നതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാർ വിളിച്ച ചർച്ചയിൽ AMMA പ്രതിനിധികൾ പങ്കെടുക്കുന്നതിനെ പരിഹസിച്ച് നടൻ ഷമ്മി തിലകൻ. പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യമെന്നാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പരിഹാസം.
ഇടവേള ബാബു, മണിയൻ പിള്ള രാജു, സിദ്ദിഖ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. സാംസ്കാരികമന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് ചർച്ച നടന്നത്.
Also Read-
AMMA ക്രിമിനലുകളെ സംരക്ഷിക്കുന്ന, സ്ത്രീ വിരുദ്ധ സംഘടന; അംഗത്വം ഒഴിവാക്കണമെന്ന് ഹരീഷ് പേരടി
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പൊന്നുരക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..?
സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 'അമ്മ' പ്രതിനിധികൾ..!
സ്ത്രീകളെ 'പൊടിപോലുമില്ല കണ്ടുപിടിക്കാൻ' എന്നൊക്കെ പറയുന്നവരോട്..!
ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും...?
പ്രവചിക്കാമോ..?
(പ്രവചനം എന്തുതന്നെയായാലും ജനറൽ സെക്രട്ടറിയുടെ #പത്രകുറിപ്പിനായി കാത്തിരിക്കുന്നു.)
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിർദേശങ്ങൾ പുറത്ത്. സിനിമ മേഖലയിൽ കരാർ നിർബന്ധമാക്കും, ജോലിസ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീകൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കണം തുടങ്ങിയ കാര്യങ്ങളാണ് കരട് നിർദേശങ്ങളിലുള്ളത്.
സെറ്റിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ പരിഗണനയും തുല്യ വേതനവും നൽകണം. സിനിമയിലെ എല്ലാ ജോലികൾക്കും കരാർ ഉണ്ടാക്കണം. സ്ത്രീകളോട് പ്രത്യക്ഷമായോ പരോക്ഷമായോ മോശമായ രീതിയിൽ പെരുമാറ്റം ഉണ്ടാകരുത്. സ്ത്രീകൾക്ക് സുരക്ഷിതമായ താമസസ്ഥലം. ക്രിമിനൽ സ്വഭാവമുള്ള വ്യക്തികളെ സെറ്റുകളിൽ സഹകരിപ്പിക്കരുത്. മദ്യവും മയക്കുമരുന്നും സെറ്റുകളിൽ പാടില്ല തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിർദേശങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.