HOME /NEWS /Film / Shefeekkinte Santhosham review | വീണ്ടും നല്ലവനായ ഉണ്ണി; കുടുംബപ്രേക്ഷകരെ തേടി 'ഷെഫീക്കിന്റെ സന്തോഷം'

Shefeekkinte Santhosham review | വീണ്ടും നല്ലവനായ ഉണ്ണി; കുടുംബപ്രേക്ഷകരെ തേടി 'ഷെഫീക്കിന്റെ സന്തോഷം'

ഷെഫീക്കിന്റെ സന്തോഷം

ഷെഫീക്കിന്റെ സന്തോഷം

മലയാള സിനിമയുടെ പ്രധാന വരിക്കാരായ കുടുംബപ്രേക്ഷകരെ മുന്നിൽക്കണ്ട് ഒരു ഉണ്ണി മുകുന്ദൻ ചിത്രം

  • Share this:

    ശുദ്ധൻ, ഗ്രാമീണൻ, സഹായമനസ്കൻ, സൽസ്വഭാവി. അതായിരുന്നു ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിച്ച ‘മേപ്പടിയാൻ’ സിനിമയിലെ വർക്ക്ഷോപ് മെക്കാനിക് ജയകൃഷ്ണൻ. രണ്ടാമത് ചിത്രമായ ‘ഷെഫീക്കിന്റെ സന്തോഷത്തിൽ’ (Shefeekkinte Santhosham) ദുബായിൽ പോയി തൊഴിലെടുത്ത് നാട്ടിലും വിദേശത്തും മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിച്ചു കഴിയുന്ന ഷെഫീക്കും ഇക്കാര്യങ്ങളിൽ തുല്യർ.

    ചലച്ചിത്ര നിർമാതാവാകുമ്പോൾ, മലയാള സിനിമയുടെ പ്രധാന വരിക്കാരായ കുടുംബപ്രേക്ഷകരെ മുന്നിൽക്കണ്ട് അവതരിപ്പിക്കണം എന്ന കാര്യത്തിൽ ഉണ്ണി രണ്ടുവട്ടവും നിർബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിക്കുകയായിരുന്നു എന്ന് ഈ രണ്ടു ചിത്രങ്ങളും കണ്ടാൽ അനുമാനിക്കാം.

    ‘സെൽഫ് ലെസ്സ്’ എന്ന് ഇംഗ്ളീഷിൽ ഒറ്റവാക്കിൽ പറയാവുന്ന ഇവർ പലപ്പോഴും ചെന്നുചാടുക, കൂടെ നിന്നവർ വെട്ടിയ കുഴിയിലാവുമെന്നതിൽ യാദൃശ്ചികതയില്ല. തരക്കേടില്ലാത്ത സമ്പാദ്യവുമായി നാട്ടിലേക്ക് വിമാനമിറങ്ങി, കളിക്കൂട്ടുകാരിയുമായുള്ള വിവാഹത്തിന് തയാറെടുക്കുന്ന ഷെഫീക്കിനായി പതിയിരിക്കുന്നത് അയാൾ സ്വപ്നത്തിൽ പോലും നിനച്ചിരിക്കാത്ത വാരിക്കുഴികളാണ്. അതിൽ നിന്നും അയാൾ കരകയറുന്നതെങ്ങനെയാവും?

    ആദ്യമായി നിർമ്മിച്ച ചിത്രത്തിലേതെന്ന പോലെ ഓരോ കഥാപാത്രത്തിനും സൂക്ഷ്മതയോടെ കണ്ടെത്തിയ കാസ്റ്റിംഗ് മികവാണ് സിനിമയുടെ തുറുപ്പുചീട്ട്. കൃഷ്ണപ്രസാദ്‌, അനീഷ് രവി എന്നിവരെ പ്രായംചെന്ന അച്ഛൻ വേഷങ്ങൾ പരീക്ഷിക്കാൻ അവസരം നൽകി അവരുടെ അഭിനയപാടവത്തിന്റെ മറ്റൊരു സാധ്യത തുറന്നിട്ട സിനിമകൂടിയാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ആ പരീക്ഷണം വിജയിക്കുകയും ചെയ്തു. അതുപോലെ തന്നെ സ്മിനു സിജോ, ഗീതി സംഗീതിക എന്നിവരുടെ അമ്മവേഷങ്ങളും.

    സ്ക്രിപ്റ്റിൽ ഹ്യൂമറിന് വലിയ സാധ്യതയില്ലെങ്കിലും, ബാല, മനോജ് കെ. ജയൻ, സംവിധായകൻ അനൂപ് പന്തളം, മിഥുൻ രമേശ് എന്നിവരുടെ സ്വാഭാവിക പ്രകടനം ചിരിയിൽ ചെന്നെത്തുന്നുണ്ട്. നായകൻ ഉണ്ണി മുകുന്ദനൊപ്പം മുഴുനീള കഥാപാത്രമായി ബാലയുടെ അമീർ ആണ് ശ്രദ്ധനേടുന്ന മറ്റൊരു കഥാപാത്രം. ബാലയുടെ വീഡിയോകളിലൂടെ കേട്ടുപരിചയിച്ച ഡയലോഗുകൾ സിനിമയ്ക്ക് ഉപയോഗപ്പെടുത്താൻ ശ്രദ്ധിച്ചത് പ്രേക്ഷകരെ രസിപ്പിക്കാനും വേണ്ടിയുണ്ട്.

    ആദ്യ സിനിമയിലേത് പോലെ കുടുംബ ചിത്രത്തിൽ ത്രില്ലർ കയറ്റാതെയുള്ള അവതരണമാണ് ‘ഷെഫീക്കിന്റെ സന്തോഷം’ മുന്നോട്ടുവയ്ക്കുന്നത്. ഒപ്പം തന്നെ ഇന്ന് വാർത്തകളിൽ ഇടം നേടിയ ഒരു വിഷയം അതിന്റേതായ ഗൗരവത്തോടെ യുവതലമുറയ്ക്ക് മുന്നിലെത്തിക്കാനും സ്ക്രിപ്റ്റ് ശ്രമം നടത്തിയിരിക്കുന്നു. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിച്ച ചിത്രം ഹിന്ദു പശ്ചാത്തലത്തിലും രണ്ടാമത് ചിത്രം മുസ്ലിം പരിസരങ്ങളിലും പുരോഗമിക്കുന്നു എന്നതിന്റെ പേരിൽ ചില ചോദ്യങ്ങൾ ഉയർന്നുവെങ്കിലും, സിനിമയുടെ കഥയുമായി അത്തരമൊരു ഘടകം ചേർത്തുവായിക്കേണ്ടതില്ല.

    നായികമാരായി ദിവ്യ പിള്ളയും, ആത്മീയ രാജനുമാണ് ചിത്രത്തിൽ. കുടുംബം ഒന്നടങ്കം തിയേറ്ററിൽ പോയി, കട്ടും മ്യൂട്ടുമില്ലാതെ ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ ‘ഷെഫീക്കിന്റെ സന്തോഷം’ തിരഞ്ഞെടുക്കാം.

    Summary: Anoop Pandalam-directed film Shefeekkinte Santhosham, which stars Unni Mukundan, has just been released. Here is a review of the film

    First published:

    Tags: Film review, Shefeekkinte Santhosham, Unni Mukundan