• HOME
 • »
 • NEWS
 • »
 • film
 • »
 • 'ബ്രൂസ് ലീ' ഒരുങ്ങുന്നത് വമ്പൻ ക്യാൻവാസിൽ; ഉണ്ണി മുകുന്ദനൊപ്പം ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ താരങ്ങൾ

'ബ്രൂസ് ലീ' ഒരുങ്ങുന്നത് വമ്പൻ ക്യാൻവാസിൽ; ഉണ്ണി മുകുന്ദനൊപ്പം ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ താരങ്ങൾ

മലയാളത്തിൽ നിന്നും ഉണ്ണി മുകുന്ദൻ മാത്രമേ അഭിനയിക്കുന്നുള്ളൂ

 • Last Updated :
 • Share this:
  ഉണ്ണി മുകുന്ദൻ (Unni Mukundan) നായകനായി ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന 'ബ്രൂസ് ലീ' (Bruce Lee) ഒരുങ്ങുക വമ്പൻ ക്യാൻവാസിൽ. ചിത്രത്തിൻ്റെ പ്രഖ്യാപനമാണ് തിങ്ങിനിറഞ്ഞ പ്രേക്ഷക സാന്നിധ്യത്തിൽ നടന്നത്. മലയാള സിനിമയിലെ എക്കാലത്തേയും മെഗാഹിറ്റായ 'പുലി മുരുകൻ്റെ' അണിയറ ശിൽപികളായ വൈശാഖും -ഉദയ് കൃഷ്ണയുമാണ് ഈ ചിത്രത്തിൻ്റെ സംവിധായകനും തിരക്കഥാകൃത്തും.

  പാൻ ഇൻഡ്യൻ സിനിമയായി വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ഈ ചിത്രത്തിലൂടെ മലയാളത്തിലെ യുവനായകനും അക്ഷൻ രംഗങ്ങളിൽ അതീവ മികവു പുലർത്തുന്നതുമായ ഉണ്ണി മുകുന്ദനാണ് 'ബ്രൂസ് ലീ' എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മുൻ നിരയിലേക്കു കടന്നു വരുന്നത്. സൂപ്പർ താരപരിവേഷത്തിന് ഏറ്റവും അനുയോജ്യമായ
  ഒരു കഥാപാത്രമായിരിക്കും 'ബ്രൂസ് ലീ'. കോഴിക്കോട്ടു നടന്ന ചടങ്ങിൽ ഗോകുലം മൂവി സ് ഉടമ ഗോകുലം ഗോപാലനാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്.

  ആക്ഷൻ രംഗങ്ങളിൽ ലോകമെമ്പാടും ജനങ്ങൾ ഹീറോ ആയി കാണുന്ന ബ്രൂസ് ലീയുടെ ആക്ഷൻ രംഗങ്ങളോട് കിടപിടിക്കും വിധത്തിലുള്ള ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കുമിതെന്ന് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ പറഞ്ഞു. ഇൻഡ്യൻ സിനിമയിലെ വൻകിട ചിത്രങ്ങൾക്ക് സംഘട്ടനമാരുക്കി പ്രശസ്തി നേടിയ രാം ലഷ്മണന്മാരാണ് ഈ ചിത്രത്തിൻ്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത്. 'EVERY ACTION HAS CONSEQUENCES' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുക.

  ഉണ്ണി മുകുന്ദനെ നായകനാക്കി മല്ലു സിംഗ് ഒരുക്കി 12 വർഷങ്ങൾക്കു ശേഷമാണ് ഒന്നിച്ചൊരു ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വൈശാഖ് ഓർമ്മപ്പെടുത്തി. ഉണ്ണി മുകുന്ദനു പുറമേ ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളത്തിൽ നിന്നും ഉണ്ണി മുകുന്ദൻ മാത്രമേ അഭിനയിക്കുന്നുള്ളൂ.

  മുളകുപാടം ഫിലിംസുമായി സഹകരിച്ച് നിർമ്മിക്കുന്ന 'ഒറ്റക്കൊമ്പൻ' എന്ന ചിത്രത്തിൻ്റെ പ്രഖ്യാപനവും ഈ ചടങ്ങിൽ വച്ച് ഗോകുലം ഗോപാലൻ നടത്തി. ടോമിച്ചൻ മുളകുപാടം, ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ, പി.വി. ഗംഗാധരൻ, മുൻ മന്ത്രി സി.കെ. നാണു, ചലച്ചിത്ര താരങ്ങളായ ദുർഗാ കൃഷ്ണ, ചാന്ദ്നി ശ്രീധർ എന്നിവരും ഉണ്ണി മുകുന്ദൻ, വൈശാഖ്, ഉദയ്കൃഷ്ണ, ബൈജു ഗോപാലൻ, ഛായാഗ്രാഹകൻ ഷാജികുമാർ, കൃഷ്ണമൂർത്തി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

  ദേശത്തിനും ഭാഷക്കും അതിർവരമ്പുകളില്ലാതെ ഏതു ഭാഷക്കാർക്കും ദേശക്കാർക്കും ഒരു പോലെ ആസ്വദിക്കുവാൻ പോരും വിധത്തിലുള്ള ഒരു ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ വൈശാഖ് വെളിപ്പെടുത്തി. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, ഛായാഗ്രഹണം- ഷാജികുമാർ, കലാസംവിധാനം - ഷാജി നടുവിൽ, മേക്കപ്പ്- ജിതേഷ് പൊയ്യ, കോസ്റ്റിയൂം ഡിസൈൻ - സുജിത് സുധാകർ, കോ- പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ, വി.സി പ്രവീൺ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ കൺട്രോളർ- സിദ്ദു പനയ്ക്കൽ, പ്രൊമോഷൻ കൺസൽട്ടൻറ് - വിപിൻ കുമാർ വി., പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - പ്രേംലാൽ പട്ടാഴി.

  കേരളപ്പിറവിയായ നവംബർ മാസം ഒന്നാം തീയതി ചിത്രീകരണമാരംഭിക്കും. മുംബൈ, പൂന, ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്.
  Published by:user_57
  First published: