Unni Mukundan | രാഷ്ട്രീയം പറയാൻ ഒരു രൂപ ചിലവില്ലാതെ ഫേസ്ബുക്ക് പോസ്റ്റ് മതി; അഞ്ചു കോടിയുടെ സിനിമ എടുക്കേണ്ട: ഉണ്ണി മുകുന്ദൻ

Last Updated:

Unni Mukundan exclusive interview | നായകനും നിർമ്മാതാവുമായ ചിത്രം 'മേപ്പടിയാനെക്കുറിച്ച്' ഉണ്ണി മുകുന്ദന്റെ എക്‌സ്‌ക്‌ളൂസീവ് അഭിമുഖം

ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ (Unni Mukundan) ആക്ഷൻ നായകനായി ബിഗ് സ്‌ക്രീനിൽ നിറഞ്ഞാൽ ആരാധകർ കയ്യടിക്കും. മല്ലു സിംഗും മസിൽ അളിയനും അവരെ അത്രമേൽ കീഴ്പ്പെടുത്തിക്കഴിഞ്ഞു. സിനിമയ്ക്ക് പുറത്തെ സിക്സ് പാക്ക് സങ്കൽപ്പങ്ങൾക്ക് കേരളക്കരയിലെ ഒരു വിഭാഗം യുവജനതയുടെ മനസ്സിലെ മുഖം ഉണ്ണിയുടേതാണ്. ഈ ചട്ടക്കൂടുകൾ ഭേദിച്ച് കടക്കാൻ സമയം അതിക്രമിച്ചു എന്ന തോന്നലിൽ നിന്നുമുണ്ടായ സിനിമ ഉണ്ണി സ്വപ്നം കണ്ടതെല്ലാം നൽകി. വിഷ്ണു മോഹൻ സംവിധാനം ചെയ്ത 'മേപ്പടിയാൻ' (Meppadiyan) എന്ന കുടുംബ ചിത്രത്തിലെ തനി നാടൻ നായക കഥാപാത്രമായി ഒരു പരീക്ഷണത്തിന് മുതിർന്നപ്പോൾ, പകുതി സീറ്റുകൾ മാത്രം നിറയ്ക്കാൻ അനുമതിയുള്ള കോവിഡ് കാലത്തും സിനിമാ ഹാളുകൾ 'ഹൗസ്ഫുൾ' ബോർഡ് തൂക്കി.
സിനിമയോ കഥാപാത്രങ്ങളോ എത്ര മികച്ചതായാലും സൈബർ ലോകത്തെ കടന്നാക്രമണം 'മേപ്പടിയാനെയും' നായകനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദനെയും വെറുതെ വിട്ടില്ല. വിവിധ തലങ്ങളിൽ വെല്ലുവിളിയുയർത്തിയ ചിത്രത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ ന്യൂസ് 18 മലയാളത്തിന് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖം:
സിനിമയ്ക്ക് ലഭിക്കുന്ന പ്രേക്ഷക പ്രതികരണത്തിൽ നടനും നിർമ്മാതാവുമായ ഉണ്ണിക്ക് എന്ത് തോന്നുന്നു?
"വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു. മസിൽ മാൻ ഇമേജ് നിലനിൽക്കുമ്പോൾ മറ്റു റോളുകൾ ചെയ്യാൻ കഴിയില്ല എന്ന ധാരണയായിരുന്നു ഏറ്റവും വലുത്. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ സ്വീകരിച്ചതും, സിനിമ പ്രൊഡ്യൂസ് ചെയ്തതും, ആ ഇമേജ് മാറ്റിയെടുക്കാൻ വേണ്ടിയായിരുന്നു.
advertisement
കഥാപാത്രത്തെ മാത്രമല്ല, സിനിമയെ മൊത്തമായി പ്രേക്ഷകർ ഇഷ്‌ടപ്പെടണം എന്ന് ആഗ്രഹിച്ചു. ജയകൃഷ്ണന്റെ സങ്കടങ്ങളും, പ്രതിസന്ധികളും വിജയവും കാഴ്ച്ചക്കാരുമായി ഏറെ ബന്ധം സൃഷ്‌ടിച്ചു എന്ന് പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാനായി. ഞാൻ നായകനായ സിനിമയിൽ, എന്റെ അച്ഛന്റെയും അമ്മയുടെയും പേര് നിർമ്മാതാക്കളുടെ സ്ഥാനത്ത് തെളിഞ്ഞു, കൂട്ടുകാരുടെ പേരുകൾ വന്നു പോലുള്ള ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുന്നു.
പ്രേക്ഷക പ്രതികരണം രേഖപ്പെടുത്തിയ വീഡിയോയിൽ ഒരു ആന്റി കരയുന്നത് കണ്ടു. സ്വന്തം ജീവിതവുമായി ബന്ധമുള്ള കഥ അവരെ ആഴത്തിൽ സ്പർശിച്ചു. സിനിമാ തിയേറ്ററുകൾ സന്ദർശിച്ചപ്പോൾ നേരിട്ട് പ്രതികരണം ലഭിക്കുകയുണ്ടായി. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ആദ്യ സിനിമ ഇത്രയേറെ സ്വീകാര്യത നേടിയതിൽ അതിയായ സന്തോഷമുണ്ട്.
advertisement
എന്റെ സിനിമയിലും, സംവിധായകനിലും, സ്ക്രിപ്റ്റിലും, പ്രകടനത്തിലും എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. ഒരു സമൂഹം സിനിമയുടെ ആത്മാവിനെ ചർച്ചചെയ്യുക വലിയ കാര്യമാണ്. ഹിറ്റാവുക എന്നതിലുപരി, ജനം കണ്ടെത്തുന്ന വികാരങ്ങളും കാഴ്ചപ്പാടുമാണ് ഞങ്ങൾ ആഗ്രഹിച്ചത്. സാധാരണ കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങൾ ആയതുകൊണ്ട് കൂടുതൽ പേർക്കും കണക്ട് ചെയ്യാൻ സാധിച്ചു. മേപ്പടിയാന് പിന്നിലെ ഓരോ ടെക്‌നീഷ്യനും അഭിനന്ദനം അർഹിക്കുന്നു. ആദ്യത്തെ നാല് ദിവസങ്ങളിൽ 150 ഓളം സെന്ററുകൾ ഹൗസ്ഫുൾ ആയി.
കഥാനായകനാവേണ്ട ഒട്ടേറെ സ്ക്രിപ്റ്റുകൾ നാല് വർഷത്തോളം വേണ്ടെന്നു വച്ചു. സഹ നടനായും, വില്ലനായുമെല്ലാം ഈ നാളുകളിൽ വേഷം ചെയ്തു. ആക്ഷൻ ഹീറോ അല്ലാത്ത ഈ കഥാപാത്രം ചെയ്യണം എന്ന് നിർബന്ധമായിരുന്നു. അങ്ങനെയൊരു വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ചെയ്താണ് ഈ സിനിമ തിയേറ്ററിൽ റിലീസ് ചെയ്തത്. ഒടുവിൽ മനസ്സിൽക്കണ്ട പോലൊരു വേഷം ചെയ്യുമ്പോൾ അത് ഹിറ്റാവണം എന്നാഗ്രഹിച്ചു. ആ തീരുമാനം എത്രത്തോളം ശരിയായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാവുന്നു.
advertisement
എന്റെ കരിയറിൽ 'ഉണ്ണി മുകുന്ദൻ ഇത്തരമൊരു വേഷം ചെയ്യുന്ന നടനാണെന്ന്' മുദ്ര ചെയ്യപ്പെടരുത് എന്നുണ്ട്. ഞാൻ വില്ലനായി വന്നിട്ടുണ്ട്, ഇപ്പോൾ നായക വേഷം ചെയ്തപ്പോഴും വിജയിച്ചു, ആക്ഷൻ ചെയ്യുന്നുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തിൽ ഒതുങ്ങാതെ, എല്ലാ വേഷങ്ങളും ആത്മവിശ്വാസത്തോടു കൂടി ചെയ്യുന്ന നടൻ എന്ന് പറയപ്പെടുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ടാവണം എന്നാണ് ഏറ്റവും വലിയ ആഗ്രഹം.
സെൻസർ ബോർഡിന്റെ പക്കൽ നിന്നും നല്ല പ്രതികരണമായിരുന്നു. ജനുവരി 14ന് ഇറങ്ങുന്ന സിനിമയ്ക്ക് നിർമ്മാതാവെന്ന നിലയിൽ കഴിവതും പ്രചാരണം നൽകി. മേപ്പടിയാനും ജനുവരി 14 എന്ന തിയതിയും എന്നിലേക്ക്‌ അടിച്ചേല്പിക്കപ്പെടുകയാണ് ചെയ്തത്. നിർമ്മാതാവെന്ന നിലയിലും, മുൻപ് സെയിൽസ് മേഖലയിൽ ജോലിചെയ്തിരുന്ന അനുഭവത്തിന്റെ വെളിച്ചത്തിലും ഒരു സിനിമ നല്ലതു മാത്രമായാൽ പോരാ.
advertisement
സിനിമയില്ലെങ്കിലും എന്റർടൈൻമെന്റിന് വളരെയേറെ സാദ്ധ്യതകൾ ഉണ്ടാവുന്നതായി രണ്ടുവർഷത്തെ ലോക്ക്ഡൗണിൽ കണ്ടുമനസ്സിലാക്കിയതാണ്. യൂട്യൂബ് കണ്ടന്റ് വന്നു. അതിലൂടെ പലരും വരുമാനമുണ്ടാക്കി തുടങ്ങി. ഇതിനിടയിലേക്ക് 'മേപ്പടിയാൻ' എന്ന കുടുംബ ചിത്രം വരുന്നുണ്ടെന്നും, ഇത് കാണണമെന്നും പറഞ്ഞ് നന്നായി മാർക്കറ്റിംഗ് നടത്തി. 'മേപ്പടിയാൻ' പ്രൊമോഷൻ വാഹനം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 10 ദിവസം ഓടിച്ചു.
സിനിമ അത്രയും നല്ലതാണെന്നു ഉറപ്പുള്ളതുകൊണ്ടു ചെയ്തതാണ്. സിനിമയ്ക്കായുള്ള എന്റെ പരിശ്രമം ജനം കാണാതെ പോകരുത് എന്ന് നിർബന്ധമായിരുന്നു. 50 ശതമാനം കാണികളെ മാത്രം തിയേറ്ററിൽ അനുവദിച്ച വേളയിലും സിനിമ റിലീസ് ചെയ്യുക എന്നത് വെല്ലുവിളിയോടെ സ്വീകരിച്ചു. എന്റെ ടീം മികച്ചതും, എന്നെ പിന്തുണയ്ക്കുന്നതുമായി. ഇതേ സമയം ഇറങ്ങാനിരുന്ന പല ചിത്രങ്ങളും വരാതെയിരുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധ ഞങ്ങളിലേക്കെത്തി.
advertisement
സിനിമാ പരമ്പര്യമില്ലാതെ 10 വർഷം സിനിമയിൽ നിന്ന ശേഷമാണ് ഞാൻ നിർമ്മാതാവായത്. സംവിധായകൻ വിഷ്ണു മോഹനും അത്തരം പശ്ചാത്തലമില്ലാതെയാണ് സിനിമയിലെത്തിയത്. പുതുമുഖങ്ങളും നവാഗത ടെക്‌നീഷ്യന്മാരും ഇതിൽ വർക്ക് ചെയ്തു. തമാശകൾ ചെയ്യുന്ന അജു വർഗീസ് വ്യത്യസ്തമായ കഥാപാത്രം ചെയ്തു.
സിനിമാ മേഖല പ്രതിസന്ധി നേരിട്ട നാളുകളിൽ 100 ഓളം പേർക്ക് തൊഴിൽ നൽകാൻ സാധിച്ചു. പണിയെടുത്ത്‌ സമ്പാദിക്കുന്ന ശീലം മലയാളികൾക്കുണ്ട്. അവർക്ക് വെറുതെ പണം കൊടുക്കാതെ, ജോലിയും പ്രതിഫലവും കൊടുത്തതിന്റെ ചാരിതാർഥ്യമുണ്ട്. ഇപ്പോൾ ലഭിക്കുന്ന പ്രേക്ഷക പ്രതികരണം നടനും നിർമ്മാതാവും എന്ന നിലയിലെ വിജയമായി ഞാൻ കാണുന്നു."
advertisement
സോഷ്യൽ മീഡിയ ഡീഗ്രേഡിങ് സിനിമയെ ബാധിച്ചുവോ?
