• HOME
 • »
 • NEWS
 • »
 • film
 • »
 • Pathinettam Padi review: അടവ് പതിനെട്ടും പയറ്റി തെളിഞ്ഞ പതിനെട്ടാം പടി

Pathinettam Padi review: അടവ് പതിനെട്ടും പയറ്റി തെളിഞ്ഞ പതിനെട്ടാം പടി

Read Pathinettam Padi movie full review | ആർക്കും പതിനെട്ടു പടിയും ചവിട്ടാം -- വലുപ്പച്ചെറുപ്പമില്ലാതെ, വ്യത്യാസങ്ങളില്ലാതെ

പതിനെട്ടാം പടി

പതിനെട്ടാം പടി

 • Share this:
  #മീര മനു

  അഭിനയത്തിൽ നിന്ന് പറഞ്ഞു തുടങ്ങാം എന്ന് കരുതി ആരംഭിക്കുമ്പോൾ തോന്നും സ്ക്രിപ്റ്റിനെപ്പറ്റി ആയാലോ എന്ന്. അപ്പോഴാവും പ്രമേയവും, ക്യാമറയും, സംഗീതവും, മേക്കിങ് സ്കില്ലും, സ്റ്റണ്ടും, കലാ സംവിധാനവും ഉൾപ്പെടെയുള്ളവ രണ്ടാം സ്ഥാനത്തേക്ക് മാറ്റുന്നത് അനീതിയല്ലേ എന്ന തോന്നലുണ്ടാവുക. ഒരു പരീക്ഷ എഴുതിയ എല്ലാവർക്കും ഒന്നാം റാങ്ക് കിട്ടുമ്പോൾ ആരെ അഭിനന്ദിക്കണം എന്ന ചിന്ത തന്നെയാണ് പതിനെട്ടാം പടി കണ്ടിറങ്ങുമ്പോഴും മനസ്സിന്റെ ഉള്ളിൽ. ഒരു സിനിമക്കുള്ളിൽ പല ഘടകങ്ങൾ ഇഞ്ചോടിഞ്ച് മത്സരിച്ച് ഒരേ നിലയിൽ ഒന്നാം സ്ഥാനം കയ്യടക്കുമ്പോൾ ഉണ്ടാവുന്ന മികച്ച പ്രോഡക്റ്റ്; പതിനെട്ടാം പടിയെ ഒറ്റവരിയിൽ ഇങ്ങനെ നിർവചിക്കാം.

  ഒരു സ്കൂൾ കാലം. 2000ങ്ങളുടെ തുടക്കത്തിലോ പകുതിക്കോ തിരുവനന്തപുരത്തെ രണ്ടു സ്കൂളുകൾ തമ്മിൽ ഉണ്ടായ ഉരസൽ. നഗരത്തിന്റെ ഹൃദയ ഭാഗത്തെ മോഡൽ സ്കൂളും, ഇന്റർനാഷണൽ സ്കൂളും. ഇവിടുത്തെ വിദ്യാർത്ഥികളുടെ പകയും വിദ്വേഷവും വരുത്തി കൂട്ടിയ തീരാ കടങ്ങളെയും നഷ്ടങ്ങളെയും വാരിയെടുത്ത് വിളക്കി ചേർത്തുണ്ടാക്കിയ സ്‌ക്രിപ്പിറ്റിൽ പിറന്ന അതുല്യ കലാസൃഷ്ടിയാണ് ഏകദേശം മൂന്നു മണിക്കൂറുകൾക്കടുത്ത് പ്രേക്ഷകന്റെ മുന്നിൽ കലഹിച്ചും, തല്ലുകൂടിയും, കൂട്ടുകൂടിയും, പകവീട്ടിയും, പ്രണയിച്ചും, വിജയിച്ചും, നഷ്ടപ്പെടലുകളെ ഓർമ്മിപ്പിച്ചുമൊക്കെ നിറഞ്ഞാടുന്നത്.

