Dr Biju | 'മയക്കുമരുന്ന് കിട്ടാൻ കാസർഗോഡ് പോയി ഷൂട്ട് ചെയ്യേണ്ടതില്ല' കൂടുതൽ ലഭ്യത കൊച്ചിയിൽ: ഡോ: ബിജു

Last Updated:

വിശദമായ ഫേസ്ബുക്ക് കുറിപ്പിലാണ് ഡോ: ബിജുവിന്റെ പ്രതികരണം

ഡോ. ബിജു
ഡോ. ബിജു
മയക്കുമരുന്ന് കിട്ടാനുള്ള എളുപ്പത്തിനായി മലയാള ചിത്രങ്ങളുടെ ലൊക്കേഷൻ കാസർഗോഡ് (Kasargod) നടത്തുന്നു എന്ന നിർമാതാവ് എം. രഞ്ജിത്തിന്റെ പരാമർശത്തിന് പ്രതികരണവുമായി സംവിധായകൻ ഡോ: ബിജു. തന്റെ രണ്ടു സിനിമകൾക്കും, ഡോക്ടർ എന്ന ഔദ്യോഗിക പദവിയുടെ കൃത്യനിർവഹണത്തിനും കാസർഗോഡിന് പങ്കുണ്ട് എന്ന് ഡോ: ബിജു. മയക്കുമരുന്ന് ലഭ്യത കൂടുതലുള്ളത് കൊച്ചിയിലാണെന്നും കണക്കുകൾ സഹിതം ഡോ: ബിജു വ്യക്തമാക്കുന്നു. വിശദമായ ഫേസ്ബുക്ക് കുറിപ്പിലാണ് ഡോ: ബിജുവിന്റെ പ്രതികരണം.
‘കാസർഗോട്ട് രണ്ടു സിനിമകൾ ഞാൻ ഷൂട്ട്ചെയ്തിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ അഭിനയിച്ച വലിയ ചിറകുള്ള പക്ഷികൾ ഷൂട്ട് ചെയ്തത് 2014 -2015 വർഷങ്ങളിലായി ഒരു വർഷം എടുത്താണ്. മഴക്കാലം, വേനൽ, വസന്തം എന്നിങ്ങനെ മൂന്ന് കാലാവസ്ഥകൾ ആണ് കാസർഗോഡ് ചിത്രീകരിച്ചത്. പിന്നീട് ടൊവിനോ തോമസ് നായകനായ അദൃശ്യ ജാലകങ്ങൾ എന്ന സിനിമയുടെ ചിത്രീകരണം 2022 ൽ. 2022 ജനുവരി മുതൽ ജൂലൈ വരെ ഏതാണ്ട് ഏഴു മാസങ്ങൾ എടുത്താണ് കാസർഗോട്ട് സെറ്റ് നിർമാണം പൂർത്തിയാക്കിയത്. പിന്നീട് ആഗസ്റ്റ് മാസത്തിൽ ഒരു മാസം നീണ്ടു നിന്ന ഷൂട്ടിങ്. ഈ രണ്ടു സിനിമകളും കാസർഗോട്ട് ചെയ്തത് ആ സിനിമകളുടെ ലൊക്കേഷന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ അവിടെ ഉണ്ടായിരുന്നത് കൊണ്ടാണ്‌. കൂടാതെ തിരുവനന്തപുരത്തോ കൊച്ചിയിലോ ഷൂട്ട് ചെയ്യുന്നതിനേക്കാൾ ബജറ്റ് കുറവും തദ്ദേശീയമായ ആളുകളുടെ സഹകരണവും കാസർഗോട്ട് കൂടുതലായി ലഭിച്ചിരുന്നു എന്നതാണ് എന്റെ അനുഭവം.
advertisement
മംഗലാപുരത്തു മയക്കു മരുന്ന് കിട്ടാനുള്ള എളുപ്പത്തിന് കാസർഗോട്ട് സിനിമകൾ ചിത്രീകരിക്കുന്നു എന്ന രീതിയിലുള്ള പ്രസ്താവനകൾ തീർത്തും അബദ്ധമാണ്. വസ്തുതകൾക്ക് നിരക്കാത്തതാണ്. മയക്ക് മരുന്ന് കിട്ടാൻ കാസർഗോട്ട് പോയി ഷൂട്ട് ചെയ്യേണ്ടതില്ല. അതിനേക്കാൾ കൂടുതൽ മയക്ക് മരുന്ന് ലഭ്യത കൊച്ചിയിൽ ഉണ്ട്.
Narcotic Drugs and Psychotropic Substances (NDPS) Act in 2020 അനുസരിച്ചു ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട ഇന്ത്യയിലെ മെട്രോ പൊളീറ്റൻ സിറ്റികളിൽ അഞ്ചാം സ്ഥാനത്തു കൊച്ചി ഉണ്ട്. മുംബൈ, ബാംഗ്ലൂർ, ഇൻഡോർ, ഡൽഹി, കൊച്ചി എന്നിവയാണ് ആദ്യ അഞ്ചു നഗരങ്ങൾ.
advertisement
