കോഴിക്കോട്: 'രണ്ടാമൂഴം' സിനിമയിൽ നിന്നും പിന്മാറാനുള്ള തീരുമാനത്തില്‍ ഉറച്ചുനിൽക്കുന്ന എം.ടി വാസുദേവന്‍ നായരെ അനുനയിപ്പിക്കാനുള്ള സംവിധായകൻ വി.എ ശ്രീകുമാർ മേനോന്റെ ശ്രമം പാളി. എം.ടി നിലപാടിൽ ഉറച്ച് നില്‍ക്കുന്നതായാണ് വിവരം. 20 മിനിറ്റ് ചർച്ച നടത്തിയെങ്കിലും എം.ടിയെ അനുനയിപ്പിക്കാനായില്ല.
എംടിയുടെ നോവലായ രണ്ടാമൂഴത്തിനെ ആസ്പദമാക്കി എഴുതി നൽകിയ മലയാളത്തിലും ഇംഗ്ലിഷിലുമുള്ള തിരക്കഥകൾ തിരികെ ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ്, ഇതു സിനിമയാക്കാൻ അവകാശം വാങ്ങിയിരുന്ന സംവിധായകൻ എംടിയെ കാണാൻ കോഴിക്കോട്ടെ വീട്ടിലെത്തിയത്. എംടിയുടെ വീട്ടിൽ ശ്രീകുമാർ മേനോൻ 20 മിനിറ്റ് ചെലവഴിച്ചെങ്കിലും എംടി ഒരു തരത്തിലും അയഞ്ഞില്ല. പ്രോജക്ടിന്റെ കാലതാമസത്തെക്കുറിച്ചു വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അതു കേൾക്കാൻ എംടി താൽപര്യം കാണിച്ചില്ലെന്നാണ് അറിയുന്നത്.
കരാർ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തിരക്കഥ തിരിച്ചു നൽകാൻ എംടി ആവശ്യപ്പെട്ടതായാണറിയുന്നത്. തിരക്കഥക്ക് പ്രതിഫലമായി നൽകിയ പണം തിരിച്ചുതരാമെന്നും എംടി സംവിധായകനെ അറിയിച്ചു. എംടി നൽകിയ തിരക്കഥ ഉപയോഗിക്കുന്നതിൽ നിന്നു സിനിമയുടെ നിർമാതാവിനെയും സംവിധായകനെയും കഴിഞ്ഞദിവസം കോഴിക്കോട് മുൻസിഫ് കോടതി വിലക്കിയിരുന്നു. നിർമാതാവിനും സംവിധായകനും നോട്ടിസ് അയച്ച കോടതി, കേസ് 25ലേക്കു മാറ്റിയിരിക്കയാണ്. മൂന്നു വർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്ന കരാറിലാണ് തിരക്കഥകൾ നൽകിയത്. എന്നാൽ, നാലുവർഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്ത സാഹചര്യത്തിലാണ് എംടി കോടതിയെ സമീപിച്ചത്.
നേരത്തേ, സംവിധായകന് അയച്ച വക്കീൽ നോട്ടിസ് അവഗണിച്ചതും എംടിയെ ചൊടിപ്പിച്ചിട്ടുണ്ട്. മോഹൻലാൽ നായക വേഷത്തിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഈ സിനിമ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു. പ്രവാസി വ്യവസായി ബി.ആർ.ഷെട്ടിയായിരുന്നു 1000 കോടി രൂപ മുടക്കി സിനിമ നിർമിക്കാൻ തീരുമാനിച്ചിരുന്നത്. അതേസമയം, വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'ഒടിയൻ' റിലീസിന് തയാറായി കഴിഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.