• HOME
  • »
  • NEWS
  • »
  • film
  • »
  • 'തേനൂറും പ്രിയദൃശ്യങ്ങളിൻ കൊമ്പത്ത് മാണിക്യനും കാർത്തുമ്പിയും'; തേന്മാവിൻ കൊമ്പത്തേറിയ ഒരു കടുത്ത ആരാധകന്റെ ഓർമ്മക്കുറിപ്പ്

'തേനൂറും പ്രിയദൃശ്യങ്ങളിൻ കൊമ്പത്ത് മാണിക്യനും കാർത്തുമ്പിയും'; തേന്മാവിൻ കൊമ്പത്തേറിയ ഒരു കടുത്ത ആരാധകന്റെ ഓർമ്മക്കുറിപ്പ്

തേന്മാവിൻ കൊമ്പത്തിന്റെ ഓർമ്മകളുമായി ആരാധകന്റെ കുറിപ്പ്

തേന്മാവിൻ കൊമ്പത്ത്

തേന്മാവിൻ കൊമ്പത്ത്

  • Share this:
പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം 'തേന്മാവിൻ കൊമ്പത്ത്' റിലീസ് ചെയ്തിട്ട് 27 വർഷങ്ങൾ തികയുന്ന ദിവസമാണിന്ന്. അടുത്തിടെ അന്തരിച്ച ഛായാഗ്രാഹകൻ കെ.വി. ആനന്ദിന്റെ ഫ്രയിമുകളെ പറ്റിയുള്ള സോഷ്യൽ മീഡിയയിലെ പരാമർശങ്ങളിൽ തേന്മാവിൻ കൊമ്പത്തും ഉണ്ടായിരുന്നു. അന്ന് ഈ സിനിമ കാണാൻ തിരക്കിട്ടുകേറിയ ഒരു വിദ്യാർത്ഥിയുടെ ഓർമ്മക്കുറിപ്പാണിത്. സഫീർ അഹമ്മദ് എന്ന ചലച്ചിത്രാസ്വാദകന്റെ നീണ്ട കുറിപ്പിന്റെ ഒരു ഭാഗം ചുവടെ വായിക്കാം:

'തേനൂറും പ്രിയദൃശ്യങ്ങളിൻ കൊമ്പത്ത് മാണിക്യനും കാർത്തുമ്പിയും'
കേരളം വേനൽ ചൂടിൽ വെന്തുരുകി നില്ക്കുന്ന തൊണ്ണൂറ്റിനാല് ഏപ്രിൽ മാസത്തിലെ അവസാന വാരത്തിൽ തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയുടെ ഓഡിയൊ കാസറ്റ് അത്യാവശ്യം നല്ല പത്ര പരസ്യങ്ങളുടെ അകമ്പടിയോടെ റിലീസായി..ആ സിനിമയിലെ പാട്ടുകളെല്ലാം വളരെ പെട്ടെന്ന് തന്നെ ലോട്ടറി വിൽപ്പനക്കാരിലൂടെയും കാസറ്റ് കടകളിലൂടെയും ഒക്കെ കേരളത്തിലെ തെരുവുകളായ തെരുവുകളിൽ എല്ലാം അലയടിച്ചു,ആളുകൾ ആ പാട്ടുകളെല്ലാം നെഞ്ചിലേറ്റി പാടി..
'കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ',മലയാളികളുടെ കാതിൽ തേന്മഴ പെയ്യിച്ച പാട്ടും പാടി മാണിക്യനെയും കാർത്തുമ്പിയെയും തേന്മാവിൻ കൊമ്പത്തിലൂടെ പ്രിയദർശൻ തിരശ്ശീലയിൽ അവതരിപ്പിച്ചിട്ട് ഇന്നേക്ക്,മെയ് 13ന് 27 വർഷങ്ങൾ ആയി...

താളവട്ടത്തിലൂടെയും ചിത്രത്തിലൂടെയും ഒക്കെ പ്രേക്ഷകരെ അങ്ങേയറ്റം എൻ്റർടെയിൻ ചെയ്ത് ബോക്സ് ഓഫീസിൽ വൻ വിജയ സിനിമകൾ പ്രിയദർശൻ-മോഹൻലാൽ കൂട്ടുക്കെട്ട് സമ്മാനിച്ചപ്പോൾ കരുതിയിരുന്നത് ഈ സിനിമകൾക്ക് മേലെ നില്ക്കുന്ന,ചിരിപ്പിക്കുന്ന,രസിപ്പിക്കുന്ന സിനിമ ഇനി അവർക്ക് സൃഷ്ടിക്കാൻ കഴിയില്ല എന്നാണ്..എന്നാൽ അതിന് ശേഷം ചിത്രത്തോളം ചിരിപ്പിച്ച,രസിപ്പിച്ച,വിജയം നേടിയ കിലുക്കം വന്നു,കിലുക്കത്തോളം രസിപ്പിച്ച തേന്മാവിൻ കൊമ്പത്തും ചന്ദ്രലേഖയും വന്നു,ഇതിനിടയിൽ ഇവരുടെ തന്നെ മറ്റ് ഒട്ടനവധി സിനിമകളും വന്നു..ഒരു ഇൻഡസ്ട്രി ഹിറ്റ് സിനിമ പല സംവിധായകർക്കും നടന്മാർക്കും ഒരു ബാധ്യതയായി മാറുമ്പോൾ പ്രിയൻ-ലാൽ കൂട്ടുക്കെട്ട് അത് പലവട്ടം ആവർത്തിച്ച് കൊണ്ടേയിരുന്നു..