കേരള നിയമസഭയിൽ ഫെബ്രുവരിയിൽ നടന്ന സഭാ സമ്മേളനത്തിൽ വെളിപ്പെടുത്തിയ കണക്കനുസരിച്ചു 2021ൽ കേരളത്തിൽ NDPS കേസുകൾ രജിസ്റ്റർ ചെയ്‍തത് 3922 എണ്ണം ആണ്. അതിൽ ഏറ്റവും കൂടുതൽ കേസുകൾ രെജിസ്റ്റർ ചെയ്തത് എറണാകുളത്ത് ആണ്; 540 എണ്ണം. തൊട്ടു പിന്നിൽ തൃശൂർ (447), കണ്ണൂർ (383), ഇടുക്കി (372) ജില്ലകൾ ആണ്. ഏറ്റവും കുറവ് മയക്ക് മരുന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേരളത്തിലെ ജില്ല കാസർഗോഡ് ആണ്. 77 കേസ് മാത്രം. ആ കാസർഗോഡ് ആണ് സിനിമാക്കാർ മയക്ക് മരുന്ന് ലഭിക്കാൻ ഷൂട്ടിങ് വെക്കുന്നു എന്ന നിലയിൽ വസ്തുതാ വിരുദ്ധമായി പരാമർശിക്കുന്നത്.
advertisement
സിനിമാ രംഗത്തു നിന്നുമുള്ള വെളിപ്പെടുത്തലുകൾ സത്യമെങ്കിൽ ഒട്ടേറെ ആളുകൾ നടന്മാർ ഉൾപ്പെടെ മയക്ക് മരുന്ന് ഉപയോഗിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണ്. വിവിധ സംഘടനാ നേതാക്കൾ തന്നെയാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത് എന്നത് കൂടുതൽ ഗൗരവം ഉളവാക്കുന്നു. ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സിനിമാ സംഘടനകൾ തന്നെ മുൻകൈ എടുക്കണം. അത്തരത്തിലുള്ള ഗൗരവമായ കാര്യങ്ങൾ മുന്നോട്ട് വെക്കുന്നതിനെ ദുർബലപ്പെടുത്താൻ മാത്രമേ ഒരു പ്രദേശത്തു ഷൂട്ട്‌ ചെയ്യുന്നത് മയക്ക് മരുന്ന് കിട്ടാനാണ് എന്ന മട്ടിലുള്ള യാതൊരു അടിസ്ഥാനവും ഇല്ലാത്ത സ്റ്റേറ്റ്മെന്റ്കൾ ഉപകരിക്കൂ. കേരള പോലീസിന്റെ തന്നെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഏറ്റവും കുറവ് മയക്കു മരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയാണ് കാസർഗോഡ്. വസ്തുത ഇതായിരിക്കെ വെറുതെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ഒരു ജില്ലയെ തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും നരേട്ടീവുകളും ദയവായി ഒഴിവാക്കേണ്ടതാണ്.
advertisement
എന്റെ വിവിധ സിനിമകൾക്ക് ലൊക്കേഷനായി ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. ഒരു സിനിമയുടെ കുറച്ചു ഭാഗം കാനഡയിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ ഒൻപത് ജില്ലകളിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. അതിലൊരു ഇടമാണ് കാസർഗോഡും. രണ്ടു സിനിമകൾ ആ ജില്ലയിൽ ഷൂട്ട് ചെയ്തു. ഇനിയും ഇനിയും കണ്ടെടുക്കാൻ ബാക്കി വെച്ചിട്ടുള്ള വൈവിധ്യമാർന്ന ലൊക്കേഷനുകൾ ഉള്ള ഒരു പ്രദേശം. നിർമാണ ചെലവ് നന്നായി കുറയ്ക്കാൻ സഹായകമായ ഒരു സ്ഥലം. ഏറെ ലളിതമായി ഇടപെടുന്ന, എന്തിനും ഏതിനും കൂടെ നിൽക്കുന്ന നാട്ടുകാർ. ഇതാണ് എനിക്ക് കാസർഗോഡ്. വീണ്ടും അവിടെ സിനിമകൾ ചെയ്യാൻ എനിക്ക് സന്തോഷമേ ഉള്ളൂ.
advertisement
NB – ഹോമിയോപ്പതി വകുപ്പിൽ ജില്ലാ മെഡിക്കൽ ഓഫീസർ ആയി രണ്ടര കൊല്ലം ജോലി ചെയ്ത സ്ഥലം കൂടിയാണ് കാസർഗോഡ്. അതുമായി ബന്ധപ്പെട്ട ഒട്ടേറെ നല്ല ഓർമകളും അനുഭവങ്ങളും വേറെ.
മലയാളം വാർത്തകൾ/ വാർത്ത/Film/
Dr Biju | 'മയക്കുമരുന്ന് കിട്ടാൻ കാസർഗോഡ് പോയി ഷൂട്ട് ചെയ്യേണ്ടതില്ല' കൂടുതൽ ലഭ്യത കൊച്ചിയിൽ: ഡോ: ബിജു
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement