'അണലി'യെ റദ്ദാക്കണമെന്ന കൂടത്തായി ജോളിയുടെ ആവശ്യം അംഗീകരിക്കാതെ കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
വെബ് സീരീസിന്റെ റിലീസ് തടയണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിലും എതിർ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് വി ജി അരുൺ നിർദേശിച്ചു]
നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'അണലി' എന്ന വെബ് സീരിസിന്‍റെ സംപ്രേഷണത്തിന് വിലക്കില്ല. കൂടത്തായി കൂട്ടക്കൊലക്കേസ് ആസ്പദമാക്കി ഒരുക്കുന്ന വെബ് സീരിസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കാനിരിക്കെ കൂടത്തായി കേസിലെ പ്രതി ജോളി ജോസഫ് സീരിസിന്‍റെ സംപ്രേഷണം വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ റിലീസ് തടയാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര സർക്കാരിനേയും കേസില്‍ കക്ഷിയാക്കാന്‍ നിർദേശമുണ്ട്. ജസ്റ്റിസ് വി ജി അരുണ്‍ ആയിരുന്നു ഹർജി പരിഗണിച്ചത്.
വെബ് സീരീസിന്റെ റിലീസ് തടയണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിലും എതിർ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് വി ജി അരുൺ നിർദേശിച്ചു. അണലി വെബ് സീരിസിന്‍റെ കഥ കൂടത്തായി കൊലക്കേസുമായി സാദൃശ്യമുള്ളതാണെന്നും അതിനാല്‍ സംപ്രേഷണം തടയണം എന്നുമായിരുന്നു ജോളി ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നത്.
കൂടത്തായി കേസുമായി സാദൃശ്യമുള്ള ചില കാര്യങ്ങള്‍ വെബ് സീരിസിന്‍റെ ടീസറില്‍ ഉണ്ടെന്നല്ലാതെ അനുമാനങ്ങളുടേയും ഊഹങ്ങളുടേയും അടിസ്ഥാനത്തില്‍ സ്റ്റേ അനുവദിക്കാനാകില്ലെന്ന നിലപാട് കോടതി സ്വീകരിക്കുകയായിരുന്നു. ഹോട്ട്സ്റ്റാറിനും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനുമാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി 15 ന് കേസ് വീണ്ടും കോടതി പരിഗണിക്കും.
advertisement
പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖില വിമല്‍ ആണെങ്കിലും ലിയോണ ലിഷോയ് ആണ് ജോളിയോട് സാമ്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടത്തായി കൊലക്കേസ് പ്രമേയമാക്കി നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയ 'കറി ആൻഡ് സയനൈഡ്' എന്ന ഡോക്യുമെന്‍ററിക്ക് വലിയ സ്വീകാര്യതായിരുന്നു ലഭിച്ചിരുന്നത്.
എന്താണ് കൂടത്തായി കേസ്?
കേരളത്തെ നടുക്കിയ ഒരു കൊലപാതക പരമ്പരയാണ് കൂടത്തായി കേസ്. കോഴിക്കോട് ജില്ലയിലെ കൂടത്തായി എന്ന ഗ്രാമത്തിൽ ഒരു കുടുംബത്തിലെ ആറ് അംഗങ്ങൾ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവമാണിത്.
advertisement
പ്രധാന പ്രതി- കൊല്ലപ്പെട്ട പൊന്നാമറ്റം ടോം തോമസിന്റെ മകൻ റോയി തോമസിന്റെ ഭാര്യയായിരുന്ന ജോളി ജോസഫ് ആണ് ഈ കേസിലെ മുഖ്യപ്രതി. സ്വത്ത് കൈക്കലാക്കാനും തന്റെ വഴിയിലെ തടസ്സങ്ങൾ നീക്കാനും ജോളി സയനൈഡ് നൽകി ഇവരെ കൊലപ്പെടുത്തി എന്നാണ് പോലീസ് കണ്ടെത്തൽ.
കൊല്ലപ്പെട്ട ആറുപേർ
അന്നമ്മ തോമസ് (2002): ജോളിയുടെ അമ്മായിയമ്മ. ആട്ടിൻ സൂപ്പിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി.
ടോം തോമസ് (2008): ജോളിയുടെ അമ്മായിയപ്പൻ. മരച്ചീനിയിൽ വിഷം നൽകി കൊലപ്പെടുത്തി.
advertisement
റോയി തോമസ് (2011): ജോളിയുടെ ആദ്യ ഭർത്താവ്. ചോറിൽ സയനൈഡ് കലർത്തി നൽകി.
മാത്യു മഞ്ചാടിയിൽ (2014): അന്നമ്മയുടെ സഹോദരൻ. റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് കൊലപ്പെടുത്തി.
ആൽഫൈൻ (2014): ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിന്റെ ഒന്നര വയസ്സുള്ള മകൾ.
സിലി (2016): ഷാജുവിന്റെ ആദ്യ ഭാര്യ. ഷാജുവിനെ വിവാഹം കഴിക്കാൻ വേണ്ടിയാണ് സിലിയെ കൊലപ്പെടുത്തിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Dec 19, 2025 6:19 PM IST







