മാസ്റ്ററിന് ശേഷം തമിഴ് സൂപ്പര്‍ താരം ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി ആദ്യവാരം ഉണ്ടാകുമെന്ന് സൂചന. ഇതിനോടകം ചിത്രീകരണം ആരംഭിച്ച ചിത്രത്തിനെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.
കമല്‍ഹാസന്റെ വിക്രം തീര്‍ത്ത ഗംഭീര വിജയത്തിന് പിന്നാലെ ലോകേഷ് ഒരുക്കുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ദളപതി 67 ഉറ്റുനോക്കുന്നത്. വിജയ്ക്കൊപ്പം മറ്റ് ആരൊക്കെ അഭിനയിക്കും , ചിത്രം വിക്രവും കൈതിയും ഉള്‍പ്പെടുന്ന ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ ഭാഗമാണോ എന്നതടക്കം നിരവധി ചോദ്യങ്ങളാണ് ആരാധകരില്‍ നിന്നുയരുന്നത്.
Feb 1st, 2nd and 3rd — #Thalapathy67 🥵🤯pic.twitter.com/cUxR3GPnY7
— LetsCinema (@letscinema) January 25, 2023
ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സെവന് സ്ക്രീന്‍ സ്റ്റുഡിയോസാകും ചിത്രം നിര്‍മ്മിക്കുക. സംവിധായകന് ഗൗതം മേനോന് സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തും. ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലറായി ഗ്യാങ്സ്റ്റര്‍ മൂവിയായി ആണ് ദളപതി 67 ഒരുങ്ങുന്നത് എന്നാണ് സൂചന.
ലോകേഷ് കനകരാജ് യൂണിവേഴ്സിന്റെ ഭാഗമായാണ് ചിത്രം ഒരുങ്ങുന്നങ്കില് വമ്പന്‍ താരനിര തന്നെ ദളപതി 67ല്‍ പ്രതീക്ഷിക്കാം. കമല്ഹാസന്, ഫഹദ് ഫാസില്‍ എന്നിവരും സിനിമയില്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ നടന് ചിയാന്‍ വിക്രം ദളപതി 67ന് വേണ്ടി 30 ദിവസത്തെ ഡേറ്റ് നല്‍കിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡ് താരം സഞ്ജയ് ദത്ത്, മിഷ്കിന്, അര്ജുന്, തൃഷ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
പൊങ്കല്‍ റിലീസായെത്തിയ വിജയ് ചിത്രം വാരിസ് സാമ്പത്തിക വിജയം നേടിയെങ്കിലും സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നടക്കം ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.