സംവിധാനം രഞ്ജിത്ത്; സിനിമ പോലൊരു നാടകം; മറാത്താ കഫേ
Last Updated:
രഞ്ജിത്ത്, ശ്യാമപ്രസാദ്, വി.കെ.പ്രകാശ്, അഴഗപ്പൻ, മുരളി മേനോൻ എന്നിവർ ഒന്നിക്കുന്ന നാടകം മറാത്താ കഫേ കൊച്ചിയിൽ
സിനിമയാണോ മറാത്താ കഫേ എന്ന് ചോദിച്ചാൽ അല്ല എന്നങ്ങു തീർത്തു പറയാൻ ആവില്ല. നാടകമെങ്കിലും, ഇതിൽ സിനിമാലോകത്തെ പരിചിത മുഖങ്ങളാണ്. ഒരുപിടി നല്ല സിനിമകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച രഞ്ജിത് ആണ് സംവിധായകൻ. മറ്റൊരു ചലച്ചിത്രകാരനായ ശ്യാമപ്രസാദ് സംഗീതം ഒരുക്കുന്നു. വെളിച്ചവിതാനവുമായി അഴഗപ്പൻ. അരംഗത്ത് സിനിമാ/നാടക/സീരിയൽ രംഗത്തെ വർഷങ്ങളുടെ പാരമ്പര്യമുള്ള മുരളി മേനോനും മനു ജോസും. കൂട്ടത്തിൽ വി.കെ.പ്രകാശ്, കുക്കു പരമേശ്വരൻ എന്നിവരും. സിനിമക്കും പുറത്ത് ഇവരെ കൂട്ടിയിണക്കുന്ന ഒന്നുണ്ട്. അതാണവരെ മറാത്താ കഫെയിൽ ഒത്തുചേരാൻ പ്രേരിപ്പിച്ചത്. സ്കൂൾ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായിരുന്നു ഇവർ. പിന്നെ കലയുടെ പല വഴിയിലേക്കും തിരിഞ്ഞ് വീണ്ടും ഒരു ഒത്തുചേരലുമായി വന്നിരിക്കുന്നു. 1995 ലെ പൂനെയിൽ ആവിഷ്‌ക്കരിച്ച ഹാരൾഡ് പിൻറ്ററിന്റെ ദി ഡംബ് വൈറ്ററിന്റെ സ്വാതന്ത്രാവിഷ്കാരമാണ് മറാത്താ കഫേ. മുരളി മേനോനാണ് നാടക രചയിതാവ്.
നാടകം വായിച്ചത് മുതൽ അതിന്റെ രംഗരൂപം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നുവെന്നു രഞ്ജിത്ത് പറയുന്നു. "നാടക അവതരണത്തിന്റെ, യഥാർത്ഥ സമയത്തിനും, സ്പെയിസിനും, അഭിനേതാക്കൾക്കുമൊപ്പം ഒരു കഥപറയുക എന്നതിന്റെ, വർഷങ്ങൾക്ക് ശേഷം സഹപാഠികൾക്കൊപ്പം ഒത്തുചേരുന്നതിന്റെ ആനന്ദം ഞാൻ അനുഭവിക്കുകയാണ്. കാലാതീതമായുള്ള തീമും, ഉജ്ജ്വല അഭിനയ മുഹൂർത്തങ്ങളും, ഉയർന്ന സാങ്കേതിക ഇടപെടലും ഈ അവതരണത്തിന്റെ പ്രത്യേകതകളാണ്," ശ്യാമപ്രസാദ് പറയുന്നു.
advertisement
ഇവർ ഒന്നിച്ചു വേദിയിലെത്തുന്ന ദിവസം ജനുവരി 19 ആണ്. വൈകുന്നേരം 6.30ന് കൊച്ചി, തൃപ്പൂണിത്തുറ ജെ.ടി.പാക് ഓഡിറ്റോറിയത്തിലാണ് അവതരണം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 16, 2019 10:53 AM IST









