30-ാമത് IFFKയുടെ ജൂറി ചെയർമാനായി ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫ്
- Published by:meera_57
- news18-malayalam
Last Updated:
റസൂലോഫിനെ 2025ല്‍ ലോകത്തെ ഏറ്റവും സ്വാധീനശക്തിയേറിയ 100 വ്യക്തികളിലൊരാളായി ടൈം മാഗസിന്‍ തെരഞ്ഞെടുത്തിട്ടുണ്ട്
ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫ് (Mohammad Rasoulof) 30-ാമത് IFFKയിലെ മല്‍സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ നാല് പുരസ്‌കാരങ്ങള്‍ നേടിയ 'ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്' ഉള്‍പ്പെടെ നാലു ചിത്രങ്ങളിലൂടെ എട്ട് പുരസ്‌കാരങ്ങള്‍ കാന്‍ മേളയില്‍നിന്ന് തന്നെ നേടിയ അപൂര്‍വം സംവിധായകരിലൊരാളാണ് റസൂലോഫ്. ബെര്‍ലിന്‍ മേളയിലെ ഗോള്‍ഡന്‍ ബെയര്‍, ഗോവ ചലച്ചിത്രമേളയിലെ സുവര്‍ണമയൂരം, ഷിക്കാഗോ ഫെസ്റ്റിവലിലെ സില്‍വര്‍ ഹ്യൂഗോ തുടങ്ങി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ റസൂലോഫിനെ 2025ല്‍ ലോകത്തെ ഏറ്റവും സ്വാധീനശക്തിയേറിയ 100 വ്യക്തികളിലൊരാളായി ടൈം മാഗസിന്‍ തെരഞ്ഞെടുത്തിട്ടുണ്ട്.
സ്വതന്ത്രമായ ചലച്ചിത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ ഇറാന്‍ ഭരണകൂടത്തിന്റെ സെന്‍സര്‍ഷിപ്പിനും ശിക്ഷാവിധികള്‍ക്കും ഇരയായ റസൂലോഫ് രാജ്യഭ്രഷ്ടനായി നിലവില്‍ ജര്‍മനിയിലാണ് കഴിയുന്നത്. ഇതുവരെ അഞ്ച് ഫീച്ചര്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഒന്നുപോലും ഇറാനില്‍ പ്രദര്‍ശിപ്പിക്കാനായിട്ടില്ല. 2010ല്‍ ജാഫര്‍ പനാഹിയോടൊപ്പം ഒരു സിനിമ ചിത്രീകരിക്കുന്നതിനിടെ അറസ്റ്റ് ചെയ്യപ്പെടുകയും ആറു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം 'ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്' കാന്‍മേളയുടെ മല്‍സരവിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എട്ടുവര്‍ഷം തടവും ചാട്ടവാറടിയും പിഴയുമാണ് അദ്ദേഹത്തിന് ലഭിച്ച ശിക്ഷ. ദ റ്റ്വിലൈറ്റ്, അയേണ്‍ ഐലന്‍ഡ്, എ മാന്‍ ഓഫ് ഇന്റഗ്രിറ്റി, ദെര്‍ ഈസ് നോ ഇവിള്‍' എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍.
advertisement
വിഖ്യാത സ്പാനിഷ് നടി ആന്‍ഗെലാ മോലിന, വിയറ്റ്‌നാമീസ് സംവിധായകനും എഴുത്തുകാരനുമായ ബുയി താക് ചുയന്‍, മലേഷ്യന്‍ സംവിധായകനായ എഡ്മണ്ട് ഇയോ, ബ്രിട്ടീഷ് ഇന്ത്യന്‍ സംവിധായിക സന്ധ്യ സൂരി എന്നിവരാണ് അന്താരാഷ്ട്ര മല്‍സരവിഭാഗത്തിലെ മറ്റ് അംഗങ്ങള്‍. ബുസാന്‍, ഷാങ്ഹായ് മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളുടെ സംവിധായകനാണ് ബുയി താക് ചുയന്‍. വെനീസ്, കാന്‍, ലൊകാര്‍ണോ, ടൊറന്‍േറാ മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ സംവിധായകനാണ് എഡ്മണ്ട് ഇയോ. പെദ്രോ അല്‍മോദോവര്‍, ലൂയി ബുനുവല്‍, കാര്‍ലോസ് സോറ, മാര്‍ക്കോ ബെല്‌ളോക്യോ തുടങ്ങിയ ചലച്ചിത്രാചാര്യന്മാരുടെ സിനിമകളില്‍ വേഷമിട്ട, അരനൂറ്റാണ്ടുകാലമായി അഭിനയരംഗത്തുള്ള മുതിര്‍ന്ന നടിയാണ് ആന്‍ഗെലാ മോലിന. നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. സന്ധ്യ സൂരിയുടെ ആദ്യ ഫീച്ചര്‍ സിനിമയായ 'സന്തോഷ്' കഴിഞ്ഞ വര്‍ഷം കാന്‍ ചലച്ചിത്രമേളയിലെ ഔദ്യോഗിക വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്‌കറിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു ഈ ചിത്രം.
advertisement
എഴുത്തുകാരനും പ്രസാധകനും ഫിലിം പ്രോഗ്രാമറുമായ ക്രിസ്റ്റഫര്‍ സ്‌മോള്‍, ഫിലിം, ടി.വി, പോപ് കള്‍ച്ചര്‍ നിരൂപകയും പ്രക്ഷേപകയുമായ അശാന്തി ഓംകാര്‍, ചലച്ചിത്രനിരൂപകയും കവിയും വിവര്‍ത്തകയുമായ അപരാജിത പൂജാരി എന്നിവരാണ് ഫിപ്രസി ജൂറി അംഗങ്ങള്‍.
സംവിധായകനും എഡിറ്ററും സൗണ്ട് എഞ്ചിനിയറുമായ ഉപാലി ഗാംലത്, സംവിധായികയും നിര്‍മ്മാതാവുമായ സുപ്രിയ സൂരി, ചലച്ചിത്രനിരൂപകയും സാംസ്‌കാരിക വിമര്‍ശകയുമായ ഇഷിത സെന്‍ഗുപ്ത എന്നിവരാണ് നെറ്റ് പാക് ജൂറി അംഗങ്ങള്‍.
തമിഴ് സംവിധായകന്‍ കെ. ഹരിഹരനാണ് കെ.ആര്‍. മോഹനന്‍ അവാര്‍ഡിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ അദ്ദേഹം എട്ട് ഫീച്ചര്‍ സിനിമകളും 350 ഓളം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്രനിരൂപകയും വിവര്‍ത്തകയുമായ ലതിക പഡ്‌ഗോന്‍കര്‍, നടിയും എഴുത്തുകാരിയുമായ സജിത മഠത്തില്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 06, 2025 6:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
30-ാമത് IFFKയുടെ ജൂറി ചെയർമാനായി ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫ്


