ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 2026ലെ ഇന്ത്യയുടെ ക്വോട്ട 1.75 ലക്ഷം ആയി
- Published by:Sarika N
- news18-malayalam
Last Updated:
ജിദ്ദയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി തൗഫീഖ് ബിൻ ഫവ്‌സാൻ അൽ റബിയയുമാണ് കരാറിൽ ഒപ്പുവെച്ചത്
2026ലെ ഇന്ത്യയുടെ ഹജ്ജ് ക്വോട്ട 1,75025 ആയി നിശ്ചയിച്ചു. ഇതുസംബന്ധിച്ച് ഉഭയകക്ഷി ഹജ്ജ് കരാറിൽ ഇന്ത്യയും സൗദിയും ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി തൗഫീഖ് ബിൻ ഫവ്‌സാൻ അൽ റബിയയുമാണ് കരാറിൽ ഒപ്പുവെച്ചത്.
നവംബർ ഏഴ് മുതൽ 9 വരെ കിരൺ റിജിജു സൗദിയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. ഈ സമയത്താണ് ഉഭയകക്ഷി ഹജ്ജ് കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഹജ്ജ് തയ്യാറെടുപ്പുകൾ ഇരുവരും വിലയിരുത്തി. ഏകോപനവും ലോജിസ്റ്റിക്കൽ പിന്തുണയും വർധിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. ഇന്ത്യൻ തീർത്ഥാടകരുടെ തീർത്ഥാടന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുരാജ്യങ്ങളും ഉറപ്പിച്ചു പറഞ്ഞു. സുഗമമവും സുഖകരവുമായ തീർത്ഥാടന അനുഭവം ഉറപ്പാക്കുന്നതിന് സൗകര്യങ്ങൾ, ഗതാഗത സൗകര്യം, താമസ സൗകര്യം, ആരോഗ്യ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
advertisement
സൗദി സന്ദർശന വേളയിൽ റിയാദിലെ ഇന്ത്യൻ എംബസിയിലെയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലെയും ഉദ്യോഗസ്ഥരുമായി കിരൺ റിജിജു അവലോകയോഗം നടത്തുകയും അടുത്ത വർഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു.
ഇന്ത്യൻ തീർത്ഥാടകരുടെ ക്ഷേമവും സൗകര്യവും ഉറപ്പാക്കാൻ സൗദിയിലെ അധികാരികളുമായി ചേർന്ന് മിഷനും കോൺസുലേറ്റ് ടീമുകളും നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. തീർത്ഥാടകർക്കായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ നേരിട്ട് കാണുന്നതിനായി ജിദ്ദയിലെയും തെയ്ഫിലെയും ഹജ്ജും ഉംറയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങൾ മന്ത്രി കിരൺ റിജിജു സന്ദർശിച്ചു.
advertisement
ജിദ്ദയിലെയും തെയ്ഫിലെയും ഇന്ത്യൻ പ്രവാസികളിൽ ചിലരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ''ഇന്ത്യ-സൗദി അറേബ്യ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ-റബിയയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ഹജ്ജ് കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. അടുത്തവർഷത്തേക്ക് ഇന്ത്യൻ തീർത്ഥാടകർക്ക് 1,75025 ഹജ്ജ് ക്വാട്ടകൾ ഉറപ്പാക്കിയിട്ടുണ്ട്,'' എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ കിരൺ റിജിജു പറഞ്ഞു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിൽ ഒരു പ്രധാന നാഴികക്കല്ലാണ് ഈ സന്ദർശനമെന്ന് പ്രസ്താവനയിൽ പറയുന്നു. സാംസ്‌കാരിക വിനിമയം, സാമൂഹിക ക്ഷേമം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത ഈ സന്ദർശനത്തിൽ പ്രതിഫലിപ്പിക്കുന്നു.
advertisement
ഗൾഫ് അഡീഷണൽ സെക്രട്ടറി അസിം ആർ മഹാജൻ, ന്യൂനപക്ഷകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി (ഹജ്ജ്) റാം സിംഗ് എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും റിജിജുവിനൊപ്പമുണ്ടായിരുന്നു. സൗദി ഹജ്ജ്, ഉംറ മന്ത്രിയുടെ ക്ഷണപ്രകാരമാണ് സന്ദർശനം നടത്തിയത്.
Location :
New Delhi,New Delhi,Delhi
First Published :
November 12, 2025 7:10 AM IST


