഇപ്പൊ ഭാഗ്യമുള്ള കലാകാരനെന്നും."
മിമിക്രിയും സീരിയലും സെന്തിലിനെ മലയാളികൾക്ക് സുപരിചിതനാക്കി. എന്നാൽ എങ്ങനെ ഇവിടെയെത്തി? "വിനയൻ സാറിന്റെ ഭാര്യയാണു സീരിയൽ കണ്ടിട്ടു എന്റെ പേര് പറയുന്നത്." കഴിവും, രൂപ സാദൃശ്യവുമെല്ലാം മണിക്കിണങ്ങുന്നതു തന്നെ. എന്നാൽ വെല്ലുവിളി അതൊന്നുമല്ല. കലാഭവൻ മണിയുടെ ചെറു ചലനങ്ങൾ പോലും പരിചിതമാണു മലയാളികൾക്ക്. അവർ മനസ്സിൽ കൊണ്ടു നടക്കുന്ന കലാകാരനെ അവതരിപ്പിക്കുമ്പോൾ കുറ്റം പറയാൻ ഇട വരാതെ നോക്കണം. വെറും അനുകരണം എന്നു തോന്നാനും പാടില്ല.
"ഒരു സാധാരണ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഇതൊന്നും വലിയ കാരണമാവില്ല. ആത്മാവ് അർപ്പിച്ചാണു ചെയ്തതു. കഠിനാദ്ധ്വാനം വേണ്ടി വന്നു. മണിച്ചേട്ടന്റെ പെരുമാറ്റ രീതികളൊക്കെ ചെയ്യുമ്പോൾ ഒരു അനുഗ്രഹം ഉള്ളതായി എനിക്ക് തോന്നി. ഇതേ പറ്റി കൂട്ടുകാരോടു പറഞ്ഞപ്പോൾ 'നീ എന്ത് തള്ളാടാ തള്ളുന്നതു' എന്നായിരുന്നു മറുപടി. സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ അവരും സമ്മതിച്ചു തന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കൾ അംഗീകരിച്ചു തരാനാണല്ലോ പ്രയാസം?" സെന്തിൽ പറയുന്നു.
ചിത്രം കാണുമ്പോൾ മനസ്സിലാവും 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിൽ മണി മരച്ചുവട്ടിൽ ഇരുന്നു പാടുന്ന ഗാന രംഗവും, പോസ്റ്ററിൽ കാണിക്കുന്ന മുഖവും പഴയ കാലത്തു നിന്നും വീണ്ടും കൊണ്ടു വന്നതാണോയെന്നു. പക്ഷെ അല്ല. അതെല്ലാം രാജാമണിയായി മാറിയ സെന്തിൽ തന്നെയാണു.
തിരുവനന്തപുരം കെ എസ് ആർ ടി സി യിലെ കണ്ടക്ടർ ജോലിക്കു അവധി കൊടുത്താണു ചാലക്കക്കുടിക്കാരുടെ സ്വന്തക്കാരനാവാൻ സെന്തിൽ പുറപ്പെട്ടതു. "ഒരു വർഷം ഞാൻ ഈ ചിത്രത്തിന്റെ പിറകെ ആയിരുന്നു. ഷൂട്ടിംഗ് തുടങ്ങിയ സമയം ലീവിൽ കയറി. കഴിഞ്ഞിട്ടു വീണ്ടും ഡ്യൂട്ടിയിൽ. റിലീസ് ആയതിൽ പിന്നെ വീണ്ടും ലീവ് എടുത്തു, ഇനി തിരികെ കേറണം." തിരുവനന്തപുരം വെള്ളായണി റൂട്ടിലാണു സെന്തിലിനു സർവീസ്. ഇനി നായകൻ ടിക്കറ്റ് കൊടുക്കുമ്പോൾ യാത്രക്കാർ എങ്ങനെ പ്രതികരിക്കും എന്നു സെന്തിലിനു തന്നെ അറിയില്ല.
ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം കൈരളി തിയേറ്ററിൽ പോയപ്പോളുള്ള അനുഭവം നോക്കിയാൽ പഴയ പോലെ വെറുതെ മണികൊട്ടി ആളെ കയറ്റി വണ്ടി വിട്ടങ്ങു പോകാനാവില്ല സെന്തിലിനു. "ക്യൂവിൽ നിന്ന് ടിക്കെറ്റെടുത്തു സിനിമ കാണുന്ന ഒരാളായിരുന്നു കഴിഞ്ഞയാഴ്ച വരെയും ഞാൻ. ഇന്നലെ സിനിമയ്ക്കു ആളെങ്ങനെയുണ്ട് എന്നു നോക്കാൻ വെറുതെ അവിടെ ചെന്നപ്പോൾ ചുറ്റും ഫോട്ടോ എടുക്കാനും കുശലം പറയാനുമൊക്കെ ആള് കൂടി. ഒരു വെള്ളിയാഴ്ച കൊണ്ട് വരുന്ന മാറ്റങ്ങളേ," ചിരിച്ചു കൊണ്ടു സെന്തിൽ പറയുന്നു.
