നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Jeo Baby | ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ പ്രചോദനം അടുക്കളപ്പണി ചെയ്ത പുരുഷനിൽ നിന്നും

  Jeo Baby | ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ പ്രചോദനം അടുക്കളപ്പണി ചെയ്ത പുരുഷനിൽ നിന്നും

  Exclusive interview with The Great Indian Kitchen director Jeo Baby | 'അഴുക്കുവെള്ളം മുഖത്തൊഴിക്കുന്ന രംഗം വേണമെന്ന് ആരംഭത്തിലേ ഉറപ്പിച്ചതാണ്': ജിയോ ബേബി

  ജിയോ ബേബി

  ജിയോ ബേബി

  • Share this:
  തിയേറ്ററുകൾ അടക്കിവാണിരുന്ന സിനിമ ഡിജിറ്റൽ റിലീസിനെത്തിയപ്പോൾ സംശയദൃഷ്‌ടിയോടെ നോക്കിയിട്ടുണ്ടാവും ഒട്ടുമിക്ക പ്രേക്ഷകരും. സ്റ്റാറുകൾ സൃഷ്‌ടിക്കപ്പെട്ട, ഹിറ്റുകൾ അടിച്ചിരുന്ന ആ പശ്ചാത്തലം വിരൽത്തുമ്പിലെത്തിയാൽ സിനിമ എങ്ങനെ സ്വീകരിക്കപ്പെടും, ദൃശ്യാനുഭവം തിയേറ്ററിലേത് പോലാകുമോ, സിനിമയുടെ ഭാവി എന്താകും തുടങ്ങിയ സംശയങ്ങൾക്ക് പഴുതടച്ച മറുപടിയായി എത്തിയ ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'.

  സുപരിചിതമല്ലാത്ത പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തിട്ടും, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ, ഒരു ബ്ലോക്ക്ബസ്റ്റർ സിനിമയ്ക്കെന്നോണം പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു ഈ ചിത്രം. നീളൻ അടുക്കള രംഗങ്ങളിലൂടെ, അതിനുള്ളിൽ വീർപ്പുമുട്ടുന്ന സ്ത്രീയെ അവതരിപ്പിച്ച് ആ ശ്വാസമടക്കിപ്പിടിക്കൽ പ്രേക്ഷകർക്കും അനുഭവവേദ്യമാക്കി ഒരു സംവിധായകൻ; ജിയോ ബേബി.

  മൂന്നു സിനിമകളായി ഇവിടെയുള്ള സംവിധായകന്റെ സൂപ്പർ ഹിറ്റ്‌  കൂടിയായി ഈ ചിത്രം. വളരെ ലളിതമായി ഒരു സ്ത്രീപക്ഷ സിനിമ എന്ന ഫോർമുല പരീക്ഷിച്ചു വിജയിച്ച ജിയോ ബേബി ന്യൂസ്18 മലയാളത്തോട്.

  ഫെമിനിസ്റ്റ് സിനിമയ്ക്ക് എന്തുകൊണ്ട് നമുക്ക് ചുറ്റും കാണുന്ന ഒരു സാധാരണ പെൺകുട്ടിയുടെ കഥ?

  അതിഭയങ്കരമായ സ്വപ്നങ്ങളുള്ള, നേട്ടങ്ങളുള്ള, പെൺകുട്ടികളുടെ കഥകൾ കേട്ടുകഴിഞ്ഞു. അതൊഴിവാക്കണം എന്നും ചിന്തിച്ചിരുന്നു. ഡാൻസ് ടീച്ചർ ആയി ജോലി ചെയ്യണമെന്ന സ്വപ്നം അംഗീകരിക്കപ്പെടാത്ത, ചെറിയ ഒരു ആഗ്രഹം പോലും സാധിക്കപ്പെടാത്ത പെൺകുട്ടികൾ നമുക്ക് ചുറ്റുമുണ്ട്. അവരെ എനിക്കറിയാം. അറിയാവുന്ന കഥയും സാഹചര്യവും തിരഞ്ഞെടുത്തു.

