രണ്ടു വർഷങ്ങൾക്ക് ശേഷം നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം കൊലപാതകമെന്ന വാദവുമായി ആശുപത്രി ജീവനക്കാരൻ. സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റ്‌മോർട്ടത്തിന് സാക്ഷിയായ കൂപ്പർ ഹോസ്പിറ്റൽ ജീവനക്കാരൻ, നടൻ ആത്മഹത്യ ചെയ്തതല്ല, നടന്നത് കൊലപാതകമാണെന്ന് അവകാശപ്പെട്ടു. അടുത്തിടെ പുറത്തുവന്ന ഒരു അഭിമുഖത്തിൽ, കൂപ്പർ ഹോസ്പിറ്റലിലെ (മുംബൈ) മോർച്ചറി ജീവനക്കാരൻ രൂപ്കുമാർ ഷാ ഇതേ അവകാശവാദം ഉന്നയിക്കുകയും, നടന്റെ ശരീരത്തിലും കഴുത്തിലും നിരവധി പാടുകൾ ഉണ്ടെന്നും കൂട്ടിച്ചേർത്തു.
“സുശാന്ത് സിംഗ് രജ്പുത് മരിക്കുമ്പോൾ, പോസ്റ്റ്‌മോർട്ടത്തിനായി കൂപ്പർ ആശുപത്രിയിൽ അഞ്ച് മൃതദേഹങ്ങൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു. ആ അഞ്ച് മൃതദേഹങ്ങളിൽ ഒന്ന് വി.ഐ.പി. മൃതദേഹമായിരുന്നു. പോസ്റ്റ്‌മോർട്ടം ചെയ്യാൻ പോയപ്പോൾ, അത് സുശാന്ത് ആണെന്നും, ശരീരത്തിൽ നിരവധി പാടുകളും, കഴുത്തിൽ രണ്ട് മൂന്ന് അടയാളങ്ങളും ഉണ്ടെന്നും ഞങ്ങൾ മനസ്സിലാക്കി. പോസ്റ്റ്‌മോർട്ടം രേഖപ്പെടുത്തേണ്ടതുണ്ടെങ്കിലും മൃതദേഹത്തിന്റെ ചിത്രങ്ങൾ മാത്രം ക്ലിക്ക് ചെയ്യാൻ ഉന്നത അധികാരികളോട് ആവശ്യപ്പെട്ടു. അതിനാൽ, അവരുടെ ഉത്തരവ് പ്രകാരമാണ് ഞങ്ങൾ അത് ചെയ്തത്,” ടൈംസ്‌നൗന്യൂസ്.കോം ഉദ്ധരിച്ച് ഷാ TV9-നോട് പറഞ്ഞു.
ഇത് മാത്രമല്ല, സുശാന്ത് സിംഗ് രജ്പുത് കൊല്ലപ്പെട്ടുവെന്ന് അധികൃതരെ അറിയിച്ചിട്ടും ‘നിയമങ്ങൾക്കനുസൃതമായി’ പ്രവർത്തിക്കാൻ തന്നോട് ആവശ്യപ്പെട്ടതായും പോസ്റ്റ്‌മോർട്ടം നടത്തിയ ആൾ ആരോപിച്ചു. “സുശാന്തിന്റെ മൃതദേഹം ആദ്യമായി കണ്ടപ്പോൾ, ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് തോന്നുന്നുവെന്ന് ഞാൻ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കണമെന്ന് ഞാൻ അവരോട് പറഞ്ഞു. എത്രയും വേഗം ചിത്രങ്ങൾ ക്ലിക്കുചെയ്‌ത് മൃതദേഹം പോലീസുകാർക്ക് നൽകാനാണു എനിക്ക് ലഭിച്ച നിർദേശം. അതിനാൽ, രാത്രിയിൽ മാത്രമാണ് ഞങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തിയത്, ”ഷാ കൂട്ടിച്ചേർത്തു.
2020 ജൂണിൽ സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം അത്യന്തം ഞെട്ടലുണ്ടാക്കുന്നതായിരുന്നു. അന്വേഷണ ശേഷം മരണം ‘ആത്മഹത്യ’ എന്ന് വിലയിരുത്തിയെങ്കിലും, നടന്റെ കുടുംബം ദുരൂഹത ആരോപിച്ചു.
‘ജസ്റ്റിസ് ഫോർ എസ്എസ്ആർ’ എന്ന ഹാഷ്ടാഗോടുകൂടിയ ട്വീറ്റുകൾ മാസങ്ങളോളം സോഷ്യൽ മീഡിയയിൽ നിറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എന്നിവയിലേക്ക് മാറ്റുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ മരണം മുംബൈ പോലീസ് അന്വേഷിച്ചിരുന്നു. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയും അറസ്റ്റിലായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.