കവിയായ അച്ഛന്റെ മകൻ ആശിച്ചത് നടനാവാൻ; പതിനെട്ടാം പടിയിലെ ഗിരിയായ ജിതിൻ പുത്തഞ്ചേരി
Last Updated:
Jitin Puthanchery on playing Giri in Pathinettam Padi | 'ഓർമ്മവെച്ച ദിവസം മുതൽ ഒരു സിനിമാ നടൻ ആവണമെന്നാണ് എനിക്ക് ആഗ്രഹം'
#മീര മനു
ഓഡിഷനായി ഫോട്ടോ അയക്കുമ്പോൾ തന്നെക്കാൾ പകുതി പ്രായമുള്ള കഥാപാത്രമായിരുന്നു പതിനെട്ടാം പടിയിൽ ജിതിനെ കാത്തിരുന്നത്. കഠിന പ്രയത്നത്തിലൂടെയും ചിട്ടയായ ജീവിത ശൈലിയിലൂടെയും ജിതിൻ പുത്തഞ്ചേരി പതിനഞ്ചുകാരനായ ഗിരിയായി. പ്രേക്ഷകർ തിരിച്ചറിഞ്ഞു. മനസ്സിൽ തൊടുന്ന വരികൾ രചിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ മൂത്ത മകൻ എന്ന് കൂടി അറിഞ്ഞപ്പോൾ സ്നേഹം പല മടങ്ങു വർധിച്ചു. ഗാന രചയിതാവായ അച്ഛന്റെ മകൻ അഭിനേതാവുകുന്നു. സ്വാഭാവിക ചോദ്യത്തിൽ നിന്നും തുടങ്ങാം; എന്ത് കൊണ്ട് അച്ഛന്റെ പാത തിരഞ്ഞെടുത്തില്ല? "അനിയൻ എഴുതും, വൃത്തിയായി വായിക്കും. അങ്ങനെയുള്ളൊരാൾ ഉള്ളപ്പോൾ ഞാൻ വെറുതെ ഇല്ലാത്ത പരിപാടിക്ക് മുതിരണ്ട എന്ന് കരുതി." ഒരു പൊട്ടിച്ചിരിയോടെ ജിതിൻ പറയുന്നു.
advertisement
"ഓർമ്മവെച്ച ദിവസം മുതൽ ഒരു സിനിമാ നടൻ ആവണമെന്നാണ് എനിക്ക് ആഗ്രഹം. അത് നടത്തി തന്നത് ശങ്കരേട്ടനാണ് (സംവിധായകൻ ശങ്കർ രാമകൃഷ്ണൻ). ശങ്കരേട്ടൻ ഇല്ലെങ്കിൽ ഞാൻ ഇപ്പൊ ഇല്ല. നടൻ ആയില്ലെങ്കിൽ എന്താണ് നിന്റെ പരിപാടി എന്ന് ചിലർ ചോദിക്കാറുണ്ട്. 'ഐ വിൽ ബി ആൻ ആസ്പയറിങ് ആക്ടർ' (നടനാവാൻ കൊതിക്കുന്നയാൾ) എന്നായിരുനിന്നു അവരോടുള്ള എന്റെ മറുപടി."
advertisement
സിനിമാ കുടുംബത്തിലെ കണ്ണി ആണെങ്കിലും സംവിധായകനെ ജിതിന് നേരിട്ട് പരിചയമില്ലായിരുന്നു. "എനിക്ക് ശങ്കരേട്ടനെ പരിചയമില്ലെങ്കിലും അറിയാമായിരുന്നു. ഫോണിൽ സംസാരിച്ചിട്ടുമില്ല, കണ്ടിട്ടുമില്ല. ആദ്യം 'സാർ' എന്ന് വിളിച്ചപ്പോൾ 'ചേട്ടാ' എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞു. ഫോട്ടോ അയച്ചു കൊടുത്തപ്പോൾ 'എനിക്കൊന്നും തോന്നുന്നില്ല, നീ ഏതായാലും വാ' എന്നായിരുന്നു പ്രതികരണം. അങ്ങനെ വന്നു, ഓഡിഷൻ നടത്തി."
