• HOME
 • »
 • NEWS
 • »
 • film
 • »
 • Makal Movie | 'മകളു'ടെ ആദ്യ ടീസർ , മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം ലളിതചേച്ചിക്ക് സമര്‍പ്പിക്കുന്നു ; കുറിപ്പുമായി സത്യന്‍ അന്തിക്കാട്

Makal Movie | 'മകളു'ടെ ആദ്യ ടീസർ , മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം ലളിതചേച്ചിക്ക് സമര്‍പ്പിക്കുന്നു ; കുറിപ്പുമായി സത്യന്‍ അന്തിക്കാട്

ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും ഓർമ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കുകയും ഞാന്‍ വരും, എനിക്ക് ഈ സിനിമയില്‍ അഭിനയിക്കണമെന്ന് തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം ഓര്‍മ്മിച്ചു

 • Share this:
  കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട് (Sathyan Anthikad). ജീവിതഗന്ധിയായ നിരവധി കഥാമൂഹുര്‍ത്തങ്ങളും അനേകം കഥാപാത്രങ്ങളുമാണ് ഒരോ സത്യന്‍ അന്തിക്കാട് സിനിമകളും പ്രേക്ഷകന് സമ്മാനിക്കുന്നത്. ഒരു കാലത്ത് അദ്ദേഹത്തിന്‍റെ സിനിമകളുടെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന നിരവധി നടി നടന്‍മാര്‍ മലയാളത്തില്‍ ഉണ്ടായിരുന്നു. മാമുക്കോയ, നെടുമുടി വേണു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍,ഇന്നസെന്‍റ് , സുകുമാരി, കെപിഎസി ലളിത എന്നിവര്‍ സത്യന്‍ അന്തിക്കാടന്‍ സിനിമകളില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങള്‍ തന്നെ ആയിരുന്നു.

  തന്‍റെ ഏറ്റവും പുതിയ ചിത്രമായ മകളുടെ  ടീസര്‍ (Makal Movie) അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് (KPAC Lalitha) സമര്‍പ്പിക്കുന്നതായി അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു . ലളിത ചേച്ചി ചിത്രത്തില്‍ വേഷമിടാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ രോഗംവന്ന് സുഖമില്ലാതിനാല്‍ സാധിച്ചില്ലെന്നും സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു. അതിനാല്‍ ടീസര്‍ കെപിഎസി ലളിതയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും ഓർമ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കുകയും ഞാന്‍ വരും, എനിക്ക് ഈ സിനിമയില്‍ അഭിനയിക്കണമെന്ന് തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം ഓര്‍മ്മിച്ചു.

  സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
  'മകൾ' ഒരുങ്ങിക്കഴിഞ്ഞു.

  ഏപ്രിൽ അവസാനത്തോടെ അവൾ നിങ്ങൾക്കു മുന്നിലെത്തും.

  ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്മിനെയും വീണ്ടും മലയാളികൾക്കു മുന്നിലെത്തിക്കാൻ കഴിഞ്ഞു എന്നതാണ്. ഒപ്പം ഇന്നസെന്റിന്റെയും, ശ്രീനിവാസന്റെയും സജീവ സാന്നിദ്ധ്യവും. പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോൾ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു.

  ലളിതച്ചേച്ചിക്ക് പങ്കു ചേരാൻ കഴിഞ്ഞില്ല എന്നതാണ് ബാക്കി നിൽക്കുന്ന സങ്കടം. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും ഓർമ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കും.

  "സത്യാ... ഞാൻ വരും. എനിക്കീ സിനിമയിൽ അഭിനയിക്കണം."

  ചേച്ചി വന്നില്ല. ചേച്ചിക്ക് വരാൻ സാധിച്ചില്ല.

  'മകളു'ടെ ഈ ആദ്യ ടീസർ ലളിതച്ചേച്ചിക്ക്, മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം കെ.പി.എ.സി. ലളിതക്ക് സമർപ്പിക്കുന്നു.
  കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകനായ സത്യന്‍ അന്തിക്കാടില്‍  നിന്നും മറ്റൊരു മികച്ച കുടുംബ ചിത്രം കൂടിയാകും മകളിലൂടെ ലഭിക്കുക എന്നാണ് 1.10 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്.  ജയറാം, മീര ജാസ്‍മിന്‍, ദേവിക സഞ്ജയ് എന്നിവര്‍ക്ക് പുറമെ ശ്രീനിവാസന്‍, സിദ്ദിഖ് ,നസ്‍ലെന്‍, ഇന്നസെന്‍റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  ആറ് വര്‍‌ഷത്തിന് ശേഷം മീരാ ജാസ്മിന്‍ വീണ്ടും അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് മകള്‍ക്ക്. സത്യന്‍ അന്തിക്കാടിനൊപ്പം 2008 ല്‍ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളത്. മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ജയറാം - സത്യന്‍‌ അന്തിക്കാട് ടീം നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി പ്രവര്‍ത്തിച്ചത്.

  സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ്. എസ് കുമാര്‍ ആണ് ഛായാ​ഗ്രഹണം. സം​ഗീതം വിഷ്ണു വിജയ്, പശ്ചാത്തല സം​ഗീതം രാഹുല്‍ രാജ്, ​ഗാനരചന ഹരിനാരായണന്‍, എഡിറ്റിം​ഗ് കെ രാജ​ഗോപാല്‍, കലാസംവിധാനം മനു ജ​ഗത്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം പാണ്ഡ്യന്‍, സിങ്ക് സൗണ്ടും സൗണ്ട് ഡിസൈനും അനില്‍ രാധാകൃഷ്ണന്‍, സഹസംവിധാനം അനൂപ് സത്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സ്റ്റില്‍സ് എം കെ മോഹനന്‍ (മോമി), അഡീഷണല്‍ സ്റ്റില്‍സ് റിഷാജ് മുഹമ്മദ്, പരസ്യകല ജയറാം രാമചന്ദ്രന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
  Published by:Arun krishna
  First published: