'നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്'; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി WCC
- Published by:Sarika N
- news18-malayalam
Last Updated:
എട്ടര വർഷം നീണ്ട വിചാരണക്കൊടുവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിൽ ഇന്ന് വിധി പറയും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടര വർഷം നീണ്ട വിചാരണക്കൊടുവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. രാവിലെ 11 മണിക്ക് കേസ് പരിഗണനയ്ക്ക് എടുക്കുമെന്നും 12 മണിക്കു മുൻപ് നടപടിക്രമങ്ങൾ പൂർത്തിയാക്കി വിധി പറയുമെന്നുമാണ് സൂചന. കഴിഞ്ഞയാഴ്ച കോടതി അവധിയെടുത്ത് വിധി പറയാനുള്ള അവസാനവട്ട തയ്യാറെടുപ്പുകൾ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് പൂർത്തിയാക്കിയിരുന്നു.
കേസിൽ വിധി വരാനിരിക്കെ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി വുമൺ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) രംഗത്തെത്തി. നിയമ സംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അതിജീവിത കാണിച്ച ധൈര്യത്തിനും പ്രതിരോധശേഷിക്കും സമാനതകളില്ലെന്ന് ഡബ്ല്യുസിസി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ് എന്ന് തുടങ്ങുന്ന കുറിപ്പിൽ, അതിജീവിതയുടെ പോരാട്ടം മലയാള സിനിമ വ്യവസായത്തെയും കേരളക്കരയെ ഒന്നാകെയും ബാധിച്ചെന്നും സാമൂഹിക മനഃസാക്ഷിയെ പൊളിച്ചെഴുത്ത് നടത്താൻ കാരണമായെന്നും പറയുന്നു.
advertisement
WCC പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ, 'ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്. അവൾ തുറന്നു വിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല, മലയാള സിനിമ വ്യവസായത്തെയും, കേരളക്കരയെ ഒന്നാകെയുമാണ്. അതിൻ്റെ പ്രത്യാഘാതം നമ്മുടെ സാമൂഹിക മന:സാക്ഷിയെ പൊളിച്ചെഴുത്ത് നടത്തുകയും മാറ്റത്തിനായുള്ള ശബ്ദം ഉയർത്തുകയും ചെയ്‌തു . ഈ കാലയളവിലുടനീളം നിയമ സംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവൾ കാണിച്ച ധൈര്യത്തിനും പ്രതിരോധ ശേഷിക്കും സമാനതകൾ ഇല്ല. അവളുടെ പോരാട്ടം എല്ലാ അതിജീവിതകൾക്കും വേണ്ടിയുള്ളതാണ്. ഞങ്ങൾ അവളോടൊപ്പവും, ഇത് നോക്കി കാണുന്ന മറ്റെല്ലാ അതിജീവിതർക്ക് ഒപ്പവും നിൽക്കുന്നു. #അവൾക്കൊപ്പം'.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 08, 2025 7:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്'; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി WCC


