ശ്രീലങ്കയിൽ നിന്നും കേരളത്തിലെത്തി കഥ പറഞ്ഞ് പുരസ്കാരവുമായി കടൽകടന്ന് പ്രസന്ന വിതാനഗെ
- Published by:meera_57
- news18-malayalam
Last Updated:
ഇന്ത്യൻ മണ്ണിൽ, ഇന്ത്യൻ സിനിമകളെ സ്നേഹിച്ച ആ ശ്രീലങ്കൻ ബാലനായി കാലം കാത്തുവച്ച അംഗീകാരം
എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ സത്യജിത്ത് റേയുടെ പഥേർ പാഞ്ചാലി കണ്ട് അത്ഭുതംകൂറിയ ശ്രീലങ്കൻ ആൺകുട്ടി. പിന്നീട് വളർന്നുവന്ന കാലത്ത് അവനെ ആകർഷിച്ച സിനിമാ ഘടകങ്ങളിൽ അടൂർ, ഋത്വിക് ഘട്ടക്ക്, ബിമൽ റോയ്, ഗുരു ദത്ത് എന്നിവരുടെ ചലച്ചിത്ര നിർമാണ മാജിക്. ഒടുവിൽ ഇന്ത്യൻ മണ്ണിൽ, ഇന്ത്യൻ സിനിമകളെ സ്നേഹിച്ച ആ ശ്രീലങ്കൻ ബാലനായി കാലം കാത്തുവച്ച അംഗീകാരം. റോഷൻ, ദർശന എന്നിവർ അഭിനയിച്ച 'പാരഡൈസ്' എന്ന സിനിമയുടെ കഥ പറഞ്ഞെത്തിയ പ്രസന്ന വിതാനഗെ (Prasanna Vithanage) മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കുമ്പോൾ, കടൽകടന്ന് വന്ന, ഇന്ത്യൻ സിനിമയെ സ്നേഹിക്കുന്ന ഒരു പ്രതിഭയ്ക്കാണ് ആ പുരസ്കാരം ചെന്നെത്തുക.
തിരുവനന്തപുരവും, കൊച്ചിയും കണ്ടും അറിഞ്ഞും മനസിലാക്കിയ അയാൾ, ശ്രീലങ്കയുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങളുടെ പിൻബലത്തിൽ കഥ പറഞ്ഞ ശീലത്തിൽ നിന്നും മാറി, ഇന്ത്യൻ ദമ്പതികളിലൂടെ ഒരു കഥ പറയാൻ അധികം കഷ്‌ടപ്പെടേണ്ടി വന്നില്ല.
"1993 മുതൽ ഞാൻ ഇന്ത്യയിൽ വരാറുണ്ട്. എന്റെ ജീവിതത്തിന്റെ പകുതിയോളം ഞാൻ ഇവിടെയാണ് ചെലവഴിച്ചത്. ഇന്ത്യയുടെ നിയോഗം എന്റേതുമായി എങ്ങനെയോ ഇഴചേർന്നിരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു. എനിക്ക് ഇവിടെ സുഹൃത്തുക്കളുണ്ട്. അവരുടെ അഭിലാഷങ്ങൾ എനിക്ക് മനസ്സിലാകും. 'പാരഡൈസിലെ'യിലെ പ്രമേയങ്ങൾ ഇന്ത്യയ്ക്ക് മാത്രമുള്ളതല്ല. അവ ശ്രീലങ്കയിലും ഉണ്ട്. മുംബൈ, കൊച്ചി, തിരുവനന്തപുരം, അല്ലെങ്കിൽ ചെന്നൈ പോലുള്ള നഗരങ്ങളിൽ പോലും ഞാൻ അത് കാണുന്നു, അവിടെ ഞാൻ സമയം ചെലവഴിച്ചിട്ടുണ്ട്. 'പാരഡൈസി'ൽ ഞാൻ ചിത്രീകരിച്ചത് ജീവിതാനുഭവങ്ങൾ, നിരീക്ഷണങ്ങൾ, ഇവിടുത്തെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും പങ്കിട്ട കഥകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്" മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പ്രസന്ന പറയികയുണ്ടായി. 2023ലെ ചിത്രം 'മുബി' പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
advertisement
"പാരഡൈസ് ഇന്ത്യയിൽ റിലീസ് ചെയ്തപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി. ഞാൻ ഇന്ത്യൻ സിനിമ കണ്ടാണ് വളർന്നത്. സിനിമകൾ മാത്രമല്ല, ഇന്ത്യൻ സാഹിത്യം, രാഷ്ട്രീയം, സംസ്കാരം എന്നിവയുമായി ഇടപഴകി. അതിനാൽ എന്റെ സിനിമ കേരളം, തമിഴ്നാട് എന്നിങ്ങനെ ഞാൻ പതിവായി സന്ദർശിച്ച സ്ഥലങ്ങളിൽ റിലീസ് ചെയ്യുന്നത് കാണാനും ഇന്ത്യയുടെ സിനിമാ സംസ്കാരത്തിന്റെ ഭാഗമാണെന്ന് തോന്നാനും കഴിഞ്ഞത് 'പാരഡൈസ്' യാത്രയുടെ ഏറ്റവും ഫലപ്രദമായ വശമായിരുന്നു," പ്രസന്ന പറഞ്ഞു.
'വിനോദസഞ്ചാരികളായി വന്ന മലയാളി ദമ്പതികളുടെ ദുരനുഭവങ്ങളിലൂടെ ശ്രീലങ്കയുടെ രാഷ്ട്രീയ പ്രതിസന്ധി അതിസൂക്ഷ്മമായി ആവിഷ്ക്കരിച്ച കഥന മികവിനാണ്' പ്രസന്നയ്ക്ക് പുരസ്കാരം എന്ന് ജൂറി വിലയിരുത്തൽ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 03, 2025 5:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ശ്രീലങ്കയിൽ നിന്നും കേരളത്തിലെത്തി കഥ പറഞ്ഞ് പുരസ്കാരവുമായി കടൽകടന്ന് പ്രസന്ന വിതാനഗെ


