ഒരച്ഛന് രണ്ടു പെണ്മക്കൾ. അതിലൊരാൾക്ക് വിവാഹമുറപ്പിക്കുന്നു. വീട്ടുകാർ കണ്ടെത്തിയ ചെക്കനെ പെണ്ണിനിഷ്‌ടമല്ല. അവൾക്ക് പ്രണയമുണ്ട്. മറ്റൊരാളെ വിവാഹം ചെയ്യില്ല. ഇഷ്‌ടക്കേട് വീട്ടിൽ സമ്മതിക്കുന്നില്ല. ചില കൂട്ടുകാരും വേണ്ടപ്പെട്ടവരും ചേർന്ന് കാമുകനുമായി അവളെ ചേർത്തുവെക്കാൻ പണിപ്പെടുന്നു. എങ്ങനെകണ്ട് അവതരിപ്പിച്ചാലും, ആസ്വാദകരുടെ കാര്യത്തിൽ ക്ഷാമം വരാത്ത പ്രമേയത്തിൽ അൽപ്പം നർമത്തിന്റെ മേമ്പൊടി കൂടിയായാൽ ‘എങ്കിലും ചന്ദ്രികേ’ (Enkilum Chandrike) തയാർ.
സിനിമയുടെ പേര് കേട്ടാൽ ചങ്ങമ്പുഴ കവിത മനസിൽ തെളിയാത്ത മലയാളിയുണ്ടാകുമോ? ‘വാഴക്കുലയല്ല’, സാക്ഷാൽ ‘രമണൻ’. ഊഹിക്കാവുന്ന പോലെ നമ്മുടെ കഥാനായികയ്ക്കും പേര് ചന്ദ്രിക (നിരഞ്ജന അനൂപ്) തന്നെ. പേരിൽ മാത്രമല്ല, കവിതയിലെ നാടകീയതയും സിനിമയിൽ പൊടിക്ക് പ്രതീക്ഷിച്ചു വേണം കണ്ടുതുടങ്ങാൻ.
പെണ്ണിന് കല്യാണമുറപ്പിച്ച ചെക്കൻ ബിബീഷും (അഭിരാം രാധാകൃഷ്ണൻ), അവളെ മനസ്സിൽ കൊണ്ട് നടക്കുന്ന അഭിയും (സൈജു കുറുപ്) കൂട്ടുകാർ കൂടിയായാൽ പോരേ പൂരം? അങ്ങനെ അഭിയും, മറ്റു കൂട്ടുകാരന്മാരായ കിരൺ ദാസും (ബേസിൽ ജോസഫ്) അമലും (അരുൺ) ചേർന്ന് കല്യാണം മുടക്കികളുടെ ജോലിയാരംഭിക്കുമ്പോൾ, പെണ്ണിന്റെ ഭാഗത്തു നിന്നുള്ള ക്വട്ടേഷൻ ഏറ്റെടുത്ത് പവിയേട്ടൻ എന്ന പവിത്രൻ (സുരാജ് വെഞ്ഞാറമൂട്) തന്റേതായ പണി തുടങ്ങുന്നു. രണ്ടു കൂട്ടരും തമ്മിൽ സൗഹൃദം ഉണ്ടായിട്ടും, കെട്ടുമുടക്കാനുള്ള ഈ ഉദ്യമങ്ങളെക്കുറിച്ച് ഇവർക്കിടയിൽ അറിവില്ല താനും.
