പുതു തലമുറയെ ബന്ധങ്ങളുടെ മൂല്യത്തെക്കുറിച്ചും കൂട്ടുകുടുംബത്തിന്റെ മഹത്വത്തെക്കുറിച്ചും ബോധ്യപ്പെടുത്തുന്നതിനായി വ്യത്യസ്തമായൊരു മാർഗവുമായി തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ ഒരു സ്കൂൾ. അടുത്തുള്ള വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം വിജയ് ചിത്രമായ ‘വാരിസ്’ (Varisu) സിനിമ കാണുകയെന്ന പുത്തൻ അനുഭവമാണ് വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജ്മെന്റ് നൽകിയത്. മയിലാടുതുറൈയിലെ സ്വകാര്യ സ്‌കൂളായ യൂറോകിഡ്‌സ് ആണ് ഈ വ്യത്യസ്തമായ ആശയവുമായി രംഗത്തെത്തിയത്.
ഈ വർഷം പൊങ്കൽ റിലീസായാണ് വിജയുടെ 66-ാമത് സിനിമയായ ‘വാരിസ്’ തിയേറ്ററുകളിലെത്തിയത്. കുടുംബ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണ് ‘വാരിസ്’ എന്നും ഇന്നത്തെ തലമുറയിലെ ഭൂരിപക്ഷം കുട്ടികൾക്കും കൂട്ടുകുടുംബം എന്താണെന്നതിനെക്കുറിച്ച് യാതൊരു ധാരണയും ഇല്ലെന്നും സ്കൂൾ മാനേജ്മെന്റ് പറയുന്നു. സിനിമയിൽ ബന്ധങ്ങളുടെ മൂല്യവും കൂട്ടുകുടുംബത്തിന്റെ മഹത്വവുമൊക്കെ വിശദീകരിക്കുന്നുണ്ടെന്നും സ്കൂൾ അധികൃതർ കൂട്ടിച്ചേർത്തു.
സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന വൃദ്ധസദനത്തിൽ കഴിയുന്ന പതിനഞ്ചിലധികം അന്തേവാസികൾക്കൊപ്പമാണ് വിദ്യാർത്ഥികൾ സിനിമ കണ്ടത്. സ്‌കൂളിലെ 4, 5 ക്ലാസുകളിലെ 60 വിദ്യാർഥികളെയാണ് ‘വാരിസ്’ സിനിമ തിയേറ്ററിൽ കാണാൻ കൊണ്ടുവന്നത്. ഏകദേശം 15 വർഷത്തിന് ശേഷമാണ് തങ്ങൾ ഒരു സിനിമ കണ്ടതെന്ന് വൃദ്ധസദനത്തിലെ പലരും നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.
Also read: ദളപതി 67 ല് മലയാളി താരം മാത്യു തോമസും; അര്ജുനും ഗൗതം മേനോനുമടക്കം വമ്പന് താരനിര
ഇന്ന് രാജ്യത്ത് അപൂർവമായി മാത്രം കാണുന്ന ഒരു കാഴ്ചയാണ് കൂട്ടുകുടുംബങ്ങൾ, പ്രത്യേകിച്ചും ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരങ്ങളിൽ. എന്നാൽ 72 അംഗങ്ങളുള്ള മഹാരാഷ്ട്രയിലെ സോലാപൂരിലുള്ള ഡോയ്‌ജോഡ് കുടുംബത്തിന്റെ വാർത്ത മുൻപ് പുറത്തു വന്നിരുന്നു. ബിബിസി തങ്ങളുടെ ചാനലിൽ ഇവരുടെ കഥ അവതരിപ്പിച്ചിരുന്നു. ഒരു ട്രേഡിംഗ് കമ്പനിയുടെ ഉടമസ്ഥർ കൂടിയാണ് ഈ കുടുംബം. കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം ഇടപഴകുന്നതും അവരുടെ ദൈനംദിന ജോലികളുമെല്ലാം ബിബിസി പങ്കുവെച്ച വീഡിയോയിൽ കാണാം.
72 അംഗങ്ങളുള്ള തങ്ങളുടെ കുടുംബത്തിന് രാവിലെയും വൈകുന്നേരവുമായി പത്തു ലിറ്റർ പാലും ഭക്ഷണത്തിനായി ദിവസവും ആകെ 1,000 രൂപ മുതൽ 1,200 രൂപ വരെ വില വരുന്ന പച്ചക്കറികളും വേണമെന്ന് കുടുംബാംഗമായ അശ്വിൻ പറയുന്നു. വീട്ടിലെ എല്ലാവർക്കും ആവശ്യമായ നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് ഇതിലും മൂന്നോ നാലോ മടങ്ങ് പണം ചെലവാകും. “ഞങ്ങൾ ഒരു വർഷത്തേക്കുള്ള അരിയും ഗോതമ്പും പയറുമൊക്കെ ഒന്നിച്ചാണ് വാങ്ങുന്നത്. ഇത് ഏകദേശം 40 മുതൽ 50 ചാക്കുകൾ വരെ ഉണ്ടാകും. ഞങ്ങൾക്ക് ധാരളം പലചരക്കു സാധനങ്ങൾ ആവശ്യം ഉള്ളതിനാലാണ് ഇങ്ങനെ മൊത്തമായി വാങ്ങുന്നത്. അങ്ങനെ വാങ്ങുമ്പോൾ ചെലവും അൽപം കുറയും”, അശ്വിൻ കൂട്ടിച്ചേർത്തു.
ഈ കുടുംബത്തിൽ ജനിച്ചുവളർന്നവർ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെയാണ് ജീവിക്കുന്നതെന്നാണ് കൂട്ടുകുടുംബത്തിലേക്ക് മരുമകളായെത്തിയ നൈന പറയുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് ഇവിടേക്കെത്തുന്ന സ്ത്രീകൾക്ക് ആദ്യമൊക്കെ അൽപ്പം ബുദ്ധിമുട്ട് തോന്നുമെന്നും നൈന പറയുന്നു. “ആദ്യം ഈ വീട്ടിലെ ആളുകളുടെ എണ്ണം കണ്ട് എനിക്ക് ഭയം തോന്നി. എന്നാൽ എല്ലാവരും എന്നെ സഹായിച്ചു. എന്റെ അമ്മായിയമ്മയും സഹോദരീ സഹോദരന്മാരും എല്ലാവരും എനിക്കൊപ്പം നിന്നു”, നൈന കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.