നെഞ്ച് വിരിച്ച് ലാലേട്ടൻ, മുണ്ടുമടക്കി ലാലേട്ടൻ, മീശപിരിച്ച് ലാലേട്ടൻ, റെയ്‌ബാൻ വച്ച് ലാലേട്ടൻ... കേട്ടിട്ടില്ലേ? മോഹൻലാൽ (Mohanlal) ആരാധകരുടെ ഫാൻസോംഗിന് ഇവിടെ എന്ത് കാര്യം എന്ന് ചോദിയ്ക്കാൻ വരുന്നെങ്കിൽ, കാര്യമുണ്ട്. അത്യാവശ്യം സ്റ്റൈലൻ ബിൽഡ്അപ്പോട് കൂടി അവതരിപ്പിക്കപ്പെടുന്ന നെയ്യാറ്റിൻകര ഗോപന്റെ (മീശപിരിക്കൽ അത്രകാര്യമായി പറയാനില്ലെങ്കിലും) 'ആറാട്ടിന്റെ' (Aaraattu) തുടക്കം എങ്ങനെയെന്ന് പറയാൻ മറ്റൊരു മാർഗം തേടിപ്പോകേണ്ടതില്ല. മാത്രവുമല്ല, എണ്ണംപറഞ്ഞ മലയാള സിനിമകളിൽ ആരാധകരെ മാസ് ആക്ഷൻ കാട്ടി ഹരംകൊള്ളിപ്പിച്ച നായകനായ ആ പഴയ മോഹൻലാലിന്റെ തിരിച്ചുവരവും കൂടിയായാൽ വേറെന്തു വേണം?
ഭർത്താവ്, അച്ഛൻ, ഏട്ടൻ വേഷങ്ങൾ ചെയ്താലും കയ്യടി നിലനിർത്താമെന്ന് അദ്ദേഹം കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി പ്രേക്ഷകരെ പഠിപ്പിച്ചുവെങ്കിലും, മാസും ത്രില്ലുമായി തിരികെയെത്തിയാലും ആടിത്തിമിർത്ത് കൊണ്ടാടാൻ തിയേറ്ററിൽ ആരാധകർ എത്തും എന്ന് ഉറപ്പിച്ച മട്ടിലാണ് നെയ്യാറ്റിൻകര ഗോപൻ. ആ ഉറപ്പിന്മേൽ ആവശ്യമായ രസായനകൂട്ടുകൾ ചേർത്തിളക്കിയാൽ, പ്രേക്ഷർക്ക് ഇഷ്‌ടപ്പെടുന്ന ഒരു ബിഗ് ബജറ്റ് സിനിമ പടുത്തുയർത്താം എന്ന സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ ആത്മവിശ്വാസവും ഉദയ്കൃഷ്ണയുടെ തിരക്കഥയും സമാസമം കൂടിയായാൽ, 'ആറാട്ടിന്' തലയെടുപ്പോടെ എഴുന്നള്ളത്താവാം.
മാസിന് തുല്യം മാസ് മാത്രം
സിനിമയിൽ വിദേശ മാതൃകയിൽ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തകൃതിയായി അരങ്ങേറുമ്പോൾ, പ്രേക്ഷകർക്ക് ചിരപരിചിതമായ ഫോർമാറ്റിൽ പന്ത് ഗോൾപോസ്റ്റിൽ എത്തിക്കാൻ 1980 മുതൽ ഇന്നുവരെ ബിഗ് സ്‌ക്രീനിൽ നിറഞ്ഞാടുന്ന നായകന്മാരുടെ കിക്ക് ചിലപ്പോഴെങ്കിലും അത്യന്താപേക്ഷിതമാവുന്നു. അങ്ങനെയെങ്കിൽ, ആ മുൻനിര നായകന്മാരിൽ ഒരാൾ മോഹൻലാൽ അല്ലാതെ മറ്റാരുമല്ല.
സ്ക്രീനിനു മുന്നിൽ കുടുകുടെ ചിരിച്ചും നിർത്താതെ കയ്യടിച്ചും ശീലിച്ചവർക്ക് മുന്നിൽ പൂണ്ടുവിളയാടാൻ തന്നെയാണ് നെയ്യാറ്റിൻകര ഗോപന്റെയും കൂട്ടരുടെയും തീരുമാനം. തിരുവനന്തപുരത്തു നിന്നും പാലക്കാട് പാട്ടത്തിനെടുത്ത ഭൂമിയുമായി ബന്ധപ്പെട്ടുള്ള ഇടപാട് സംബന്ധിച്ചുള്ള ഗോപന്റെ യാത്രയോടെ 'ആറാട്ട്' തുടങ്ങുകയായി. നീണ്ടുവിശാലമായ ഭൂമിയിൽ കൃഷിയിറക്കാൻ വരുന്ന ആളാരാണ് എന്ന് കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തവർക്ക് 'I am coming' എന്ന SMS അയച്ചു ഞെട്ടിച്ച് മിനിറ്റുകൾക്കുള്ളിൽ 2255 നമ്പറിലെ ബ്ലാക്ക് വിന്റേജ് ബെൻസിൽ വന്നിറങ്ങുന്ന ജുബ്ബാധാരിയായ ഗോപൻ.
ഏറെ നാളുകൾക്കു ശേഷം ഒരു മാസ് ആക്ഷൻ എന്റെർറ്റൈന്മെന്റുമായി മോഹൻലാൽ മടങ്ങി എത്തിയതുകൊണ്ടാവണം, ആദ്യ പകുതിയിൽ ഹിസ് ഹൈനസ് അബ്ദുള്ളയിൽ തുടങ്ങി, മണിച്ചിത്രത്താഴും, ചന്ദ്രലേഖയും, നരസിംഹവും, ആറാം തമ്പുരാനും ഒക്കെ ചേർത്ത് ഇളക്കി ലൂസിഫർ വരെയുള്ള ഹിറ്റ് പടങ്ങളുടെ കോക്ക്ടെയ്ൽ ഒരുക്കിയത്. പ്രധാനമായും നർമ്മം ഉദ്ദേശിച്ചുകൊണ്ടുള്ള കളി ഇവിടെ കാണാം. ത്രസിപ്പിക്കുന്ന പശ്ചാത്തലസംഗീതം കൂടി ചേരുന്നതും സംഗതി ഗംഭീരം.
സിനിമയുടെ ആദ്യ മണിക്കൂറിൽ തുടങ്ങി ക്ലൈമാക്സ് എത്തുമ്പോഴേക്കും നാല് ഫൈറ്റ് സീനുകൾ കണ്ടുകഴിയാം.
നെയ്യാറ്റിൻകര ഗോപൻ, ആരാണയാൾ?
'ഗാനഭൂഷണം' നെയ്യാറ്റിൻകര ഗോപന്റെ ഉദ്ദേശം മുതലക്കോട്ടയിൽ പാട്ടഭൂമി കുഴിച്ച് അവിടെ മത്സ്യകൃഷി നടത്താനാണ് എന്ന് പറയുന്നുണ്ടെങ്കിലും ലക്‌ഷ്യം ചിന്തകളെക്കാളും വളരെ മുകളിലാണ്. ഇവിടെ കൃഷി ഇറക്കാൻ എതിർപ്പുമായി ആർ.ഡി.ഒയും, നാട്ടിലെ ചെറുപ്പക്കാരുടെ കൂട്ടായ്മയായ 'മുതലക്കോട്ട ബറ്റാലിയനും' ചേരുന്നതോടെ കഥയുടെ ചടുലതയിലേക്കുള്ള പെരുമ്പറകൊട്ടായി. ഇനി മുന്നോട്ടു പോകണമെങ്കിൽ നാട്ടുകാരുടെ പിന്തുണ കൂടിയേ തീരൂ എന്ന് മനസ്സിലാവുന്ന ഗോപൻ, അതിനായുള്ള ശ്രമം ആരംഭിക്കുന്നു. എതിർപ്പുമായി നിക്കുന്ന ചെറുപ്പക്കാരുടെ സംഘമായ ബറ്റാലിയൻ അംഗങ്ങളെ കൂട്ടുപിടിച്ച് അയാൾ നാട്ടുകാരിലൊരാൾ എന്ന നിലയിലേക്കെത്തുന്നു.
മലയാള സിനിമയുടെ പതിവനുസരിച്ച് പാലക്കാടൻ കഥാപാത്രം മുഴുനീള പാലക്കാടൻ ഭാഷ പറയുകയോ, തൃശൂർകാരൻ തുടക്കം മുതൽ ഒടുക്കം വരെ തൃശൂർ ഭാഷയുടെ താളത്തിൽ സംസാരിക്കുകയോ ചെയ്യാത്ത സ്ഥിതിക്ക് നെയ്യാറ്റിൻകര ഗോപനും, തെക്കൻ ശൈലിയിലെ പാറശ്ശാല-നെയ്യാറ്റിൻകര മലയാളം ഉപയോഗിക്കുന്നെങ്കിലും, പൂർണ്ണമായും അങ്ങനെയേ ആവാൻ പാടുള്ളൂ എന്ന് നിർബന്ധം പിടിക്കുന്നില്ല.
പൊളിറ്റിക്കൽ കറക്ട്നെസ്സ് പിന്തുടരുന്ന ഗോപൻ, പെൺകുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും വിവാഹത്തെക്കാളും പ്രാധാന്യമർഹിക്കുന്നു എന്ന് വിശ്വസിക്കുന്നു. ജാതിവാലുകൾ മുറിച്ചെറിയുന്നതിന്റെ നൈതികതയെക്കുറിച്ചും ഗോപൻ സംസാരിക്കുന്നു. അതുകൊണ്ട് സിനിമയെ ആറ്റിക്കുറുക്കിയെടുത്താലും ആകെ കാണാവുന്ന ആ ജാതി വാൽ സന്തോഷ് കീഴാറ്റൂരിന്റെ കഥാപാത്രമായ 'രാംദാസ് ചേകവർ' മാത്രമാണ്.
കോമഡിയുടെ കാര്യത്തിൽ നോ കോംപ്രമൈസ്
പാട്ടഭൂമി ഉടമയുടെ (വിജയരാഘവൻ) വക്കീലായി ജോണി ആന്റണിയും പോലീസ് ഉദ്യോഗസ്ഥനായി സിദ്ധിക്കും ഹ്യൂമറിന് മേമ്പൊടിയെന്നോണം കാണാം. ഹീറോയെ മുന്നിൽ നിർത്തി പോലും ട്രോളാൻ ജോണി ആന്റണി ഉണ്ടെങ്കിൽ വേറെ ആളുടെ മേൽവിലാസം തേടിപ്പോകേണ്ട എന്നുറപ്പായ സാഹചര്യത്തിൽ, ഈ കേസില്ലാ വക്കീൽ വേഷം നർമ്മമുഹൂർത്തങ്ങൾ ടൈമിംഗ് തെറ്റാതെ അവതരിപ്പിച്ച് കയ്യടി വാങ്ങിക്കൂട്ടും.
കയ്യിൽകിട്ടുന്നതെന്തും 101 ശതമാനം ആത്മാർത്ഥതയോടെ നിർവഹിച്ചു കൊടുക്കപ്പെടും എന്ന് പറയാതെ പറയുന്ന സിദ്ധിഖ്, സീരിയസ് വേഷങ്ങളുടെ ഘോഷയാത്രയ്ക്ക് ശേഷം കോമഡി ചെയ്തപ്പോൾ പഴയതിനേക്കാൾ തിളക്കത്തോടെ അത് പ്രേക്ഷകരിലെത്തിക്കുകയും ചെയ്തു.
ഗ്രാമീണതയും ശാലീന സൗന്ദര്യവും
ഗ്രാമത്തിൽ പറയുന്ന കഥയാവുമ്പോൾ ശാലീന സുന്ദരിമാർ ഇല്ലതെങ്ങനെയാ? രചന നാരായണൻകുട്ടി, സ്വാസിക, മാളവിക മേനോൻ തുടങ്ങിയവർ നാടൻ തനിമ തുളുമ്പുന്ന, നായകനെ പിന്തുണയ്ക്കുന്ന സുന്ദരിമാരായി തിളങ്ങുന്നു.
അപ്രതീക്ഷിത ട്വിസ്റ്റുകൾ
ആദ്യ പകുതി പരിപൂർണ്ണ എന്റർടൈൻമെന്റ് മാത്രമാണെങ്കിൽ, രണ്ടാം പകുതിയിൽ പ്രതീക്ഷകൾക്ക് മുകളിൽ സഞ്ചരിക്കുന്ന സ്ക്രിപ്റ്റാണ് ഉദയ്കൃഷ്ണയുടേത്. നെയ്യാറ്റിൻകര ഗോപൻ വെറുമൊരു ഗാനഭൂഷണത്തിലോ, ഭൂമിയിടപാടുകാരനിലോ ഒതുങ്ങുന്ന ആളല്ല എന്ന തിരിച്ചറിയലിൽ സസ്പെൻസ് ആരംഭിക്കും.
'ബറ്റാലിയന്റെ' തലതൊട്ടപ്പനായി എത്തുന്ന കോട്ടയം രമേശ് ഈ സിനിമയിലെ മറ്റു കഥാപാത്രങ്ങളെക്കാളും വേറിട്ടതായി എന്ന് നിസ്സംശയം പറയാം. സീരിയൽ ലോകത്തു നിന്നും 'അയ്യപ്പനും കോശിയും' എന്ന സിനിമയിലെ ഒറ്റ കഥാപാത്രം കൊണ്ട് തന്നെ നോട്ടപ്പുള്ളിയായി മാറിയ അദ്ദേഹത്തിന്റെ കഥാപാത്രമായ 'സ്വാമി'യുടെ ട്രാൻസ്ഫോർമേഷൻ സിനിമയുടെ പ്രധാന വഴിത്തിരിവിന് മുറുക്കം കൂട്ടുന്നു. ഉണ്ട, ഓപ്പറേഷൻ ജാവ പോലുള്ള ചിത്രങ്ങളിൽ റിയലിസ്റ്റിക് വേഷങ്ങളിലൂടെ പ്രേക്ഷക പ്രശംസ ലഭിച്ച ലുക്മാൻ, കമൽഹാസന്റെ ഗാനം ത്രെഡ്മില്ലിൽ ചെയ്ത് സോഷ്യൽ മീഡിയയുടെ ശ്രദ്ധാകേന്ദ്രമായ അശ്വിൻ കുമാർ എന്നിവരെ വേറിട്ട വേഷങ്ങളിൽ കാണാം.
എല്ലാത്തിനും പുറമേ, സിനിമയുടെ സുപ്രധാന ആകർഷണമായ എ.ആർ. റഹ്മാൻ ഷോയും, ശിവമണിയുടെ സംഗീതവും മറ്റൊരു പ്രധാനഘട്ടത്തിൽ സമയോചിതമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 'വില്ലന്' ശേഷം മോഹൻലാലും ബി. ഉണ്ണികൃഷ്ണനും കൈകോർത്തപ്പോൾ മുൻപത്തേക്കാളും മികച്ച ഒരു ചിത്രം തന്നെയായി മാറി 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്നുറപ്പിക്കാം.
Published by:Meera Manu
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.