സജീവ് സി വാര്യർ
മനുഷ്യന്റെ ദൈന്യതകളെ എങ്ങനെയാണ് മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത്? സാധാരണക്കാരന്റെ വേദനകളെ എങ്ങനെയാണ് രാഷ്ട്രീയപ്പാർട്ടികൾ മുതലെടുക്കുന്നത്? ഇതെല്ലാം തുറന്നു കാണിക്കുന്നുണ്ട് ‘ജാനകീ ജാനേ’ എന്ന കൊച്ചു സിനിമ. തൃശ്ശൂരിലെ കാറളം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കുടുംബകഥ കുടുംബത്തിലെ വേവലാതികളോ പടലപ്പിണക്കങ്ങളോ അതിരില്ലാ സ്നേഹങ്ങളോ കുശുമ്പോ കുന്നായ്മകളോ മാത്രമല്ല, നാടിനെ നയിക്കുന്നവരുടെ ഉള്ളിലിരിപ്പു കൂടി സമർഥമായി പറഞ്ഞുവയ്ക്കുന്നുണ്ട്.
ജാനകിയുടെ പേടികളാണ് ചിത്രത്തിന്റെ പ്രമേയം. പേടിയില്ലാത്തവരായി ആരുമില്ല. വീരന്മാരായ രാജാക്കന്മാരും ധീരരായ പടയാളികളും അരുംകൊലയ്ക്ക് മടിക്കാത്ത കൊടും കുറ്റവാളികളും എല്ലാം എന്തിനെയെങ്കിലും പേടിക്കുന്നുണ്ട്. പാറ്റയെയോ പല്ലിയെയോ ഇരുട്ടിനെയോ ഉയരത്തെയോ ആഴത്തെയോ അങ്ങിനെ ഓരോരുത്തർക്കും ഓരോ തരം പേടിയാണ്. സാഹിത്യകാരന്മാരും കലാകാരന്മാരും രാഷ്ട്രീയക്കാരും വിശ്വാസികളും യുക്തിവാദികളുമെല്ലാം സ്വകാര്യമായി ചോദിച്ചാൽ ഇത്തരത്തിലുള്ള അവരുടെ പേടികളെക്കുറിച്ച് പറഞ്ഞുതരും. സൈജുകുറുപ്പിന്റെ ഉണ്ണി മുകുന്ദനെന്ന കഥാപാത്രം ജാനകിയോട് പറയുന്നുണ്ട്:
Also Read- മലയാളത്തിന്റെ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം
“പേടിയില്ലാത്തവരായി ആരുണ്ട്? എന്നാൽ തന്നെപ്പോലെ പേടിയുള്ള ആരുമുണ്ടാകില്ല. താനൊരു യുനീക് പീസല്ലേ” എന്ന്.
അതെ, അതുല്യമായൊരു കഥാപാത്രത്തെയാണ് ജാനകിയിലൂടെ നവ്യ നായർ അവതരിപ്പിക്കുന്നത്. അത് നന്നായി അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുമുണ്ട്. ജോണി ആന്റണിയുടെ സുകുവും ഷറഫുദ്ദീന്റെ മനു ഭാസ്കറും അനാർക്കലി മരിക്കാറിന്റെ മരിയയുമെല്ലാം നന്മയുടെ മനോഹാരിത എത്രത്തോളമെന്ന് കാട്ടിത്തരുന്നു. പി ആർ ഷാജി എന്ന രാഷ്ട്രീയ നേതാവിനെ കോട്ടയം നസീർ മികച്ചതാക്കി. പ്രമോദ് വെളിയനാടും ജെയിംസ് ഏലിയായും പതിവു പോലെ തങ്ങളുടെ കഥാപാത്രങ്ങളെ തെളിച്ചമുള്ളതാക്കി. സ്മിനു സിജോ കുശുമ്പത്തി അമ്മായി വേഷം എടുത്തു പറയേണ്ട വിധം മികവുറ്റതാക്കിയിട്ടുണ്ട്.. ഇത്തിരിപ്പോന്ന റോളുകൾ പോലും ഓരോ അഭിനേതാവും നന്നായി അവതരിപ്പിച്ചു. ഒരേയൊരു സീനിൽ വന്നു മറയുന്ന ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനു പോലും പൂർണതയുണ്ടായി എന്നതും ശ്രദ്ധേയം.
Also Read- ഒരു സ്ത്രീ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചാൽ… ശ്രുതി രാമചന്ദ്രന്റെ ‘നീരജ’ ട്രെയ്‌ലർ
തീയറ്ററുകളിൽ കൂടെക്കൂടെ ചിരിയുടെ കുഞ്ഞലകൾ തീർക്കുന്നുണ്ട് സിനിമ. കുടുംബപ്രേക്ഷകർ മനസ്സു നിറഞ്ഞാണ് ചിരിക്കുന്നത്. പ്രേക്ഷകരെ ഒരു വട്ടമെങ്കിലും ചിരിപ്പിക്കാത്ത കഥാപാത്രങ്ങൾ കുറവാണ് ചിത്രത്തിൽ. സകുടുംബം അലോസരമില്ലാതെയും, വലിയ വേവലാതികളില്ലാതെയും കാണാവുന്ന, കോവിഡ് കാലത്തിന് ശേഷം പുറത്തിറങ്ങിയ അപൂർവ്വം ചിത്രങ്ങളിലൊന്നാണ് ജാനകീ ജാനേ. പൂർണമായും ഒരു ഫീൽ ഗുഡ് മൂവിയാണിത്.
നിരവധി കുടുംബ ചിത്രങ്ങൾ നിർമ്മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന മികച്ച ബാനറിൽ എസ് ക്യൂബ് ഫിലിംസാണ് ചിത്രം നിർമിച്ചത്. ഉയരെ എന്ന ചിത്രത്തിനു ശേഷം ഷെനൂഗ , ഷെഗ്ന, ഷെർഗ സഹോദരിമാർ നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. രചനയും സംവിധാനവും നിർവ്വഹിച്ചത് അനീഷ് ഉപാസനയാണ്. ശ്യാംരാജിന്റെ ഛായാഗ്രഹണവും കൈലാസ് മേനോന്റെ സംഗീതവും സിബി മാത്യു അലക്സിന്റെ പശ്ചാത്തല സംഗീതവും നൗഫൽ അബ്ദുള്ളയുടെ എഡിറ്റിംഗും ചിത്രത്തെ മിഴിവുള്ളതാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.