കോവിഡിന് ശേഷമുള്ള ആദ്യ മലയാള ചിത്രം; ജയസൂര്യയുടെ 'വെള്ളം' തീയറ്ററുകളിലേക്ക്
- Published by:user_49
Last Updated:
കോവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമായി വെള്ളം
കൊച്ചി: കോവിഡ് പ്രതിസന്ധിക്ക് ശേഷം തീയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമായി വെള്ളം. ജയസൂര്യ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി.പ്രജേഷ് സെൻ ആണ്. ക്യാപ്റ്റന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് വെള്ളം.
കണ്ണൂരിലെ കുടിയന്റെ കഥ പറയുന്ന ചിത്രം മികച്ച ഒരു ഫാമിലി എന്റർടെയ്നറായിരിക്കുമെന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയിലൊന്ന് എന്നാണ് ജയസൂര്യ ചിത്രത്തെ വിശേഷിപ്പിച്ചത്. സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ.
സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിൻസ് ഭാസ്കർ പ്രിയങ്ക എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലെത്തുന്നു. ഇത് കൂടാതെ നിരവധി പുതുമുഖങ്ങളെയും ചിത്രത്തിൽ അഭിനയിപ്പിച്ചിട്ടുണ്ട്.
advertisement
ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന് വേണ്ടി ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്. ബാബു അന്നൂർ, സ്നേഹ പാലിയേരി, ബൈജു നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, പ്രിയങ്ക, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.
ചിത്രത്തേക്കുറിച്ച് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയമുള്ളവരേ,
സിനിമയും വിനോദവുമെല്ലാം നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. തിയറ്ററുകളിൽ ഇരുന്ന് സിനിമ കാണാൻ നമ്മൾ എല്ലാവരും കൊതിച്ചിരിക്കുകയായിരുന്നു അല്ലേ.കൊവിഡ് പ്രതിസന്ധികൾക്കൊടുവിൽ തിയറ്ററുകൾ തുറന്നിരിക്കുകയാണ്. ആദ്യ ചിത്രമായി ഞാൻ അഭിനയിച്ച ‘വെള്ളം’ പ്രദർശനത്തിനെത്തുന്നത് എന്നതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്.
advertisement
എന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് വെള്ളം. ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്നിനൊപ്പമുള്ള ചിത്രം. ഏറെ ആസ്വദിച്ച് അഭിനയിച്ച ഒരു സിനിമയാണിത്. നിങ്ങളിൽ, നമ്മളിൽ ഒരാളുടെ കഥയാണ് സിനിമ പറയുന്നത്. നമുക്ക് പരിചിതമല്ലാത്ത ഒന്നും ഈ സിനിമയിലില്ല. ഏറെ സംതൃപ്തി നൽകിയ കഥാപാത്രമാണ് വെള്ളത്തിലെ മുരളി.
പൂർണമായും live sound- ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. ആ അനുഭവവും ഒന്നു വേറെ തന്നെയാണ്. പ്രിവ്യൂ കണ്ടവർ മികച്ച സിനിമയെന്ന് വിലയിരുത്തിയതും വളരെ സന്തോഷം തരുന്നു. ഒരിക്കലും ‘വെള്ളം’ നിങ്ങളെ നിരാശപ്പെടുത്തില്ല എന്നത് തന്നെയാണ് എനിക്ക് തരാവുന്ന ഉറപ്പ്. അതുകൊണ്ട് തീയറ്ററുകളിലെത്തി എല്ലാവരും സിനിമ കാണണം. അഭിപ്രായം അറിയിക്കണം. ഞങ്ങളെ പിന്തുണക്കണം.
advertisement
ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യം തന്നെയാണ്. കൊവിഡ് ഭീതി നമ്മളെ വിട്ടൊഴിഞ്ഞിട്ടില്ല. എന്നാൽ കൊവിഡിനൊപ്പം ജീവിക്കാൻ നമ്മൾ ശീലിക്കുകയാണ്. കൊവിഡ് വാക്സിൻ കൂടി എത്തുന്നതോടെ മഹാമാരിയെ തുടച്ചു നീക്കാനാകുമെന്ന പ്രതീക്ഷ തന്നെയാണ് ഉള്ളത്.
തിയറ്ററുകൾ പ്രവർത്തിക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെയായിരിക്കും. അത് അനുസരിക്കുന്നത് പ്രധാനമാണ്. തിക്കും തിരക്കും ഒഴിവാക്കി, സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുമല്ലോ. മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് മാറിയ ശേഷം മാത്രം എത്തുക. അലക്ഷ്യമായി തുപ്പുകയോ സാധനങ്ങൾ വലിച്ചെറിയാതിരിക്കുകയോ ചെയ്യുക.
advertisement
കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത്. കുടുംബത്തോടൊപ്പം തന്നെ കാണേണ്ട സിനിമയാണ് വെള്ളം. മികച്ച ഒരു ഫാമിലി എന്റർടെയ്നറായാണ് വെള്ളം എത്തുന്നത്. പക്ഷേ സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കണമെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.
കൂടെ നിന്ന എല്ലാവരോടും നന്ദി.
സ്നേഹത്തോടെ ജയസൂര്യ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 12, 2021 10:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കോവിഡിന് ശേഷമുള്ള ആദ്യ മലയാള ചിത്രം; ജയസൂര്യയുടെ 'വെള്ളം' തീയറ്ററുകളിലേക്ക്