The Kerala Story | ദി കേരള സ്റ്റോറി: അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി; ചിത്രം മെയ് 5ന് തന്നെ
- Published by:user_57
- news18-malayalam
Last Updated:
ചിത്രം മെയ് അഞ്ചിന് റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ നീക്കം
‘ദി കേരള സ്റ്റോറി’ (The Kerala Story) വിവാദത്തിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ചിത്രം മെയ് അഞ്ചിന് റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ നീക്കം. എന്തുകൊണ്ട് ആദ്യമേ ഹൈക്കോടതിയിൽ പോയില്ല എന്ന് ഹർജിക്കാരന്റെ വക്കീൽ നിസാം പാഷയോട് സുപ്രീം കോടതി ആരാഞ്ഞു. വിദ്വേഷ പ്രസംഗ കേസുകൾക്കൊപ്പം പരിഗണിക്കണം എന്നതായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ചിത്രം മറ്റൊരു വിദ്വേഷ പ്രസംഗം ആണെന്നാണ് ഇവരുടെ വാദം.
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിക്കുന്നതിനാൽ, അടിയന്തര വാദത്തിനായി ജസ്റ്റിസുമാരായ കെ.എം. ജോസഫും ബി.വി. നാഗരത്‌നയും അടങ്ങുന്ന ബെഞ്ചിന് മുമ്പാകെ അഭിഭാഷകൻ നിസാം പാഷയാണ് ഹർജി സമർപ്പിച്ചത്.
എന്നാൽ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) സർട്ടിഫിക്കേഷൻ ഉൾപ്പെട്ടിരിക്കുന്നതിനാൽ വിഷയം ഇടക്കാല അപേക്ഷയായി ഫയൽ ചെയ്യാൻ കഴിയില്ലെന്ന് ജസ്റ്റിസ് ജോസഫ് അഭിപ്രായപ്പെട്ടു.
അതിനാൽ പ്രത്യേക ഹർജി നൽകേണ്ടിവരുമെന്നും, ബന്ധപ്പെട്ട ഹൈക്കോടതിയെയാണ് ആദ്യം സമീപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
advertisement
2018-2019 കാലയളവിൽ ഇസ്ലാമിലേക്ക് മതം മാറുകയും തുടർന്ന് ഐസിസിൽ ചേരുകയും ചെയ്ത കേരളത്തിൽ നിന്നുള്ള ഹിന്ദു പെൺകുട്ടികളെക്കുറിച്ചുള്ളതാണ് സിനിമ. ഇത്തരത്തിൽ ഏകദേശം 32,000 സ്ത്രീകളെ കേരളത്തിൽ നിന്ന് കാണാതായിട്ടുണ്ടെന്നും ഇന്ത്യയിലും ലോകമെമ്പാടുമുള്ള തീവ്രവാദ ദൗത്യങ്ങളിൽ ഇവർ ഭാഗമായിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇതേക്കുറിച്ചുള്ള ഒരന്വേഷണമാണ് സിനിമ. സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു. സിനിമയുടെ ട്രെയിലർ പുറത്തു വന്നതിനു പിന്നാലെ കേരളത്തിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിലും വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.
advertisement
സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പിന്നീട് ഫാത്തിമ എന്ന പേര് സ്വീകരിച്ച് മതം മാറുന്ന ശാലിനി ഉണ്ണികൃഷ്ണനായി ആദാ ശർമ്മ അഭിനയിക്കുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 02, 2023 11:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
The Kerala Story | ദി കേരള സ്റ്റോറി: അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി; ചിത്രം മെയ് 5ന് തന്നെ