ജിദ്ദയിലെ യുഎസ് കോൺസുലേറ്റിനു മുന്നിൽ വെടിവെയ്പ്; സുരക്ഷാ ഉദ്യോഗസ്ഥനും അക്രമിയും കൊല്ലപ്പെട്ടു
- Published by:Rajesh V
- trending desk
Last Updated:
വെടിവെയ്പിൽ ഒരു അക്രമി കൊല്ലപ്പെട്ടു. സംഭവത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശിയായ സുരക്ഷാ ഉദ്യോഗസ്ഥൻ പിന്നീട് മരിച്ചു
ജിദ്ദ: സൗദിയിലെ ജിദ്ദയിലുള്ള യുഎസ് കോൺസുലേറ്റിന് മുന്നിൽ ബുധനാഴ്ച നടന്ന വെടിവെയ്പിൽ സുരക്ഷാ ഉദ്യോഗസ്ഥനും അക്രമിയും കൊല്ലപ്പെട്ടു. കോൺസുലേറ്റിന് പുറത്ത് നടന്ന വെടിവയ്പ്പിൽ അമേരിക്കക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സൗദി അറേബ്യ അറിയിച്ചു.
”വൈകിട്ട് 6:45 ഓടുകൂടി കോൺസുലേറ്റ് കെട്ടിടത്തിന് മുന്നിൽ ഒരാൾ കാറിലെത്തി കൈയിൽ ആയുധവുമായി പുറത്തിറങ്ങി. സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ വെടിവെയ്പിൽ ഒരു അക്രമി കൊല്ലപ്പെട്ടു. സംഭവത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശിയായ സുരക്ഷാ ഉദ്യോഗസ്ഥൻ പിന്നീട് മരിച്ചു”, എന്ന് പോലീസ് വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
advertisement
”മരിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഞങ്ങൾ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു”, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു. സൗദി സൈന്യം അക്രമിയെ വധിച്ചതായും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അമേരിക്ക സൗദിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ജിദ്ദയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള പുണ്യനഗരമായ മക്കയിൽ ഹജ്ജ് തീർത്ഥാടനത്തിനായി 1.8 ദശലക്ഷം ഇസ്ലാം മത വിശ്വാസികളെ സൗദി അറേബ്യ സ്വാഗതം ചെയ്തതിനു പിന്നാലെയാണ് ആക്രമണം നടന്നത്.
advertisement
ജിദ്ദയിലെ യുഎസ് കോൺസുലേറ്റിനെ ലക്ഷ്യം വെച്ച് മുൻപും സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. 2016 ജൂലൈ 4 ന് അമേരിക്കൻ സ്വാതന്ത്ര്യ ദിനത്തിൽ, ഒരു ചാവേർ ബോംബർ കോൺസുലേറ്റിനു മുന്നിൽ വെച്ച് സ്വയം പൊട്ടിത്തെറിച്ചിരുന്നു. 2004 ഡിസംബറിൽ നടന്ന മറ്റൊരു ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു.
അടുത്തിടെ യുഎസ് നയതന്ത്ര പ്രവർത്തനങ്ങളുടെ കേന്ദ്രമായും ജിദ്ദ മാറിയിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്താൻ ജിദ്ദയിൽ എത്തിയിരുന്നു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 29, 2023 11:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ജിദ്ദയിലെ യുഎസ് കോൺസുലേറ്റിനു മുന്നിൽ വെടിവെയ്പ്; സുരക്ഷാ ഉദ്യോഗസ്ഥനും അക്രമിയും കൊല്ലപ്പെട്ടു