PM Modi in Kuwait | പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റില്‍; 'ഹലാ മോദി' പരിപാടിയില്‍ 5000 പ്രതിനിധികള്‍
- Published by:meera_57
- news18-malayalam
Last Updated:
കുവൈറ്റിലെത്തുന്ന പ്രധാനമന്ത്രിയെ ബയാന്‍ പാലസില്‍ വെച്ച് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശനിയാഴ്ച കുവൈറ്റിലെത്തും. 43 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈറ്റ് സന്ദര്‍ശിക്കുന്നത്. സുപ്രധാന മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യയും കുവൈറ്റും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൂടാതെ 'ഹലാ മോദി' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. പരിപാടിയില്‍ 5000 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ക്ഷണപ്രകാരമാണ് മോദി കുവൈറ്റ് സന്ദര്‍ശിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുവൈറ്റിലെത്തുന്ന പ്രധാനമന്ത്രിയെ ബയാന്‍ പാലസില്‍ വെച്ച് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിക്കും. അതിന് ശേഷം കുവൈറ്റ് നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം സെക്രട്ടറി അരുണ്‍ ചാറ്റര്‍ജി പറഞ്ഞു.
വ്യാപാരം, നിക്ഷേപം, ഊര്‍ജം തുടങ്ങിയ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കൂടിക്കാഴ്ചയില്‍ അദ്ദേഹം വിലയിരുത്തുമെന്നും അരുണ്‍ ചാറ്റര്‍ജി പറഞ്ഞു. കുവൈറ്റ് കീരിടാവകാശി ഒരുക്കുന്ന വിരുന്നിലും അദ്ദേഹം പങ്കെടുക്കും.
advertisement
കുവൈറ്റ് സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്നും കൂടാതെ ഇന്ത്യയും ഗള്‍ഫി കോപ്പറേഷന്‍ കൗണ്‍സിലും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും ഈ സന്ദര്‍ശനം സഹായിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കൂടാതെ കുവൈറ്റിലെ ലേബര്‍ ക്യാംപുകളിലും മോദി സന്ദര്‍ശനം നടത്തുമെന്ന് ചാറ്റര്‍ജി പറഞ്ഞു. "വിദേശത്തുള്ള തൊഴിലാളികളുടെ ക്ഷേമത്തിന് ഇന്ത്യ പ്രാധാന്യം നല്‍കുന്നു. കുവൈറ്റില്‍ 10 ലക്ഷത്തോളം ഇന്ത്യന്‍ പൗരന്‍മാര്‍ ജോലി ചെയ്യുന്നുണ്ട്," ചാറ്റര്‍ജി പറഞ്ഞു.
കുവൈറ്റിലെ ഷെയ്ഖ് സാദ് അല്‍ അബ്ദുള്ള സ്റ്റേഡിയത്തിലാണ് 'ഹലാ മോദി' പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയെപ്പറ്റി സംഘാടകനായ ബിനോയ് സെബാസ്റ്റ്യന്‍ സിഎന്‍എന്‍-ന്യൂസ് 18നോട് വിശദമാക്കി.
advertisement
"ഞങ്ങള്‍ വളരെ ആവേശത്തിലാണ്. ഇന്ദിരാ ഗാന്ധിയ്ക്ക് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈറ്റിലെത്തുകയാണ്. സുപ്രധാനമായ സന്ദര്‍ശനമാണിത്. ഓഫീസുകളില്‍ നിന്ന് ലീവെടുത്താണ് ഈ പരിപാടി ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കാണാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. നിരവധി സാംസ്‌കാരിക പരിപാടികളും വേദിയില്‍ അവതരിപ്പിക്കും," ബിനോയ് സെബാസ്റ്റ്യന്‍ പറഞ്ഞു.