സംവിധാന മോഹിയായ യുവാവായി ബേസിൽ ജോസഫിന്റെ കിരൺ ദാസ് നിറഞ്ഞാടുന്നു. ഏതു കാര്യത്തിനും ഐഡിയകൾ സ്ക്രിപ്റ്റ് ആക്കി അവതരിപ്പിക്കുന്ന കിരൺ ദാസാണ് സിനിമയുടെ പ്രധാന ജംഗ്‌ഷനുകളിൽ പച്ചക്കൊടിയും ചുവന്നകൊടിയും വീശുന്ന ട്രാഫിക് പോലീസ്. നാട്ടിൽ നല്ല പേര് കേൾപ്പിച്ച പവിത്രൻ പക്ഷേ ഓരോ ചുവടും തന്റെ സൽപ്പേരിനു കളങ്കം വരുത്താത്ത രീതിയിലാണ് മുന്നോട്ടെടുക്കുക. റിയാലിറ്റി ഷോയിലെ ഐ കില്ലർ വർഷയുടെ റൈഡർ കണ്ണാപ്പിയായി കയ്യടി വാരിക്കൂട്ടിയ അരുണിന് മുഴുനീള വേഷം നൽകിയെങ്കിൽ, അതിനോട് അരുൺ പൂർണമായി നീതി പുലർത്തിയിട്ടുണ്ട്. ഇവർക്കൊപ്പം തമാശയ്ക്കു വേണ്ടി തമാശ പറഞ്ഞില്ലെങ്കിലും, സ്വാഭാവിക നർമം നിറയുന്ന ഡയലോഗുകളുമായി എത്തുന്ന സൈജു കുറുപ്പും കൂടി ചേരുമ്പോൾ രസക്കൂടുകൾ ഒന്നൊന്നായി നിറയുന്നു. പുട്ടിനു പീര പോലെ ഒപ്പം ബിബീഷും.
സീരിയസ് വേഷങ്ങളെ എങ്ങനെവേണമെങ്കിലും കൈകാര്യം ചെയ്യാമെന്ന് തെളിയിച്ച രാജേഷ് ശർമ്മ, മണിയൻപിള്ള രാജു തുടങ്ങിയവരെ കോമഡി ഏൽപ്പിച്ചാൽ എങ്ങനെയുണ്ടാവും? ഏറെ നാളുകൾക്കു ശേഷം ശംഭു മഹാദേവൻ എന്ന അതിഥിവേഷത്തിലൂടെയാണ് രാജുവിന്റെ കോമഡിയിലേക്കുള്ള മടങ്ങിവരവ്. പ്രധാന സ്ത്രീകഥാപാത്രങ്ങളായ തൻവി റാം, നിരഞ്ജന എന്നിവരും സ്ക്രിപ്റ്റിൽ എടുത്തുകാട്ടാൻ കഴിയുന്ന വേഷങ്ങളിൽ തിളങ്ങുന്നു.
ഇതിനിടെ പവിയുടെ ഇളയമ്മയായും, നാട്ടിലെ അറിയപ്പെടുന്ന ദല്ലാളായും പവിയുടെ കൂട്ടാളിയായും വേഷമിടുന്ന രണ്ടുപേരും പ്രധാന കഥാപാത്രങ്ങളെപ്പോലെ സിനിമയുടെ ആസ്വാദന നിലവാരം ഉയർത്താൻ പാകത്തിനുള്ളവരാണ്. ഒടുവിൽ ചന്ദ്രികയെ ബിബീഷ് ആണോ അഭിയാണോ സ്വന്തമാക്കുക എന്ന കാത്തിരിപ്പിന് ചെറിയ ട്വിസ്റ്റോടെ ഉത്തരം ലഭിക്കും. മികച്ച കാസ്റ്റിംഗ് ആണ് ചിത്രത്തിന്റെ നെടുംതൂൺ. അതിഥിവേഷങ്ങൾ തുടങ്ങി സ്‌ക്രീനിൽ മുഖംകാണിച്ചുപോകുന്നവരിൽ വരെ ഇക്കാര്യം ശ്രദ്ധേയമാണ്.
നർമമുഹൂർത്തങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ഉത്തരകേരളത്തിലെ നാട്ടിൻപുറത്തെ കാഴ്ചകൾ അതേപടി ഫ്രയിമിൽ ഒപ്പിയെടുത്തിരിക്കുന്നു. അഡ്വാൻസ്ഡ് കാലഘട്ടത്തെ തമാശകൾ ഒന്നുമല്ലെങ്കിലും, തിയേറ്ററിൽ ചിരി പടർത്താൻ ഇത്രയും ധാരാളം. വമ്പൻ സ്ക്രിപ്റ്റുകൾ മാത്രമേ കാണൂ എന്ന് ശാഠ്യമില്ലെങ്കിൽ, രണ്ടര മണിക്കൂർ ആറ് മിനിറ്റ് നേരം ‘എങ്കിലും ചന്ദ്രികേ’ ആസ്വദിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.