  സിനിമയുടെ 'ക്രിയേറ്റീവ് ഹെഡ്' ആയ ബീന ആരാണ്? സിനിമയിലെ നായികയെ പോലൊരാളിൽ നിന്നുമാണോ കഥാപാത്രാവിഷ്ക്കരണം?

  ബീന എന്റെ ഭാര്യയാണ്. വീടുകളിലെ അടുക്കളയിൽ സമത്വം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഭാര്യയെ സഹായിക്കുന്നു എന്നതിലുപരി, ദാമ്പത്യ ജീവിതത്തിന്റെ ഭാഗമായി ഒരുപാട് സമയം ഞാൻ അടുക്കളയിൽ ചിലവഴിച്ചിട്ടുണ്ട്. സമത്വചിന്താഗതിയിൽ ജോലികൾ ആരംഭിച്ചപ്പോൾ അതിഭയങ്കരമായ ഫ്രസ്‌ട്രേഷനിലേക്ക് ഞാൻ എത്തപ്പെട്ടു.

  ചെയ്താലും ചെയ്താലും ഒടുങ്ങാത്ത പണികളും, മാലിന്യ സംസ്കരണവും അടങ്ങുന്ന അടുക്കള ഒരു നരകമാണെന്ന് തോന്നിത്തുടങ്ങി. അതെന്നെ അസ്വസ്ഥനാക്കി. സിനിമയിൽ നിമിഷ കൈ മണത്തു നോക്കുന്നുണ്ട്, അടുക്കളപ്പണിയിലായിരിക്കുമ്പോൾ ഒരുപാടു തവണ ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്.

  മാനസികമായി ഒരുപാട് പ്രശ്നങ്ങളുണ്ടായി. അടുക്കള ജോലി കഴിഞ്ഞ് എഴുതാൻ വന്നിരിക്കുമ്പോൾ എഴുതാനുള്ള മൂഡ് ഉണ്ടാവില്ല. അല്ലെങ്കിൽ എഴുത്തിനിടെ വീണ്ടും അടുക്കളയിലേക്കു പോകേണ്ടി വരും. അത്തരം പ്രശ്ങ്ങൾ നേരിടാൻ തുടങ്ങിയപ്പോഴാണ് ഞാൻ ഈ സ്‌ത്രീകളെക്കുറിച്ച്‌ ചിന്തിക്കുന്നത്. എന്നിരുന്നാലും അടുക്കള ജോലി ചെയ്യുമ്പോൾ എനിക്ക് എന്റേതായ സ്വാതന്ത്ര്യമുണ്ട്. ജോലി മറ്റൊരാളെ ഏൽപ്പിച്ചിട്ടു പോകാം. ആ സാഹചര്യം എല്ലാർക്കുമില്ല. അടുക്കള കേന്ദ്രീകരിച്ച് നമുക്കൊരു സിനിമ ചെയ്താലോ എന്ന് ഞാൻ ബീനയോട് ഒരു രാത്രിയിൽ ചോദിക്കുന്നത് അങ്ങനെയാണ്.  ഭാര്യയുടെ പ്രതികരണവും സഹകരണവും 'ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലേക്ക്' വന്ന വഴിയും

  ഇങ്ങനെ ഒരു സിനിമ വന്നാൽ ചെയ്യണം, നല്ലതായിരിക്കും എന്നായിരുന്നു ഭാര്യയുടെ പ്രതികരണം. സിനിമയിൽ എന്തെല്ലാം ഉൾപ്പെടുത്തണം, എന്തെല്ലാം വേണ്ട എന്ന ചർച്ച ഞങ്ങൾ തുടങ്ങി. ഒരു മുസ്ലിം കുടുംബത്തിൽ നിന്നുള്ള കഥ പറഞ്ഞാലോ എന്നായി. ക്രിസ്ത്യൻ കുടുംബമായാലോ എന്നും ചിന്തിച്ചു. ശേഷം കൂടുതൽ അറിയാവുന്ന പശ്ചാത്തലം തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.

  എന്റെ ഭാര്യ ഹൈന്ദവ കുടുംബത്തിലെ അംഗമാണ്. വീട്ടിൽ ഒരാൾ ശബരിമലയിൽ പോകുമ്പോൾ സ്ത്രീകൾ അനുഭവിച്ചിട്ടുള്ള ചില പ്രശ്നങ്ങൾ, ആർത്തവ സമയത്തെ വിഷമതകൾ ഒക്കെ ഭാര്യ വിശദീകരിച്ചു. എന്റെ ജോലികൾ എളുപ്പമാക്കിക്കൊണ്ട് ഇത്തരം വീടുകൾക്കുള്ളിലെ സ്ത്രീകളുടെ കാര്യങ്ങൾ ഭാര്യ എന്നിലേക്കെത്തിച്ചു. അവളുടേതും, കസിൻസിന്റെയും ബന്ധുക്കളുടെയും അനുഭവങ്ങളും കൊണ്ടുവന്നു.

  എന്റെ അനുജത്തിയോടും സംസാരിച്ചു. "ഞങ്ങളെക്കുറിച്ചുള്ള സിനിമ ഇല്ല, പെട്ടെന്ന് ചെയ്യൂ," എന്നായിരുന്നു പ്രതികരണം. പെൺസുഹൃത്തുക്കളുടെ അടക്കം അനുഭവങ്ങളും സഹായകമായി. സിനിമ ആ രീതിയിലേക്ക് മാറി.

  തിയറ്ററുകൾ തുറക്കാറായപ്പോൾ ഒ.ടി.ടി. റീലീസിനുള്ള പ്രഖ്യാപനം

  സിനിമ ഡിസംബർ ആദ്യം പൂർത്തിയായി. തുടക്കം മുതലേ ഒ.ടി.ടി. റിലീസ് ആയിരുന്നു താൽപ്പര്യം. തിയേറ്റർ തുറന്നാലും പകുതിപ്പേരെ ഉണ്ടാവൂ, കുടുംബ പ്രേക്ഷകർ വരുമോ തുടങ്ങിയ കണക്കുകൂട്ടലുകൾ അന്നേ നടത്തി. തിയേറ്ററിൽ ഇത്രയും തള്ളിക്കയറ്റം ഉണ്ടാകുമായിരുന്നോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. എപ്പോൾ വേണമെങ്കിലും എവിടെ വച്ചും കാണാം എന്നതുകൊണ്ടാവും സിനിമ ഇത്രയും ആഘോഷിക്കപ്പെടുന്നത്.

  പശ്ചാത്തലം എത്ര ലളിതമായാലും അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തുന്ന നടിയായ നിമിഷ 'ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലേക്ക്' എത്തുന്നത്

  ആദ്യം മുതലേ എല്ലാ സഹകരണവും നൽകി നിമിഷ ഞങ്ങൾക്കൊപ്പമുണ്ടായി. അടുക്കളയിൽ ജോലി ചെയ്യുന്ന, അടുക്കളപ്പണികൾ വ്യക്തമായി അറിയാവുന്ന ആൾ കൂടിയാണ് നിമിഷ. അടുക്കളയിൽ തളച്ചിട്ട പെൺകുട്ടിയുമല്ല. അതിനാൽ നിമിഷയ്ക്കായി പ്രത്യേകം ട്രെയിനിംഗ് വേണ്ടി വന്നില്ല.  'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂട്-നിമിഷ ജോഡികൾ ഒരിക്കൽക്കൂടി

  നായിക നിമിഷയുടെ ഭർത്താവിന്റെ കഥാപാത്രമായി ആറു വേണമെന്ന ചർച്ചയ്ക്കിടെ പ്രൊഡ്യൂസർ ഡിജോയാണ് സുരാജിനെക്കുറിച്ച് പറയുന്നത്. എനിക്ക് സുരാജിനെ പരിചയമില്ലായിരുന്നു. ഞങ്ങൾ സംസാരിച്ചു. ആലോചിച്ച ശേഷം പറയാമെന്നു പറഞ്ഞ് സുരാജ് സിനിമയിലേക്കെത്തി. അദ്ദേഹത്തിന്റെ സാമൂഹിക ബോധം കൂടിയാണ് അതുകൊണ്ട് വെളിവാകുന്നത്.

  ആൺമേൽക്കോയ്മയെ പ്രോത്സാഹിപ്പിക്കുന്ന സ്ത്രീകഥാപാത്രങ്ങളും സിനിമയിലുണ്ടായതിന്റെ കാരണം

  അവർ ഇതിൽ പെട്ടുപോയവരാണ്. തങ്ങൾ കുടുങ്ങിയാണ് എന്നവർക്കറിയില്ല. വ്യക്തമായ ആണധികാരങ്ങളാണ് ഇത്തരം സ്ത്രീകഥാപാത്രങ്ങളെ സൃഷ്‌ടിക്കുന്നത്‌. ഒരു കുടുംബത്തിന്റെ നന്മയ്ക്കും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കുന്നു എന്ന ധാരണയിലാണ് അവർ ജീവിച്ചു പോകുന്നത്.

  ഒരു സിസ്റ്റത്തിന്റെ ഭാഗമായി പെട്ടുപോയ അവരെ ബോധവത്ക്കരിക്കാൻ പോലുമാവില്ല. അതിലേക്ക് ജനിച്ചു വീഴുന്നവരെയും ഇവർ രക്ഷപെടാൻ അനുവദിക്കുന്നില്ല. വളരെ പാടുപെട്ടാൽ മാത്രമേ ഒരു മോചനമുണ്ടാവൂ. ആൺമേൽക്കോയ്മയ്ക്കും മതത്തിനും അക്കാര്യത്തിൽ പങ്കുണ്ട്

  സമൂഹത്തിൽ ആരുടെ മുഖത്തേക്കാണ് നായിക അടുക്കളയിലെ അഴുക്കുവെള്ളം ഒഴിക്കുന്നത്?

  സിനിമയ്ക്കായുള്ള ആലോചനയുടെ തുടക്കത്തിൽ തന്നെ, വീട്ടിലെ അടുക്കളയും അതിലെ ചോർന്നൊലിക്കുന്ന ടാപ്പും ഉൾപ്പെട്ടിരുന്നു. ഇതെല്ലാം പല വീടുകളിലും ഉണ്ട്. ഓരോ വീട്ടിലും ചെല്ലുമ്പോൾ ഞാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു. രാത്രി എങ്ങും നിശബ്ദമാവുമ്പോൾ സിങ്കിൽ നിന്നും ശബ്ദമുണ്ടാവുന്ന വീടുകളുണ്ട്.

  സിനിമയുടെ എല്ലാ സീൻ ഓർഡറുകളും പൂർത്തിയാവും മുൻപ് തന്നെ അഴുക്കുവെള്ളം മുഖത്തൊഴിക്കുന്ന രംഗം വേണമെന്ന് ഉറപ്പിച്ചതാണ്. ചെളിവെള്ളം പുരുഷന്മാരുടെ മുഖത്തൊഴിക്കണം എന്ന് തോന്നിയിരുന്നു. 99.9 ശതമാനം പുരുഷന്മാരും ആ ചെളിവെള്ളം അർഹിക്കുന്നു. ഒരു ചെറിയ ശതമാനം പുരുഷന്മാർ അതിൽ ഉൾപ്പെടാതെയുണ്ടാവാം.

  സിനിമയുടെ പിന്നണിയിൽ

  സിനിമയയുടെ നിർമ്മാണം സാധാരണ ഒരു പ്രൊഡക്ഷൻ ഹൗസ് വഴി നടക്കാൻ സാധ്യതയില്ലായിരുന്നു. ഇതിനുള്ള പണം ഞാനോ ഞങ്ങളുടെ ഒരു കൂട്ടായ്മയോ കണ്ടെത്തണം എന്ന് മനസ്സിലാക്കി. കോളേജിൽ ഒന്നിച്ചു പഠിച്ച ജോമോൻ, ഡിജോ പിന്നെ സജിൻ, വിഷ്ണു ഞങ്ങൾ എല്ലാവരും ചേർന്ന് ഒരു നല്ല സിനിമ ഉണ്ടാക്കണം എന്നുകരുതിയാണ് തുടങ്ങിയത്. അവർ എനിക്ക് തന്ന ക്രിയേറ്റീവ് ഫ്രീഡം കൂടിയാണ് ഈ സിനിമയുടെ ഭംഗി. അടുത്ത സിനിമ ആലോചനയിലാണ്.
  Published by:Meera Manu
  First published:
  )}