ഇന്ത്യ-കുവൈറ്റ് സൗഹൃദത്തിന് വര്‍ഷങ്ങള്‍ നീണ്ട പാരമ്പര്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ആഴത്തിലാക്കുമെന്നാണ് വിലയിരുത്തുന്നത്.
advertisement
ഇന്ത്യ-കുവൈറ്റ് ബന്ധം: ചരിത്രം
വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും കുവൈറ്റും. ആദ്യകാലത്ത് ഇന്ത്യയുമായി കുവൈറ്റ് സമുദ്രവ്യാപാരത്തിലേര്‍പ്പെട്ടിരുന്നു. കുവൈറ്റ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യാപാരമായിരുന്നു ഇത്. തുറമുഖങ്ങളെയും സമുദ്രവ്യാപാരത്തെയും ചുറ്റിപ്പറ്റിയാണ് കുവൈറ്റിന്റെ സമ്പദ് വ്യവസ്ഥ വളര്‍ന്നുവന്നത്. 1961 വരെ ഇന്ത്യന്‍ രൂപയുടെ വിനിമയത്തിന് നിയമപരമായ അംഗീകാരവും ലഭിച്ചിരുന്നു.
രാഷ്ട്രീയ ബന്ധങ്ങള്‍
1961 മുതലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയിലെ നിരവധി ഉന്നത നേതാക്കള്‍ കുവൈറ്റ് സന്ദര്‍ശിക്കുകയും ചെയ്തു. മുന്‍ ഉപരാഷ്ട്രപതിയായ ഡോ. സാക്കിര്‍ ഹുസൈന്‍ (1965), മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി(1981), മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി(2009) തുടങ്ങിയവര്‍ കുവൈറ്റ് സന്ദര്‍ശനം നടത്തി. കൂടാതെ കുവൈറ്റിലെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായിരുന്ന ഷെയ്ഖ് സബാഹ് അല്‍-സലേം അല്‍-സബാഹ് (1964), അമീര്‍ ഷെയ്ഖ് ജാബര്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹ് (1980, 1983), അമീര്‍ ഷെയ്ഖ് സബാഹ് അല്‍-അഹമ്മദ് അല്‍ -ജാബര്‍ അല്‍-സബാഹ് (2006), പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍-മുബാറക് അല്‍-ഹമദ് അല്‍-സബാഹ് (2013) തുടങ്ങിയ കുവൈറ്റിലെ ഉന്നത നേതൃത്വം ഇന്ത്യയും സന്ദര്‍ശിച്ചിരുന്നു. കുവൈറ്റ് അമീറായ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് 2017ല്‍ സ്വകാര്യസന്ദര്‍ശനത്തിനായും ഇന്ത്യയിലെത്തി.
advertisement
ഈയടുത്താണ് കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അല്‍ യാഹ്യ ഇന്ത്യ സന്ദര്‍ശിച്ചത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ സന്ദര്‍ശനം. സന്ദര്‍ശന വേളയില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കൂടാതെ 2024 സെപ്റ്റംബര്‍ 9ന് റിയാദില്‍ വെച്ച് നടന്ന ഇന്ത്യ-ജിസിസി സ്ട്രാറ്റജിക് ഡയലോഗ് കമ്മിറ്റിയുടെ സമ്മേളനത്തില്‍ വെച്ച് ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
advertisement
ഉഭയകക്ഷി ബന്ധം
ഡിസംബറില്‍ കുവൈറ്റ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായുള്ള ജോയിന്റ് കമ്മീഷന്‍ ഫോര്‍ കോപ്പറേഷന്‍(ജെസിസി) സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കൃഷി, സുരക്ഷ, സംസ്‌കാരം എന്നീ മേഖലകളില്‍ ഏഴ് പുതിയ ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പുകളും (ജെഡബ്ല്യുജി) സ്ഥാപിച്ചു.
കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ആറ് റൗണ്ട് ഫോറിന്‍ ഓഫീസ് കണ്‍സള്‍ട്ടേഷനും നടന്നു. 2024 ജൂലൈയിലാണ് ഈ മേഖലയിലെ ഏറ്റവും ഒടുവിലത്തെ കൂടിക്കാഴ്ച നടന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട 26 കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുകയും ചെയ്തു.
advertisement
സാമ്പത്തിക ബന്ധങ്ങള്‍
ഇന്ത്യയുടെ സുപ്രധാന വ്യാപാരപങ്കാളിയാണ് കുവൈറ്റ്. ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്ന് കൂടിയാണ് കുവൈറ്റ്. കൂടാതെ കുവൈറ്റിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി മൂല്യം 2 ബില്യണ്‍ ഡോളര്‍ കടന്നിട്ടുണ്ട്. അതേസമയം കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഇന്ത്യയിലെ നിക്ഷേപം 10 ബില്യണ്‍ ഡോളര്‍ കവിയുകയും ചെയ്തു.
സാംസ്‌കാരിക-വിദ്യാഭ്യാസ ബന്ധങ്ങള്‍
ഇന്ത്യന്‍ സംഗീതം, ചലച്ചിത്രങ്ങള്‍, ഭക്ഷണം എന്നിവയ്ക്ക് കുവൈറ്റില്‍ സ്വീകാര്യതയേറിവരികയാണ്. നിരവധി ഇന്ത്യന്‍ ഉത്സവങ്ങളും കുവൈറ്റില്‍ ആഘോഷിക്കപ്പെടുന്നു. 2024 ഏപ്രിലില്‍ കുവൈറ്റിലെ ദേശീയ റേഡിയോയില്‍ വാരാന്ത്യ ഹിന്ദി റേഡിയോ പ്രോഗ്രാമും സംപ്രേക്ഷണം ചെയ്തിരുന്നു.
കൂടാതെ കുവൈറ്റില്‍ സിബിഎസ്ഇയ്ക്ക് കീഴിലുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. 60000ലധികം വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളുകളില്‍ പഠിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. കൂടാതെ 2024 സെപ്റ്റംബറില്‍ ഗള്‍ഫ് യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഹിന്ദി ചെയര്‍ സ്ഥാപിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി.
ഇന്ത്യന്‍ സമൂഹം
കുവൈറ്റിലെ പ്രവാസികളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ പൗരന്‍മാരാണ്. പത്ത് ലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്‍മാരാണ് കുവൈറ്റിലുള്ളത്. കുവൈറ്റിലെ 200ലധികം ഇന്ത്യന്‍ അസോസിയേഷനുകള്‍ വിവിധ സാമൂഹിക-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ച് വരുന്നുണ്ട്. ഇതെല്ലാം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നു.
പ്രതിസന്ധിഘട്ടങ്ങളിലെ സഹകരണം
കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയും കുവൈറ്റും പരസ്പരം താങ്ങായി നിലകൊണ്ടു. കുവൈറ്റിലേക്ക് മെഡിക്കല്‍ വിദ്ഗധരടങ്ങിയ സംഘത്തെ അയയ്ക്കാന്‍ ഇന്ത്യ മുന്നോട്ടുവന്നു. കൂടാതെ അക്കാലത്ത് കുവൈറ്റ് 425 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്ടസിജന്‍ ഇന്ത്യയിലേക്ക് എത്തിച്ചു. കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയിലേക്ക് 12,500 ഓക്‌സിജന്‍ സിലിണ്ടറുകളും കുവൈറ്റ് എത്തിച്ചു.
ഊര്‍ജമേഖലയിലെ സഹകരണം
ഇന്ത്യയുടെ സുപ്രധാന ഊര്‍ജപങ്കാളിയാണ് കുവൈറ്റ്. ക്രൂഡ് ഓയിലും എല്‍പിജിയും ഇന്ത്യയിലേക്ക് വിതരണം ചെയ്യുന്ന രാജ്യങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന രാജ്യം കൂടിയാണ് കുവൈറ്റ്. ഹൈഡ്രോകാര്‍ബണുമായി ബന്ധപ്പെട്ട ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളുടെയും ഊര്‍ജപങ്കാളിത്തം സുസ്ഥിരമായി മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്നു.
Location :
Thiruvananthapuram,Kerala
First Published :
December 21, 2024 11:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
PM Modi in Kuwait | പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റില്‍; 'ഹലാ മോദി' പരിപാടിയില്‍ 5000 പ്രതിനിധികള്‍