"ഫോട്ടോ അയച്ചു കൊടുക്കുമ്പോൾ ആക്ടിങ് ക്യാമ്പ് നടക്കുന്നുണ്ടായിരുന്നു. അങ്ങോട്ട് വരാൻ പറഞ്ഞു. ഞാൻ അപ്പൊ കോഴിക്കോടാണ് ഉള്ളത്. അവിടെ നിന്നും തിരുവനന്തപുരത്തേക്ക്. നേരെ ആക്ടിങ് ക്യാമ്പ് നടക്കുന്നിടത്തേക്ക് പോയി. അന്ന് രാവിലെ അവിടെത്തി വൈകിട്ട് തിരികെ പോകാനുള്ള പ്ലാനിലായിരുന്നു ഞാൻ. ശങ്കരേട്ടനും അങ്ങനെയാണ് വിചാരിച്ചത്. ചെന്നപ്പോൾ 64 കുട്ടികൾ അവിടെ നിന്ന് തകർത്തോണ്ടിരിക്കുകയാണ്. വീട്ടിൽ പോയാൽ ഒരു സമാധാനം ഉണ്ടാവില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് രണ്ടും കൽപ്പിച്ച് ശങ്കരേട്ടനോട് ചോദിച്ചു ഞാൻ അവിടെ നിന്നോട്ടെ എന്ന്. ഭയങ്കര സന്തോഷത്തോടു കൂടിയാണ് ശങ്കരേട്ടൻ അത് കണ്ടത്. അങ്ങനെ ഒരു വലിയ പ്രോസസ്സിന്റെ ഭാഗമാവാൻ സാധിച്ചു. ഇപ്പൊ അത് തിയേറ്ററിൽ വന്നു നിൽക്കുന്നു, ആളുകൾ നല്ല അഭിപ്രായം പറയുന്നു."
advertisement
കവല ചട്ടമ്പികളേക്കാൾ തല്ലു കൊള്ളികളായ സർക്കാർ സ്കൂൾ വിദ്യാർത്ഥികളുടെ സംഘത്തിലെ പ്രധാനികളിൽ ഒരാളാണ് പതിനെട്ടാം പടിയിലെ ഗിരി. തിണ്ണമിടുക്കും കയ്യിരിപ്പും പോലെയല്ല പഠനത്തിലെ ഇവരുടെ മികവ്. ഇക്കൂട്ടത്തിലേക്കാണ് ജിതിന് ക്ഷണം ലഭിച്ചത്. അങ്ങനെ പല കഥാപാത്രങ്ങളാവാൻ വന്നവർ ഒരു 'ചില്ല'യിൽ ചേക്കേറി. തിരുവനന്തപുരത്തെ 'ചില്ല' എന്ന വീട്ടിലായിരുന്നു ഷൂട്ടിംഗ് കാലയളവിൽ ഈ 'സ്കൂൾ കുട്ടികളുടെ' താമസം.
advertisement
"ചില്ലയിൽ നിന്നും രാവിലെ ആറ് മണിക്ക് ഷൂട്ടിങ്ങിന് പോണമെങ്കിൽ രാവിലെ നാലര മണിക്ക് എഴുന്നേറ്റ് വർക്ക്ഔട്ട് തുടങ്ങും. അങ്ങനെ ഡെയ്‌ലി വർക്ക്ഔട്ട് ഉണ്ടായിരുന്നു. സ്കിപ്പിംഗും ഡയറ്റും ഒക്കെ ചെയ്‌ത് കഷ്ടപ്പെട്ടാണ് അങ്ങനെ തോന്നിക്കാൻ ശ്രമിച്ചത്. ഇനി രാത്രി ആണ് ഷൂട്ടിംഗ് എങ്കിൽ പോകുന്നതിന് മുൻപ് വർക്ക്ഔട്ട് ചെയ്യും. ഞാനാണ് എല്ലാവരെയും ചെന്ന് വിളിക്കുക. വിളിക്കുന്ന ആവശ്യം വളരെ നല്ലതായതു കൊണ്ട് കുറച്ചു മടിച്ചാണ് എല്ലാവരും എഴുന്നേൽക്കുക.
