പലതരം പ്രൊമോഷനുകളിലൂടെയാണ് റിലീസിന് മുമ്പ് തന്നെ മോഹൻലാൽ ചിത്രമായ ഒടിയൻ ശ്രദ്ധേയമായത്. ഏറ്റവുമൊടുവിൽ, ഒടിയന്‍റെ പ്രചരണാർഥം ഇറക്കിയ ടീ ഷർട്ടുകൾക്ക് പ്രിയമേറുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഒടിയന്റെ രൂപം ആലേഖനം ചെയ്ത ടീഷർട്ടുകളാണ് തരംഗമാകുന്നത്. ടീ ഷർട്ടുകൾക്ക് പുറമെ ഒടിയന്റെ ചിത്രം പതിപ്പിച്ച മൊബൈൽ കവറുകളും ആസ്വാദകശ്രദ്ധപിടിച്ചുപറ്റുന്നുണ്ട്. ഒടിയൻ പോസ്റ്ററുകൾക്കും ആവശ്യക്കാരുണ്ട്. ടീ ഷർട്ട് ഉൾപ്പെടെയുള്ളവ ആവശ്യക്കാർക്ക് ഓൺലൈനായി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. www.cinemeals.in എന്ന വെബ്സൈറ്റ് വഴി ഇവ ലഭ്യമാകും.
മൊബൈൽ ആപ്പിൽ തുടങ്ങി പെൻസിൽ തുമ്പിലെ വിസ്മയമായും, തിയേറ്ററുകളിൽ ശില്പമായും നിറഞ്ഞു നിൽക്കുകയാണ് ഒടിയൻ. പിന്നീട് മൊബൈൽ ഫോൺ സിമ്മിലും ഒടിയൻ എത്തി. എയർടെൽ 4G മൊബൈൽ സിമ്മുകളിലാണ് ഒടിയൻ മാണിക്യന്റെ ചിത്രം അച്ചടിച്ച് വന്നത്. നാലായിരത്തോളം സ്‌ക്രീനുകളിൽ ലോകമെമ്പാടും റിലീസിനൊരുങ്ങുകയാണ് ഒടിയൻ. ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായെന്നു പറയേണ്ട കാര്യമില്ല.
മോഹൻലാൽ ഒടിയൻ മാണിക്യനെന്ന ജാലക്കാരനായെത്തുന്നതാണ് പ്രമേയം. ജീവിച്ചിരുന്നതിൽ ഏറ്റവും അവസാനത്തെ ഒടിയന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിലവേറിയ ചിത്രമാണ് ഒടിയൻ. സംവിധാനം വി.എ. ശ്രീകുമാർ മേനോനും, തിരക്കഥ ഹരികൃഷ്ണനുമാണ്. ഷാജി കുമാറിന്റേതാണ് ക്യാമറ. പീറ്റർ ഹെയ്‌ൻ ആണ് സംഘട്ടന രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. വി.എഫ്.എക്‌സിനു ചിത്രത്തിൽ വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്നു.
ഡിസംബർ 14 നാണ് ഒടിയൻ തിയേറ്ററുകളിലെത്തുക. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കവേ, സംവിധായകൻ ശ്രീകുമാർ മേനോന് എസ്കലേറ്ററിൽ നിന്നും വീണു പരിക്ക് പറ്റിയിരുന്നു. ശേഷം സ്റ്റുഡിയോയിൽ തീരെയികെയെത്തി വീണ്ടും തന്റെ ജോലികളിൽ വ്യാപൃതനാവുകയാണ് ശ്രീകുമാർ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.