ഒരു നാടോടിക്കഥ പോലെ മനോഹരമായ കഥയിലെ ഹാസ്യവും പ്രണയവും പ്രണയഭംഗവും പാട്ടുകളും സെൻ്റിമെൻ്റ്സും ചതിയും ആക്ഷനും ഒക്കെ വളരെ ചിട്ടയോടെ തിരക്കഥയിൽ സമന്വയിപ്പിച്ച് അവയല്ലാം പ്രത്യേക ലൈറ്റിങ്ങും കളർ പറ്റേണും കൊടുത്ത് ദൃശ്യ ഭംഗി നിറഞ്ഞ മികവാർന്ന ഫ്രെയിമുകളിൽ കെ.വി.ആനന്ദ് എന്ന അന്നത്തെ പുതുമുഖ ഛായാഗ്രാഹകൻ്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത് തേന്മാവിൻ കൊമ്പത്ത് പ്രിയദർശൻ അവതരിപ്പിച്ചപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് ഏറ്റവും ലക്ഷണം ഒത്ത ഒരു എൻ്റർടെയിനറാണ്..മലയാള സിനിമയിൽ തേന്മാവിൻ കൊമ്പത്തിന് മുമ്പൊ ശേഷമോ ഇത്രത്തോളം ദൃശ്യ മികവുള്ള,ദൃശ്യ പൊലിമയുള്ള,പ്രേക്ഷകൻ്റെ കണ്ണിന് കുളിർമ നല്കിയ ഒരു സിനിമ ഉണ്ടായിട്ടില്ല..ഒരുപക്ഷേ മലയാള സിനിമ ചരിത്രത്തിൽ തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ പൊട്ടിച്ചിരികൾ ഉയർത്തിയ രംഗങ്ങൾ തേന്മാവിൻ കൊമ്പത്തിലേത് ആയിരിക്കും, ശ്രീഹള്ളി-മുദ്ദുഗവു രംഗങ്ങളായിരിക്കും..
പ്രിയദർശൻ്റെ പൂച്ചയ്ക്കൊരു മൂക്കുത്തി മുതൽ ഉള്ള ബഹുഭൂരിപക്ഷം സിനിമകൾക്കും എഡിറ്റിങ്ങ് നിർവ്വഹിച്ചിട്ടുള്ള,ഗുരു തുല്യനായി കാണുന്ന എൻ.ഗോപാലകൃഷ്ണനെ സാമ്പത്തികമായി സഹായിക്കാൻ വേണ്ടിയാണ് തേന്മാവിൻ കൊമ്പത്തിന് വേണ്ടി പ്രിയദർശനും മോഹൻലാലും വീണ്ടും കൈ കോർത്തത്, എൻ.ഗോപാലകൃഷ്ണനെ നിർമ്മാതാവിൻ്റെ കുപ്പായമണിയിച്ച് കൊണ്ട്.. പൂർത്തിയാകാത്ത തിരക്കഥകളുമായി സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്ന,സെറ്റിൽ ഇരുന്ന് കൊണ്ട് തിരക്കഥയും സംഭാഷണവും എഴുതുന്ന ശീലമുള്ള പ്രിയദർശൻ ആദ്യമായി എഴുതി പൂർത്തിയാക്കിയ തിരക്കഥയുമായി ഷൂട്ടിങ്ങ് തുടങ്ങിയത് തേന്മാവിൻ കൊമ്പത്തിന് വേണ്ടിയാണ്..

സാധാരണ പ്രിയൻ-ലാൽ സിനിമകൾ പോലെ തന്നെ മനോഹരമായിരുന്നു തേന്മാവിൻ കൊമ്പത്തും,എന്നാൽ തികച്ചും വ്യത്യസ്തവും,പ്രത്യേകിച്ച് കഥ പറയാൻ തെരഞ്ഞെടുത്ത പശ്ചാത്തലം..ശ്രീഹള്ളി എന്ന സാങ്കൽപ്പിക അതിർത്തി ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ശ്രീകൃഷ്ണനോടും യശോദാമ്മയോടുമുള്ള മാണിക്യൻ്റെ സ്നേഹവും കൂറും,കാർത്തുമ്പിയുടെയും മാണിക്യൻ്റെയും വഴക്കിടലും പ്രണയവും പാട്ടും നൃത്തവും,അപ്പക്കാളയുടെ കുരുട്ട് ബുദ്ധിയും ചതിയും ഒക്കെ ഹാസ്യത്തിൻ്റെ രസക്കൂട്ടിൽ മുമ്പെങ്ങും കാണാത്ത ദൃശ്യ മികവോടെയും സാങ്കേതിക മേന്മയോടെയും പ്രിയദർശൻ അവതരിച്ചപ്പോൾ മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും അതൊരു നവാനുഭൂതിയായി,അവരത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു..സിനിമയ്ക്ക് രണ്ടേ മുക്കാൽ മണിക്കൂറോളം ദൈർഘ്യം ഉണ്ടായിട്ട് പോലും പ്രേക്ഷകന് ഒട്ടും തന്നെ മുഷിച്ചിൽ അനുഭവപ്പെടാതിരുന്നത് പ്രിയദർശൻ്റെ തിരക്കഥയുടെ കരുത്ത് കൊണ്ടും സംവിധാനത്തിലെ പുതുമ കൊണ്ടുമാണ്..

ഇനി സഫീർ അന്ന് സിനിമ കണ്ട ഓർമ്മകളും ചലച്ചിത്രാസ്വാദനവുമാണ് ഫേസ്ബുക് കുറിപ്പിന്റെ ബാക്കി ഭാഗത്തുള്ളത്
Published by:user_57
First published: