കേവലം ഒരു സീറ്റിൽ മാത്രം വിജയിച്ച ഇടതുപക്ഷത്തിന് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു ഫേസ്ബുക്കിൽ. ഒപ്പം സ്വന്തം മണ്ഡലമായ എറണാകുളത്ത് വിജയിച്ച ഹൈബിക്കും യു.ഡി.എഫിന്റെ രമ്യ ഹരിദാസിനും ഉണ്ട് ആശംസ. പോസ്റ്റ് ഇങ്ങനെ. "തോറ്റവർക്കൊപ്പം. ഇനിയും പൊരുതിനേടുമെന്ന് ആവർത്തിക്കുന്ന ഇടതുകേരളത്തിനൊപ്പം. നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം. കൂടുതൽ കരുത്തോടെ തിരിച്ചുവരണം. എന്റെ മണ്ഡലത്തിൽ അതിശയിപ്പിക്കുന്ന ഭൂരിപക്ഷത്തിൽ വിജയിച്ച ശ്രീ ഹൈബിക്ക് അഭിനന്ദനങ്ങൾ. സഖാവ് ആരിഫിനും മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ യു ഡി എഫ് വിജയികൾക്കും വിശിഷ്യാ രമ്യ ഹരിദാസിനും അഭിനന്ദനങ്ങൾ. ലാൽ സലാം"
ആഷിഖ് സംവിധാനം ചെയ്യുന്ന മൾട്ടി-സ്റ്റാർ ചിത്രം വൈറസ് തിയേറ്ററിലെത്താൻ തയ്യാറെടുക്കുകയാണ്. റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം സിനിമാസിന്റെ ബാനറിൽ മുഹ്‌സിൻ പരാരിയും, ഷർഫുവും, സുഹാസും രചിച്ച്, സൈജു ശ്രീധരൻ എഡിറ്റ് ചെയ്ത ചിത്രം ജൂൺ 7 ആണ് തീയേറ്ററുകളിൽ എത്തുന്നത്. 2018 മെയ് മാസത്തിൽ കേരളത്തെ ഭീതിയിലാഴ്ത്തി കടന്നു പോയ നിപ പ്രമേയമാക്കുന്ന സിനിമയിൽ മലയാള സിനിമയിലെ പ്രമുഖ അഭിനേതാക്കൾ അണിനിരക്കുന്നു. രേവതി, റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.