പരാതി ഇനി പെട്രോള്‍ പമ്പില്‍ നൽകിയാലും മതി; ദുബായ് പോലീസ് കേസെടുക്കും
- Published by:Vishnupriya S
- news18-malayalam
Last Updated:
ഓണ്‍ ദി ഗോ (On The Go) എന്നാണ് ഈ സംരംഭത്തിന് പേരിട്ടിരിക്കുന്നത്
നിയമലംഘനമോ റോഡ് അപകടങ്ങളോ കണ്‍മുന്നില്‍ കണ്ടാല്‍ എന്ത് ചെയ്യും? നേരെ പോലീസ് സ്റ്റേഷനിലേക്ക് പോകുമല്ലേ? എന്നാല്‍ ഇനി ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ പോകണമെന്നില്ല. അടുത്തുള്ള പെട്രോള്‍ പമ്പില്‍ പോയി പരാതി നല്‍കിയാല്‍ മതി. ഉടന്‍ തന്നെ പോലീസ് സഹായം നിങ്ങള്‍ക്ക് ലഭിക്കും. ഈ നൂതന സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ദുബായ്. പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ഇത്തരം സേവനങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ലഭിക്കും.
കുറ്റകൃത്യത്തിനിരയായവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനി (ഇനോക്), അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്), എമറാത്ത് എന്നീ പെട്രോള്‍ കമ്പനികളുമായി സഹകരിച്ചാണ് ഈ സേവനം ആരംഭിച്ചത്. ഓണ്‍ ദി ഗോ (On The Go ) എന്നാണ് ഈ സംരംഭത്തിന് പേരിട്ടിരിക്കുന്നത്. 'നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വ്യക്തികള്‍ക്ക് ഇതിലൂടെ സാധിക്കുന്നു. സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തമാകുകയും ചെയ്യും. ഒരുമിച്ച് എല്ലാവരുടെയും സുരക്ഷ നമുക്ക് ഉറപ്പാക്കാം,'' ദുബായ് പോലീസ് പറഞ്ഞു. ഫസ്റ്റ് ലെഫ്റ്റ്‌നന്റ് മജീദ് ബിന്‍ സെയ്ദ് അല്‍ കാബിയാണ് ഈ പദ്ധതിയുടെ തലവന്‍.
advertisement
'' പെട്രോൾ പമ്പുകളിൽ പോലീസ് സേവനം നല്‍കുന്ന ആദ്യത്തെ സംരംഭമാണിതെന്ന്'' അദ്ദേഹം പറഞ്ഞു. ''ദുബായ് എമിറേറ്റിലെ 138 പെട്രോള്‍ സ്റ്റേഷനുകളില്‍ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളെ സഹായിക്കാന്‍ പരിശീലനം ലഭിച്ച 11 സ്ഥാപനങ്ങളില്‍ നിന്നുള്ള 4,867 ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ജീവനക്കാര്‍ ഇനോക്, അഡ്‌നോക്, എമറാത്ത്, ദുബൈ ടാക്‌സി കോര്‍പറേഷന്‍, എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട്, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി, ഫസ്റ്റ് സെക്യൂരിറ്റി ഗ്രൂപ്പ്, വാര്‍ഡ് സെക്യൂരിറ്റി, അമന്‍ സെക്യൂരിറ്റി ട്രെയിനിങ്, ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പ്, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന്'' അല്‍ കാബി പറഞ്ഞു.
advertisement
കുറച്ചുനാള്‍ മുമ്പ് ക്രിമിനല്‍ കുറ്റങ്ങളും നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ ജനങ്ങളെ സഹായിക്കുന്ന മറ്റൊരു പദ്ധതി ദുബായ് പോലീസ് ആരംഭിച്ചിരുന്നു. 'പോലീസ് ഐ ആപ്പ്' എന്നാണ് അതറിയപ്പെട്ടത്. ഇതുവഴി ട്രാഫിക് നിയമലംഘനം, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് നിരവധി നിര്‍ണായക വിവരങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ പോലീസിന് ലഭിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് ഐ ആപ്പ് വഴിയോ അല്ലെങ്കില്‍ 901 എന്ന നമ്പറില്‍ വിളിച്ചോ അറിയിക്കണമെന്ന് ദുബായ് പോലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Location :
New Delhi,Delhi
First Published :
March 05, 2024 4:14 PM IST