സൗദി അറേബ്യയില്‍ മൂന്ന് ദിവസത്തിനിടെ വധശിക്ഷയ്ക്ക് വിധേയമാക്കിയത് 17 പേരെ; ഈ വര്‍ഷം ഇതുവരെ 239 പേരെ
- Published by:Sarika N
- news18-malayalam
Last Updated:
2022 മാർച്ചിന് ശേഷം ഏറ്റവും കൂടുതല്‍ പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയ സംഭവമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
വിവിധ കുറ്റകൃത്യങ്ങളിലായി കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 17 പേരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി റിപ്പോര്‍ട്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റത്തിന് സൗദി അറേബ്യയില്‍ രണ്ട് പേരെ തിങ്കളാഴ്ച വധശിക്ഷയ്ക്ക് വിധേയമാക്കി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 15 പേരെ-ഭൂരിഭാഗവും വിദേശികള്‍-ശനിയാഴ്ചയും ഞായറാഴ്ചയുമായി വധശിക്ഷയ്ക്ക് വിധേയമാക്കിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
13 പേരെ ഹാഷിഷ് കടത്തിയതിനും ഒരാളെ കൊക്കൈയ്ന്‍ കടത്തിയതിനുമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. 2022 മാർച്ചിന് ശേഷം ഏറ്റവും കൂടുതല്‍ പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയ സംഭവവും ഇതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മാര്‍ച്ചില്‍ ഭീകരവാദ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 81 പേരെ കൂട്ടവധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു. ആഗോളതലത്തില്‍ തന്നെ നിരവധി വിമര്‍ശനങ്ങളും ഇത് ഉയര്‍ത്തിയിരുന്നു.
2025ല്‍ ഇതുവരെ 239 പേരെയാണ് സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞവര്‍ഷത്തെ 338 എന്ന കണക്ക് മറികടക്കുമെന്ന സൂചന ഇത് നല്‍കുന്നു. 1990കളുടെ തുടക്കത്തിലാണ് സൗദിയില്‍ ഏറ്റവുമധികമാളുകളെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്.
advertisement
ഈ വര്‍ഷം 161 പേരെ ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിനാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഇതില്‍ 136 പേര്‍ വിദേശികളാണെന്ന് വാർത്താ ഏജൻസിയായ എഎഫ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2023ല്‍ സൗദി ഭരണകൂടം ആരംഭിച്ച ''മയക്കുമരുന്നിനെതിരായ യുദ്ധത്തിന്റെ'' ഭാഗമായാണ് വധശിക്ഷകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നതെന്ന് കരുതുന്നു. ഇതിന്റെ ഭാഗമായി ആദ്യം അറസ്റ്റിലായവരില്‍ പലരും നിയമനടപടികളിലൂടെ കടന്നുപോയതിന് ശേഷം ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുകയാണ്.
ഹാഷിഷ് പോലെയുള്ള മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷകളില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്ന് റിപ്രൈവ് റൈറ്റ്‌സ് ഗ്രൂപ്പിലെ അംഗമായ ജീദ് ബസ്യൂണി മുന്നറിയിപ്പ് നല്‍കി. ഈ വധശിക്ഷകളില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും വിദേശപൗരന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
''വധശിക്ഷ നല്‍കാന്‍ പാടില്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് പോലും വിദേശ പൗരന്മാരെ വധശിക്ഷയ്ക്ക് വിധിക്കുന്നതിന്റെ ഭയാനകമായ ഒരു പ്രവണതയാണ് നമ്മള്‍ കാണുന്നത്,'' മിഡില്‍ ഈസ്റ്റിന്‍രെയും വടക്കന്‍ ആഫ്രിക്കയുടെയും ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഡെപ്യൂട്ടി റീജിയണല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ക്രിസ്റ്റീന്‍ ബെക്കര്‍ലി പറഞ്ഞു.
2030 ആകുമ്പോഴേക്കും സൗദിയെ ഒരു പുരോഗമന രാജ്യമാക്കി ഉയര്‍ത്തിക്കാട്ടാനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ശ്രമങ്ങള്‍ക്ക് വിരുദ്ധമായി രാജ്യം വധശിക്ഷയെ ആശ്രയിക്കുന്നത് തുടരുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വാദിക്കുന്നു.
Location :
New Delhi,New Delhi,Delhi
First Published :
August 07, 2025 6:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദി അറേബ്യയില്‍ മൂന്ന് ദിവസത്തിനിടെ വധശിക്ഷയ്ക്ക് വിധേയമാക്കിയത് 17 പേരെ; ഈ വര്‍ഷം ഇതുവരെ 239 പേരെ