ഷൂട്ട് കഴിഞ്ഞാൽ രാത്രി വന്നു വർക്ക്ഔട്ട് ചെയ്യും, ഡയറ്റ് നോക്കും. എല്ലാം വളരെ കാര്യമായി തന്നെ ശ്രദ്ധിക്കാൻ നമ്മൾ ശ്രമിച്ചിട്ടുണ്ട്. ഒരു ആക്ടറിന്റെ ടൂൾ ആയ ശരീരവും മനസ്സും ശ്രദ്ധിക്കണം, മോൾഡ് ചെയ്ത് എല്ലാവരെയും സമപ്രായക്കാരായി കൊണ്ട് വരണം എന്നൊക്കെ ശങ്കരേട്ടന്റെ ഗൈഡൻസ് ഉണ്ട്." കൂടാതെ ഗിരിയിലേക്ക് ഒരു തനി തിരുവനന്തപുരംകാരൻ ദൂരമുണ്ടായിരുന്നു ജിതിന്റെ മുന്നിൽ. അത് താണ്ടിയതിങ്ങനെ.
advertisement
"ലോക്കൽ സ്കൂളിലെ ആ 12 പേരും എങ്ങനെ പെരുമാറണം എന്ന് ശങ്കരേട്ടന് വ്യക്തമായ ധാരണയുണ്ടായിരുന്നത് പ്രധാനമാണ്. അതാണ് ഞങ്ങളെ മെച്ചപ്പെടുത്തിയത്. എന്തെങ്കിലും ചെയ്താൽ അത് വേണോ വേണ്ടയോ എന്ന് പറയും, അപ്പൊ തന്നെ പകരം എന്തെങ്കിലും ഞങ്ങളെ കൊണ്ട് ചെയ്യിക്കും. ശങ്കരേട്ടന്റെ മാത്രം ക്രെഡിറ്റ് ആണത്.
ക്യാമ്പുകളായും അല്ലാതെയും ചില്ലയിൽ വന്നു നിൽക്കുമായിരുന്നു. ഇവിടെ വന്നു പരിചയപ്പെടുന്നതും, ഇവിടുത്തുകാരോട് സംസാരിക്കുന്നതും ആ ബോഡി ലാങ്ഗ്വേജ്, സംസാരരീതി ഒക്കെയും സ്വാഭാവികമായി തന്നെ ഉണ്ടാവാൻ സഹായിച്ചു. രാവും പകലും ഞങ്ങൾ അവിടെയായിരുന്നു. ഷൂട്ടിംഗ് നടക്കുമ്പോൾ അവിടുത്തെ കുട്ടികൾ ഉണ്ടാവും, അപ്പോൾ അവരോടു സംസാരിക്കും. മോഡൽ സ്കൂളിലെ ആ 12 പേരും ഒന്നിച്ചായിരുന്നു താമസം. അതിന്റെയൊരു ഗുണം സ്‌ക്രീനിൽ കാണാൻ പറ്റി എന്നാണ് ഞാൻ വിശ്വസിക്കുന്നത്."
advertisement
ക്യാമ്പിലെ ചിട്ടവട്ടങ്ങളും ഗ്രൂമിംഗും നിയന്ത്രിച്ചത് ജോയ് എബ്രഹാം പാലക്കൽ ആയ ചന്തുനാഥ് ആണ്. ജിതിനും ചന്തുവും സമപ്രായക്കാർ ആണെങ്കിലും ജിതിന്റെ ഭാഷയിൽ മറ്റുള്ളവരെ ചേട്ടന്റെ സ്ഥാനത്തു നിന്ന് നയിച്ചത് ചന്തുവാണ്.