  Read: Pathinettam Padi review: first half: ആദ്യ പകുതി ഇവിടെ വരെ

  സ്കൂൾ എന്നാൽ ജീവിത പാഠം കൂടിയെന്ന മഹത്തായ സന്ദേശം നട്ടെല്ലായി നിലനിർത്തി, ഓരോ പാഠവും ഓരോ പടവായി/ പടിയായി ചവിട്ടി നിൽക്കുന്നിടത്താണ് പതിനെട്ടാംപടി ചെന്നവസാനിക്കുക അല്ലെങ്കിൽ ക്ലൈമാക്സോടടുക്കുക.

  ഈ ചിത്രത്തിൽ താരങ്ങളുണ്ട് എന്നതിനേക്കാൾ ഒരു താരോദയം ഉണ്ടെന്നു പറയുന്നതാവും ഉചിതം. അതിഥി വേഷങ്ങളിൽ മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ തുടങ്ങിയവർ എത്തുമ്പോൾ ശേഷിക്കുന്ന സമയം ഈ സിനിമയ്ക്കു മജ്ജയും മാംസവും രക്തവും ആവുന്നത് ഒട്ടനവധി യുവാക്കളാണ്. ഇതിൽ പുതുമുഖങ്ങളുണ്ട്, മുൻപും സ്‌ക്രീനിൽ വന്നുപോയവരുണ്ട്. ഇവർ ഒത്തുചേർന്ന പൊൻതിളക്കമാണ് ഇവിടുത്തെ താരോദയം. ഇവിടെയും ആദ്യം പറഞ്ഞ കൺഫ്യൂഷൻ തന്നെ. ഒരാൾ മറ്റൊരാളേക്കാൾ മികച്ചത് എന്ന് പറയുക അസാധ്യം.  സൂപ്പർ താരങ്ങൾ അണിനിരക്കുന്ന പടത്തിൽ പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസും ഇവരുടെ മാത്രം ബാധ്യതയായി മാറുന്ന പഴഞ്ചൻ ശൈലി പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്ന മലയാള സിനിമയിൽ വേറിട്ട പരീക്ഷണം തന്നെയാണ് പതിനെട്ടാം പടി. ഭംഗിയുള്ള ഒരു തുന്നൽപണിയിലെ ഓരോ കണികയും ആസ്വാദ്യകരമാകുന്ന രീതിയാണ് ഈ ചിത്രത്തിലുടനീളവും. ഊടും പാവും മുറുകുന്നിടത്തു മലയാളി നെഞ്ചേറ്റിയ പ്രിയ താരങ്ങൾ ഇഴയടുപ്പം കൂട്ടാനായി വന്നു ചേരുന്നു.

  ഇത്തരമൊരു പരീക്ഷണത്തെ വെല്ലുവിളിയായി ഏറ്റെടുത്ത് വിജയിപ്പിക്കാൻ സംവിധായകൻ ശങ്കർ രാമകൃഷ്ണനും നിർമ്മാതാവ് ഷാജി നടേശന്റെ നേതൃത്വത്തിലെ ഓഗസ്റ്റ് സിനിമയും തയ്യാറായെങ്കിൽ, ഇനിയും ഇവരുടെ വഴി നടക്കാൻ ആളുണ്ടെങ്കിൽ, മലയാള സിനിമ മികച്ചത് മാത്രം പ്രേക്ഷകന് സമ്മാനിക്കുന്ന സങ്കേതമായി മാറും എന്ന് നിസ്സംശയം പറയാം. മാസും, ആക്ഷനും, സസ്‌പെൻസും, ത്രില്ലും, മറ്റു പലതും ഒരു കുടക്കീഴിൽ ഉരസ്സലോ മുട്ടലോ കൂടാതെ കാണാൻ റെഡി എങ്കിൽ, ആർക്കും പതിനെട്ടു പടിയും ചവിട്ടാം -- വലുപ്പച്ചെറുപ്പമില്ലാതെ, വ്യത്യാസങ്ങളില്ലാതെ.

  First published: