തമിഴ് സിനിമയിലെ പ്രിയങ്കരരായ അഞ്ച് സംവിധായകർ ചേർന്നൊരുക്കുന്ന ചിത്രം ആമസോൺ പ്രൈമിൽ ഉടൻ എത്തും. അഞ്ച് സംവിധായകർ ചേർന്ന് അഞ്ച് ഹ്രസ്വ ചിത്രങ്ങളാണ് പുത്തം പുതു കാലൈ എന്ന് പേരിട്ടിരിക്കുന്ന ആമസോൺ ഒറിജിനൽ മൂവിയിൽ ഒരുക്കുന്നത്.
ഗൗതം മേനോൻ, സുഹാസിനി മണിരത്നം, രാജീവ് മേനോൻ, സുധ കെ പ്രസാദ് , കാർത്തിക് സുബ്ബരാജ് എന്നിവർ ചേർന്നാണ് സിനിമ ഒരുക്കുന്നത്.
വ്യത്യസ്തമായ അഞ്ച് പ്രണയകഥകളായിരിക്കും ചിത്രം പറയുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സിനിമയുടെ ചിത്രീകരണമെന്ന് ആമസോൺ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിലുള്ള കഥകളായിരിക്കും ചിത്രത്തിലൂടെ സംവിധായകർ പറയുന്നത് എന്നാണ് സൂചന.
കോവിഡ് കാലത്തെ സ്നേഹവും പ്രതീക്ഷകളും അകലത്തിലും അടുത്തു നിൽക്കുന്ന ആത്മബന്ധങ്ങളെ കുറിച്ചുമായിരിക്കും പുത്തംപുതു കാലൈ പറയുക.
ഇളമൈ ഇദോ ഇദോ എന്ന ഹ്രസ്വചിത്രമാണ് സുധ കെ പ്രസാദ് പുത്തംപുതു കാലൈയിൽ സംവിധാനം ചെയ്യുന്നത്. ജയറാം, കാളിദാസ് ജയറാം, ഉർവശി, കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. സൂര്യ നായകനായ ഏറ്റവും പുതിയ ചിത്രം സുരാരൈ പോട്ര് ആണ് സുധ കൊങ്കാര( സുധ കെ പ്രസാദ്) സംവിധാനം ചെയ്ത ഏറ്റവും ഒടുവിലത്തെ ചിത്രം.
അവളും നാനും എന്ന ചിത്രമാണ് ഗൗതം മേനോൻ സംവിധാനം ചെയ്യുന്നത്. റിതു വർമ, എംഎസ് ഭാസ്കർ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
റീയൂണിയൻ എന്ന പേരിലാണ് രാജീവ് മേനോൻ ചിത്രം തയ്യാറാക്കുന്നത്. ആൻഡ്രിയ ജെറിമിയ, ലീല സാംസൺ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുക. സുഹാസിനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനു ഹാസൻ, ശ്രുതി ഹാസൻ എന്നിവരാണ് പ്രധാനം വേഷം ചെയ്യുന്നത്. കോഫി എനിവൺ? എന്നാണ് ചിത്രത്തിന്റെ പേര്.
കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന മിറാക്കിൾ ആണ് അവസാനത്തേത്. ബോബി സിംഹ, മുത്തു കുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ഒക്ടോബർ 16 ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.