പിറന്നാൾദിനത്തിൽ സ്കൂൾ ബസിൽ ഉറങ്ങിപ്പോയ നാലുവയസുകാരി കടുത്ത ചൂടിൽ മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
സ്കൂളിലേക്ക് പോയ കുട്ടി ബസിനുള്ളില്‍ ഉറങ്ങിപ്പോയതറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്കുചെയ്യുകയായിരുന്നു
ദോഹ: സ്കൂളിലേക്ക് പുറപ്പെട്ട നാലു വയസുകാരി സ്കൂള്‍ ബസിനുള്ളില്‍ മരിച്ച നിലയിൽ. ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിക്കാതെ ബസിന്‍റെ വാതിലുകൾ ലോക്ക് ചെയ്തതാണ് അപകടത്തിന് ഇടയാക്കിയത്. ചിങ്ങവനം കൊച്ചുപറമ്ബില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് മരിച്ചത്. ബസിനുള്ളിലെ കടുത്ത ചൂടാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്.
ഞായറാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. സ്കൂളിലേക്ക് പോയ കുട്ടി ബസിനുള്ളില്‍ ഉറങ്ങിപ്പോയതറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്കുചെയ്യുകയായിരുന്നു. മറ്റു കുട്ടികളെയെല്ലാം ഇറക്കിയെങ്കിലും സീറ്റിലേക്ക് ചാഞ്ഞിരുന്ന് ഉറങ്ങിപ്പോയ മിൻസയെ ബസ് ജീവനക്കാർ ശ്രദ്ധിച്ചില്ല.
ഉച്ചയോടെ കുട്ടികളെ തിരികെകൊണ്ടുപോകാനായി പാർക്കിങ് സ്ഥലത്ത് എത്തിയ ഡ്രൈവറാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദോഹ അല്‍ വക്റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ഗര്‍ട്ടന്‍ കെ.ജി വിദ്യാര്‍ഥിനിയാണ് മിന്‍സ. നാലാം പിറന്നാള്‍ ദിനത്തിലാണ് മിൻസയുടെ ദാരുണമായ അന്ത്യമുണ്ടായത്. ഖത്തറില്‍ ഡിസൈനിങ് മേഖലയില്‍ ജോലി ചെയ്യുകയാണ് ചിങ്ങവനം കൊച്ചുപറമ്ബില്‍ വീട്ടില്‍ അഭിലാഷ് ചാക്കോ. നിലവിൽ ഖത്തർ ലോകകപ്പിനുവേണ്ടിയുള്ള ജോലികളാണ് അഭിലാഷ് ചെയ്തിരുന്നത്.
advertisement
മാതാവ് സൗമ്യ ഏറ്റുമാനൂര്‍ കുറ്റിക്കല്‍ കുടുംബാംഗമാണ്. മിഖയാണ് സഹോദരി. ആശുപത്രിയിലെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Location :
First Published :
September 12, 2022 7:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
പിറന്നാൾദിനത്തിൽ സ്കൂൾ ബസിൽ ഉറങ്ങിപ്പോയ നാലുവയസുകാരി കടുത്ത ചൂടിൽ മരിച്ചു