ഷൂട്ടിങ്ങിനു മുമ്പു മണിയുടെ സ്വന്തം നാടായ ചാലക്കുടിയിൽ പോയി കുടുംബാംഗങ്ങളെ കണ്ടും, സംസാരിച്ചും, മണിയുടെ സ്‌മൃതി ഭൂമിയിൽ പ്രണമിച്ചും അനുഗ്രഹം നേടിയിരുന്നു സെന്തിൽ. "ചാലക്കുടിയിൽ വച്ചാണു മിക്ക സീനുകളും എടുത്തതു. രാമകൃഷ്ണൻ ചേട്ടനെ (മണിയുടെ അനുജൻ) കണ്ടപ്പോൾ കുറെ കാര്യങ്ങൾ പറഞ്ഞു തന്നു. സിനിമയിൽ ഒരു പാട്ടു പാടിയിരിക്കുന്നതും രാമകൃഷ്ണൻ ചേട്ടനാണു."
ഇനിയും സിനിമയുടെ വഴിയേ നടക്കാൻ തന്നെയാണു സെന്തിലിനു ആഗ്രഹം. വിനയൻ തന്റെ അടുത്ത ചിത്രത്തിലേക്കു ക്ഷണം നൽകിയിട്ടുണ്ട്. "ഒരു പൊലീസുകാരന്റെ വേഷമാണു. അച്ഛൻ മരിച്ചു ജോലി കിട്ടുന്നയൊരാൾ. വേറെയും ചില ഓഫാറുകൾ വന്നിരുന്നു," സെന്തിൽ പറയുന്നു.
ഉണ്ണി മുകുന്ദനു വീട്ടാനാവാതെ പോയ കടം
ഒരു പഴയ കഥയുണ്ടു ഉണ്ണി മുകുന്ദനും കലാഭവൻ മണിയും തമ്മിൽ. ചിത്രത്തിലേതു പോലെ തന്നെ കൊടുക്കുന്ന പണത്തിനു കണക്കു വയ്ക്കാത്ത, തിരിച്ചു ചോദിക്കാത്ത സ്വഭാവം മണിക്ക് ജീവിതത്തിലും ഉണ്ടായിരുന്നു. "5000 രൂപ മണി ചേട്ടനു തിരിച്ചു കൊടുക്കാനുണ്ടായിരുന്നു. ഉണ്ണി മുകുന്ദൻ അതെന്നെ വിളിച്ചു പറയുമ്പോൾ ആ വിഷമം വാക്കുകളിൽ ഉണ്ടായിരുന്നു. അത് പോലൊരു വ്യക്തി എന്നെ വിളിച്ചു അഭിനന്ദിക്കുന്നതു വലിയ കാര്യമാണു."
കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സി.ബി.ഐയോട് വിനയന്‍
സെന്തിൽ പറയുന്നു രാജാമണിക്കുള്ള അവാർഡ് തനിക്കു ലഭിച്ചിരിക്കുന്നുവെന്നു! "എറണാകുളം സവിത തിയേറ്ററിൽ ആയിരുന്നു ആദ്യ ദിവസം ഷോ കാണാൻ ഞാൻ പോയതു. എന്റെ തൊട്ടടുത്തു ഒരമ്മൂമ്മ ഇരിപ്പുണ്ടായിരുന്നു. എന്റെ സീരിയലുകൾ കണ്ടിട്ടുണ്ടാവും. ആദ്യം എന്നെ നോക്കിയൊന്നു ചിരിച്ചു. പിന്നെ ഇടയ്ക്കിടെ എന്നെയും സ്ക്രീനും മാറി മാറി നോക്കും. കുറെ കഴിഞ്ഞു അതു നിന്നു. ക്ളൈമാക്സ് എത്തിയതും അവർ കണ്ണ് തുടക്കാൻ തുടങ്ങി. എന്റെ തലയിൽ കൈവച്ചു അനുഗ്രഹിച്ചു. അതാണു എനിക്കു കിട്ടിയ ആദ്യ അവാർഡ്,"
മണിയെന്ന രാജാമണിക്കു തന്ന പ്രോത്സാഹനവും, സ്‌നേഹവും പ്രാർത്ഥനയുമായി ഇതുപോലെ തന്നെ എന്നു പ്രേക്ഷകർ തന്റെയൊപ്പം ഉണ്ടാവണം എന്നാണു ഈ കലാകാരന്റെ ആഗ്രഹം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kalabhavan mani