"ആക്ടിങ് ക്യാമ്പിൽ ഞങ്ങളെ മോൾഡ് ചെയ്യാൻ തുടങ്ങിയത് ചന്തുവാണ്. അങ്ങോട്ടും ഇങ്ങോട്ടും ഇടപെടാനുള്ള ഒരു പ്രചോദനം ആയതൊക്കെ ചന്തുവാണ്. ഞങ്ങൾ ഒക്കെ ഇങ്ങനെ ക്ലോസ് ആയതിനുള്ള ക്രെഡിറ്റും ചന്തുവിന് ഉണ്ട് കേട്ടോ. ഞാനും ചന്തുവും ഒരേ പ്രായക്കാരാണ്. പക്ഷെ, ചന്തു ഒരു ചേട്ടന്റെ സ്ഥാനത്ത് നിന്നാണ് എല്ലാം പറയുന്നത്. ചന്തുവിന് ഈ സ്ഥലത്തെയും നാട്ടുകരരെയും ഒക്കെ അറിയാമല്ലോ. അത് കൊണ്ട് ഞങ്ങൾക്ക് ഒരു പ്രശ്നം വന്നാലോ ഞങ്ങൾക്കിടയിൽ ഒരു കൺഫ്യൂഷൻ വന്നാലോ ആദ്യം എത്തുന്ന ഒരാൾ ചന്തുവാണ്. പടത്തിൽ അഭിനയിച്ച 65 പുതുമുഖങ്ങൾക്കും ചന്തു പ്രിയപ്പെട്ടയാളാണ്.
ലാലേട്ടനോ മമ്മൂക്കയോ ചെയ്താൽ നമുക്ക് ഇഷ്‍ടപ്പെടുന്ന പോലത്തെ കഥാപാത്രമാണ് ചന്തു ചെയ്തത്. അത് ചെയ്യാനും, അവതരിപ്പിക്കാനും ആളുകളെ കൊണ്ട് നന്നായി എന്ന് പറയിപ്പിക്കാനും ഭയങ്കര പാടാണ്. ചന്തു അതിൽ 100 ശതമാനം വിജയമാണ്."
മുൻപ് ടൊവിനോ ചിത്രം തരംഗത്തിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നുവെങ്കിലും പതിനെട്ടാം പടിയിലാണ് ജിതിൻ കൂടുതലായി അറിയപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും. ഇപ്പോൾ സ്വന്തം നാടായ കോഴിക്കോട് നിന്നും, അതിനു പുറത്തു നിന്നും ആശംസകൾ പ്രവഹിക്കുന്നു. "കോഴിക്കോടും മലപ്പുറത്തും നിന്നൊക്കെ ഒരുപാട് കോൾസും മെസ്സേജുകളുമാണ് വരുന്നത്. എനിക്ക് മാത്രമല്ല, ഒപ്പം അഭിനയിച്ചവർക്കും അങ്ങനെയാണ്. വീട്ടിൽ അമ്മയ്ക്കും ഭയങ്കര സന്തോഷം."
ഇനി ജിതിനെ കാണുക കമൽ സംവിധാനം നിർവഹിക്കുന്ന 'പ്രണയ മീനുകളുടെ കടലിലും', ടൊവിനോയുടെ 'എടക്കാട് ബറ്റാലിയനിലും', മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലുമാണ്'.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 13, 2019 5:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കവിയായ അച്ഛന്റെ മകൻ ആശിച്ചത് നടനാവാൻ; പതിനെട്ടാം പടിയിലെ ഗിരിയായ ജിതിൻ പുത്തഞ്ചേരി