"വിനോദ വ്യവസായത്തെ സംബന്ധിച്ച് ഒരു പ്രോഡക്റ്റിനെ കുറിച്ച് ചർച്ചയുണ്ടാവുന്നതാണ് പ്രധാനം. നല്ലത് മോശം എന്നില്ല. അത് ഒരു പി.ആർ. പോലെ പ്രവർത്തിക്കും. എന്റെ സിനിമയിൽ അജണ്ട ഉണ്ട് എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ശബരിമലയിൽ പോകാൻ കറുപ്പ് വേഷം ധരിച്ചു നിന്നയാൾ മുറുക്കാൻ ചവച്ചു, ഒരു മുസ്ലിം കഥാപാത്രത്തെ അവഗണിച്ചു എന്ന പ്രചാരണം വളരെയേറെ വേദനിപ്പിച്ചു. മലയ്ക്ക് പോകുന്നയാളുടെ മനസ്സും ശരീരവും ശുദ്ധീകരിച്ച ശേഷമാണ് യാത്ര. അന്നേരം മറ്റൊരാളോട് വിദ്വേഷം ഉള്ളിൽ വച്ച് പെരുമാറേണ്ട കാര്യം തന്നെയില്ല. സിനിമയിൽ ജയകൃഷ്ണൻ എന്ന നായകന്റെ ഹെറോയിക് സ്പേസ് മാത്രമേ സ്‌ക്രീനിൽ ഉള്ളൂ.
അജണ്ട പറയാനും വേണ്ടി ഒരു സിനിമയെടുത്ത് തീർക്കാൻ കോടികൾ എന്റെ കയ്യിലില്ല. ഞാൻ അങ്ങനെ ചിന്തിക്കാറുമില്ല. എന്റെ രാഷ്ട്രീയ ചിന്തകളോ ആശയങ്ങളോ പറയണമെങ്കിൽ ഒരു രൂപ ചിലവില്ലാതെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ സാധിക്കും. അതിനായി അഞ്ച് കോടിയുടെ പടമെടുക്കാനും വേണ്ടി വിഡ്ഢിയല്ല ഞാൻ. അങ്ങനെ വല്ലതും ഉണ്ടായിരുന്നു, അതിനെ പ്രേക്ഷകർ ചൂണ്ടിക്കാട്ടിയെങ്കിൽ, 'ആഹാ, കണ്ടുപിടിച്ചല്ലോ' എന്ന് ഞാൻ പറഞ്ഞേനെ.
10 കൊല്ലം സിനിമയിൽ നിന്ന് ഉണ്ടാക്കിയ പണം കൊണ്ട്, വേറൊരു മതത്തിലെ ആൾക്കാരെ തരംതാഴ്ത്തി കാണിക്കേണ്ട ആവശ്യം ഇല്ല. എനിക്ക് പറയാനുള്ളത് നേരേചൊവ്വേ പറയും. ഇത്രയും നാൾ അങ്ങനെയാണ് ജീവിച്ചത്, ഇനിയും അങ്ങനെ തന്നെയാവും. ഒരു ആശയം സിനിമയിൽ ഒളിച്ചുകടത്തേണ്ടതില്ല."
സിനിമയിലെ സേവാഭാരതിയുടെ ആംബുലൻസ് വിവാദത്തെക്കുറിച്ച്...
അതവിടെ ഉപയോഗിച്ചതിൽ തെറ്റെന്താണ് എന്നാണ് എന്റെ ചോദ്യം. അവർ രാജ്യത്തെ പ്രധാനപ്പെട്ട ഒരു എൻ.ജി.ഒ. ഘടകമാണ്. സിനിമയിൽ എന്തുകൊണ്ട് ഉപയോഗിച്ചുവെന്നതിന് മറുപടിയുണ്ട്. സിനിമയ്ക്ക് 20 ദിവസത്തോളം ആവശ്യമുള്ള ആംബുലൻസ് അന്വേഷിക്കാൻ ഞങ്ങൾ പോയിരുന്നു. കോവിഡ് സാഹചര്യമായത് കാരണം, മറ്റ് ആംബുലൻസുകൾ രോഗബാധിതരെയും കൊണ്ട് പോകുന്ന തിരക്കിലായിരുന്നു. ആംബുലൻസ് ലഭ്യത ഒരു വിഷയമായി. വാടകയും ഭീമായിരുന്നു. ചായക്കടയിൽ ഷൂട്ട് ചെയ്യാൻ പോലും അനുമതി വേണ്ടിയിരുന്ന കോവിഡ് കാലത്താണ് ഞാൻ സിനിമയെടുത്തത്. രാവിലെ ഷൂട്ടിങ്ങിനു പോയ സ്ഥലത്ത് വൈകുന്നേരമാകുമ്പോൾ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടാവും.
ആ സമയത്ത്‌ എനിക്ക് വലിയ ബുദ്ധിമുട്ടില്ലാതെ സേവാഭാരതി ആംബുലൻസ് വിട്ടു തന്നു. സേവാഭാരതിയുടെ ആംബുലൻസിൽ തന്നെയാണ് ഷൂട്ട് ചെയ്തത്. പ്രൈവറ്റ് ആംബുലൻസ് എടുത്ത് അതിൽ സ്റ്റിക്കർ ഒട്ടിച്ചിട്ടില്ല. കേരള സമൂഹത്തിൽ നടക്കുന്ന കഥയാണ്. ഇവിടെ അവരുടെ സാന്നിധ്യമുണ്ട്. എനിക്കത് നിഷേധിക്കാനാവില്ല. പണ്ടും സിനിമയിൽ അവർ പരാമർശിക്കപ്പെട്ടിരുന്നു. പ്രകൃതിദുരന്ത സമയത്തും മറ്റും മുന്നണിയിൽ പ്രവർത്തിച്ചവരാണവർ.
ജയകൃഷ്ണൻ സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്ന സമയത്താണ് സേവാഭാരതിയുടെ വാഹനം അയാളുടെ സഹായത്തിന് വരുന്നത്. ഇത്രയും പറയുന്നതിൽ ഒളിപ്പിച്ചുവച്ച രാഷ്ട്രീയമില്ല. ഒരു ഹിന്ദു നായകൻ അമ്പലത്തിൽ പോകുന്നു എന്ന രീതിയിൽ ചർച്ചകൾ തന്നെയുണ്ടായത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാവുന്നില്ല.
സിനിമയെ സംബന്ധിച്ച് എന്ത് ചർച്ചയും പോസറ്റീവ് ആയാണ് ബാധിക്കുക. അതുകൊണ്ട് ഈ ചർച്ചകൾ കൊണ്ട് എന്റെ സിനിമയുടെ കളക്ഷൻ കൂടിയോ കുറഞ്ഞോ എന്ന് എനിക്കറിയില്ല. ഇതൊക്കെ കേട്ട് ഒരു വിഭാഗം എന്നെ സ്വീകരിക്കുന്നുണ്ടാവും, മറ്റൊരിടത്ത് നേരെ തിരിച്ചുമാവാം. നടനെന്ന നിലയിൽ രണ്ടു ഭാഗത്തും അതൊരു തോൽവിയാണ്. ഞാനോ വിഷ്ണു മോഹനോ അത്തരം മേഖലകളിൽ തത്പരരല്ല. ഞങ്ങൾക്ക് വ്യക്തമായ മറുപടിയുണ്ട്.
ഇത്തരം സംഭവങ്ങൾ കാരണം പടത്തിന് ചുളുവിൽ പബ്ലിസിറ്റി കിട്ടിയെന്നു പറയാനാവില്ല. ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന സിനിമയെന്ന നിലയിൽ റിലീസിനും മുൻപേ പണംമുടക്കി നല്ല രീതിയിൽ പബ്ലിസിറ്റി നൽകിയ സിനിമയാണിത്.
30 വയസ്സ് കഴിഞ്ഞ ഏതൊരു വ്യക്തിക്കും വ്യക്തമായ രാഷ്ട്രീയമുണ്ടാവും. പല കാരണങ്ങൾ കൊണ്ട് അവർ പറയുന്നുണ്ടാവില്ല. ഞാനും പറയുന്നില്ല. എന്തുകൊണ്ട് അങ്ങനെ കരുതിക്കൂടാ? എന്റെ മൗനം ഞാൻ പാലിച്ചിട്ടുണ്ട്. പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞിട്ടില്ല. 10 വർഷത്തെ എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ജയകൃഷ്ണൻ. അത്തരമൊരു വേളയിൽ ഇത്തരം ചർച്ചകൾ അനാരോഗ്യകരമായ ഒരിടം സൃഷ്‌ടിക്കുകയേയുള്ളൂ.
ഒരു സിനിമയിൽ ഇങ്ങനെ ചെയ്യാൻ പാടില്ല എന്ന് പറയാനാവില്ല. മറ്റൊരു ചിത്രത്തിൽ ഉപയോഗിച്ച ഭാഷ സംവിധായകന്റെ സ്വാതന്ത്ര്യമാണ് എന്ന് കോടതിവിധി വരുമ്പോൾ, ഇതൊക്കെ തീർത്തും നിസ്സാരമായ വിഷയമാണ്. ജയകൃഷ്ണൻ എന്ന സാധാരണക്കാരന്റെ കുടുംബത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ അയാളെന്ന വ്യക്തിയെ എങ്ങനെ മാറ്റി എന്ന് മാത്രമേ ഞങ്ങൾ പറയാൻ ഉദ്ദേശിക്കുന്നുള്ളൂ.
കഥാപാത്രങ്ങളെ നോക്കി ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്ന് പറയുന്നതിലും ഭേദം ആ കഥാപാത്രങ്ങൾക്കു പേര് നൽകാതിരിക്കുന്നതാണ്. ഒരു ശരാശരി മലയാളി കുടുംബം സിനിമയെ സിനിമയായി കണ്ടുവെന്നത് ഏറെ സന്തോഷം നൽകുന്നു.
ഗുജറാത്തിലെ കുട്ടിക്കാലത്ത് പ്രധാനമന്ത്രിക്കൊപ്പം പട്ടം പറത്തിയ വിഷയമാണോ വിവാദങ്ങളുടെ തുടക്കം?
അതുമാത്രമാവില്ല. സെലിബ്രിറ്റി നിലയിൽ നിൽക്കവേ ഞാൻ എന്നയാൾ അദ്ദേഹത്തിന് പിറന്നാൾ ആശംസിച്ചിട്ടുണ്ട്. ഞാൻ ചെയ്യാത്ത കാര്യം വേറൊരാൾ ചെയ്യേണ്ട എന്നൊന്നും പറയേണ്ട കാര്യമില്ല. ആ ആറ്റിട്യൂട്ട് എനിക്കിഷ്‌ടമല്ല. അത് അപകടകരമാണ്. എനിക്കിഷ്‌ടമില്ലാത്തത് വേറൊരാളോട് ചെയ്യാൻ പാടില്ലെന്ന് പറയുന്നതിലെ തെറ്റും ശരിയുമല്ല, അങ്ങനെ ചെയ്യുന്നതിലെ ഔചിത്യമില്ലായ്മയാണ് വിഷയം.
ഞാൻ ഇന്ത്യൻ പ്രധാനമന്ത്രിക്കാണ് പിറന്നാൾ ആശംസിച്ചത്. വെറുതെ വഴിയേ നടന്നു പോയ ഒരാൾക്ക് വേണ്ടിയല്ല. ആരോഗ്യകരമായ ചർച്ചകളിലാണ് നാടും നാട്ടുകാരും നന്നാവുക. പേടിപ്പെടുത്തലിലൂടെ ബഹുമാനം കണ്ടെത്താൻ എളുപ്പമാണ്. പക്ഷെ അത് വർക്ക്ഔട്ട് ആവില്ല.
ഞാൻ രാഷ്ട്രീയക്കാരനല്ല. പൊളിറ്റിക്‌സിൽ ഭാവി കണ്ടെത്താൻ പോകുന്നയാളല്ല. സിനിമയാണ് എന്റെ മേഖല. പക്ഷെ ഞാനെന്ന വ്യക്തിക്ക്‌ ഇഷ്‌ടങ്ങളുണ്ടാവും. ഇന്ത്യൻ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസിക്കുന്നതിൽ ഒരു പ്രശ്നവുമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അതിനു മുകളിൽ നിൽക്കുന്ന ഒരുത്തരവും എന്നെ സംബന്ധിച്ചടുത്തോളം പ്രാധാന്യമർഹിക്കുന്നില്ല.
അദ്ദേഹം ഒരു രാഷ്ട്രീയ നേതാവാണ്, രാജ്യത്ത് വേറെയും പാർട്ടികളുണ്ട്. തർക്കം അവർ തമ്മിലാവാം, ഇതിലൊന്നും പെടാത്ത എന്നെ എന്തിനാണ് ലക്ഷ്യമിടുന്നത്?
'മേപ്പടിയാൻ' സംവിധായകനൊപ്പമുള്ള അടുത്ത ചിത്രം പൊളിറ്റിക്കൽ ത്രില്ലർ
'പപ്പ' ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. ഞാൻ ആദ്യമായി ഒരു രാഷ്ട്രീയക്കാരനായി അഭിനയിക്കാൻ പോകുന്നു. പയസ് പരുത്തിക്കാടൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു സിനിമ കൂടി കഴിഞ്ഞാൽ ചിത്രീകരണം തുടങ്ങും.
ഇപ്പോൾ തെലുങ്കിൽ സമാന്തക്കൊപ്പം സിനിമ ചെയ്യുന്നു. 'ലൂക്ക' സംവിധായകൻ അരുൺ ബോസിന്റെ സിനിമയിൽ ഞാനും അപർണ്ണ ബാലമുരളിയുമുണ്ട്. 'ബ്രോ ഡാഡി', '12th നൈറ്റ്' റിലീസ് കാത്തിരിക്കുന്നു. രണ്ട് തെലുങ്ക് സിനിമകളും റിലീസ് പ്രതീക്ഷിക്കുന്നു. 'ഷെഫീക്കിന്റെ സന്തോഷം' മറ്റൊരു സിനിമയാണ്. 2022ൽ അങ്ങനെ കുറച്ചു പ്രോജക്ടുകളുണ്ട്. കോവിഡ് സമയത്ത്‌ 'ഏക് ദിൻ' എന്ന കുട്ടികളുടെ സിനിമ ചെയ്തു. അതിൽ പാട്ടു പാടി.
മോഹൻലാൽ എന്ന നടനും പൃഥ്വിരാജ് എന്ന സംവിധായകനുമൊപ്പം അഭിനയിക്കുമ്പോൾ...
രണ്ടുപേരും ഇൻഡസ്ട്രിയിലെ ടോപ് വ്യക്തിത്വങ്ങളാണ്. 'ബ്രോ ഡാഡി'യിൽ ലാൽ സാറിനൊപ്പം അഭിനയിക്കാൻ പറ്റി. 12th മാനിലാണ് കൂടുതലും അഭിനയിച്ചത്.
പൃഥ്വി നല്ലൊരു സുഹൃത്താണ്. പുള്ളിയുടെ പ്രൊഫൈൽ കാണുമ്പോൾ നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്ന കുറേ കാര്യങ്ങളുണ്ട്. വളരെ ഇൻസ്പയറിങ് ആണ്. 'ഭ്രമം' ചെയ്തപ്പോഴാണ് കൂടുതൽ അടുത്തത്. 'ബ്രോ ഡാഡിയിൽ ഗസ്റ്റ് റോൾ ഉണ്ട്, നീ വാ' എന്ന് രാജു വിളിച്ചിരുന്നു. സന്തോഷത്തോടെയാണ് ആ വേഷം ചെയ്തത്."
മലയാളം വാർത്തകൾ/ വാർത്ത/Film/
Unni Mukundan | രാഷ്ട്രീയം പറയാൻ ഒരു രൂപ ചിലവില്ലാതെ ഫേസ്ബുക്ക് പോസ്റ്റ് മതി; അഞ്ചു കോടിയുടെ സിനിമ എടുക്കേണ്ട: ഉണ്ണി മുകുന്ദൻ
Next Article
advertisement
കോഴിക്കോട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിൽ സംഘർഷം; തീയിട്ടു; കല്ലേറിൽ SPക്ക് പരിക്ക്
കോഴിക്കോട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിൽ സംഘർഷം; തീയിട്ടു; കല്ലേറിൽ SPക്ക് പരിക്ക്
  • പ്രതിഷേധക്കാർ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ടു; പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നു.

  • കോഴിമാലിന്യ പ്ലാന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധം നടത്തി.

  • പ്രതിഷേധക്കാർ കല്ലെറിഞ്ഞതിൽ കോഴിക്കോട് റൂറൽ എസ്പി അടക്കം നിരവധി പോലീസുകാർക്ക് പരിക്കേറ്റു.

View All
advertisement